ദുബായില്‍ സൗജന്യ അറബിക് ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമിന് തുടക്കമായി

ദുബായില്‍ സൗജന്യ അറബിക് ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമിന് തുടക്കമായി

കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും

ദുബായ്: അറബ് ലോകത്തെ ഏറ്റവും വലിയ സൗജന്യ ഇ-ലേണിംഗ് സംവിധാനം ദുബായില്‍ ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മദ്രസ എന്ന പേരിലുള്ള ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തത്. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് മദ്രസയിലെ സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവിനു (എംബിആര്‍ജിഐ) കീഴില്‍ വരുന്ന പുതിയ പ്രോജക്റ്റാണ് മദ്രസ. സയന്‍സ്, മാത്‌സ് വിഷയങ്ങള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം വിദ്യാഭ്യാസ സംബന്ധമായ വീഡിയോകളും മദ്രസ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ പഠന സംബന്ധമായ വസ്തുതകള്‍ ലോകത്തെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം അറബ്് വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി അറബിക് ഓണ്‍ലൈനില്‍ നിന്നും ഇനി പഠിക്കാനാകും.

അറബ് ലോകത്തെ വൈജ്ഞാനിക തലത്തിലുള്ള അന്തരം ഇല്ലാതാക്കാന്‍ ഇ-ലേണിംഗ് സംവിധാനത്തിലൂടെ സാധിക്കുമെന്നും ക്ലാസ്മുറികളില്‍ തന്നെ മികച്ച ഭാവി വാര്‍ത്തെടുക്കാനുള്ള പരീക്ഷണത്തിന് ഇതോടെ തുടക്കമിടുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. മദ്രസയെ, വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ പദ്ധതി എന്നു വിശേഷിപ്പിച്ച അദ്ദേഹം അറബ് ലോകത്ത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ മെച്ചപ്പെടുത്തുന്നതില്‍ മികച്ച സംഭാവന നല്‍കാന്‍ ഇ- ലേണിംഗ് പദ്ധതിയിലൂടെ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു. സാങ്കേതിക രംഗത്തെ പുത്തന്‍ സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന പുതിയ സംവിധാനം പുതുതലമുറയ്ക്ക് ഏറെ ഗുണകരമാകും. വിദ്യാഭ്യാസമാണ് ഭാവി, അതുതന്നെയാണ് ജീവിതത്തിലെ മികച്ച ആയുധവും എന്ന സന്ദേശം അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും ചെയ്തു.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അടിത്തറയുണ്ടാകാന്‍ ലക്ഷ്യമിട്ടാണ് ഇ-ലേണിംഗ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. കുട്ടികളുടെ വൈജ്ഞാനിക തലം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള നിരവധി മല്‍സര പരിപാടികളും മദ്രസ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാവിയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിംഗ്, പ്രോഗ്രാമിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്‌പേസ് സയന്‍സ് തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Arabia