ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ഇടപാട് മൂല്യം 2,000 കോടി രൂപ വരെ; അടുത്ത മൂന്ന് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും

ന്യൂഡെല്‍ഹി: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ ഓഹരികള്‍ ഏറ്റെടുക്കാനുള്ള ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ആമസോണിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. ഏഴു മുതല്‍ എട്ടു ശതമാനം ഓഹരികള്‍ വാങ്ങാനാണ് ആമസോണിന്റെ നീക്കം. 2,000 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്ന ആമസോണിന് ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിലവില്‍ ഓഹരികളുണ്ട്.

ആമസോണും ഫ്യൂച്ചര്‍ റീട്ടെയ്‌ലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നുവെന്നും അടുത്ത മൂന്ന് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നുമാണ് വിവരം. വിഷയത്തില്‍ പ്രതികരിക്കാന്‍ ആമസോണും ഫ്യൂച്ചര്‍ റീട്ടെയ്‌ലും വിസമ്മതിച്ചു. നേരത്തെ 10 ശതമാനം ഓഹരികള്‍ വാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കിലും പരമാവധി എട്ടു ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കരാര്‍ നടപ്പിലാവുകയാണെങ്കില്‍ യുഎസ് ആസ്ഥാനമാക്കിയുള്ള ആമസോണ്‍ ഇന്ത്യന്‍ ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ റീട്ടെയ്ല്‍ ബിസിനസില്‍ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമായി ഇത് മാറും. മുന്‍ഗണനാടിസ്ഥാനത്തില്‍ ഓഹരികള്‍ നല്‍കിക്കൊണ്ട് ആമസോണില്‍ നിന്നും 179.26 കോടി രൂപ സമാഹരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ ഭീമനായ ഷോപ്പേഴ്‌സ് സ്റ്റോപ്പ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആമസോണും സമാറ ക്യാപിറ്റലും ചേര്‍ന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോര്‍ റീട്ടെയിലിനെ ഏറ്റെടുത്തിരുന്നു.

ഇപ്പോഴും ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ആമസോണിന് ഈ ഓഹരി ഏറ്റെടുപ്പ് വഴി സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍, ആമസോണും വാള്‍മാര്‍ട്ടിന്റെ പിന്തുണയോടെ മുന്നേറ്റം തുടരുന്ന ഫഌപ്കാര്‍ട്ടും തമ്മിലുള്ള മല്‍സരം വീണ്ടും തീവ്രമാക്കാന്‍ ഇടപാട് വഴിവെക്കുമെന്നും ഇവര്‍ വ്യക്തമാക്കി. രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിപുലമാക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളറാണ് ഫഌപ്കാര്‍ട്ടും ആമസോണും നിക്ഷേപിക്കുന്നത്.

Comments

comments

Categories: Business & Economy