എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 പാലം നിര്‍മാണം അടുത്തമാസം പൂര്‍ത്തിയാകും

എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 പാലം നിര്‍മാണം അടുത്തമാസം പൂര്‍ത്തിയാകും

എക്‌സ്‌പോ വേദിയിലേക്ക് നിര്‍മിക്കുന്ന റൂട്ട് 2020 പാതയുടെ 53 ശതമാനവും പൂര്‍ത്തിയായതായി അധികൃതര്‍

ദുബായ്: ദുബായ് എക്‌സ്‌പോ 2020 യുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പിന്തുണയേകുന്ന റൂട്ട് 2020യിലെ പാലം നിര്‍മാണം അടുത്ത മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. ദുബായ് മെട്രോ റെഡ് ലൈന്‍ സ്റ്റേഷനിലെ നഖീല്‍ ആന്‍ഡ് ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നും എക്‌സ്‌പോ നടക്കുന്ന വേദിയിലേക്ക് 15 കിലോമീറ്ററോളം ദൂരത്തിലാണ് പുതിയ പാത നിര്‍മിച്ചു വരുന്നത്.

കഴിഞ്ഞ ദിവസം പുതിയ പാതയിലെ നിര്‍മാണ പുരോഗതികള്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുതന്നെയാണ് യുഎഇ വിഷന്‍ 2021, ദുബായ് 2021 എന്നീ പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് സര്‍ക്കാരിന്റെ ബജറ്റിലെ 21 ശതമാനവും അടിസ്ഥാന വികസന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് വകയിരുത്തിയിരിക്കുന്നതെന്നും പുതിയ പദ്ധതി ഇതിന്റെ ഭാഗമാണെന്നും റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്റ്റര്‍ ജനറലും ഡയറക്റ്റര്‍ ബോര്‍ഡ് എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ മാത്തര്‍ അല്‍ ടെയര്‍ പറഞ്ഞു. റൂട്ട് 2020 പദ്ധതിയില്‍ ഇന്റര്‍ചേഞ്ച് ലിങ്കിംഗ് സ്റ്റേഷന്‍ റൂട്ട്, ദുബായ് മെട്രോ റെഡ് ലൈനിലെ നഖീല്‍ ഹാര്‍ബര്‍, ടവര്‍ സ്‌റ്റേഷന്‍ എന്നിവയാണ് പുതിയ പദ്ധതിയിലെ പ്രധാന സവിശേഷതകള്‍. പുതിയതായി ഏഴ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം എലിവേറ്റഡും രണ്ടെണ്ണം ഭൂഗര്‍ഭ പാതയുമാണ്.

എക്‌സ്‌പോ വേദിയിലേക്ക് നിര്‍മിക്കുന്ന റൂട്ട് 2020 പാതയുടെ 53 ശതമാനവും പൂര്‍ത്തിയായതായി മാത്തര്‍ അല്‍ടെയര്‍ പറഞ്ഞു. വിമാനത്തിന്റെ ചിറകുകളുടെ മാതൃകയിലാണ് എക്‌സ്‌പോ സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു ദിവസം ഈ സ്‌റ്റേഷനിലൂടെ 5,22,000 യാത്രക്കാര്‍ക്ക് ഇരു ദിശയിലേക്കും യാത്ര ചെയ്യാനാകും, അതായത് മണിക്കൂറില്‍ 29,000 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റൂട്ട് 2020യിലേക്ക് പുതിയതായി രൂപകല്‍പ്പന ചെയ്ത മെട്രോ ട്രെയ്ന്‍ നവംബറോടെ ദുബായിലെത്തും. എക്‌സ്‌പോയ്ക്കു വേണ്ടി മാത്രം 50 ഓളം ട്രെയ്‌നുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബറോടുകൂടി ആദ്യ ട്രെയ്ന്‍ സര്‍വീസ് തുടങ്ങുമെന്നും മാത്തര്‍ അല്‍ടെയര്‍ പറഞ്ഞു.

1060 കോടി രൂപ ചെലവിട്ടാണ് പുതിയ പാതയുടെ നിര്‍മാണം. റൂട്ട് 2020 പൂര്‍ത്തിയാകുന്നതോടെ ദുബായ് മറീനയില്‍ നിന്നും എക്‌സ്‌പോ വേദിയിലെത്താന്‍ 15 മിനിട്ട് മാത്രം മതിയാകും.

Comments

comments

Categories: Arabia
Tags: Dubai expo