എണ്ണ-വാതക കമ്പനി ടോട്ടലുമായി കൈകോര്‍ത്ത് അദാനി ഗ്രൂപ്പ്

എണ്ണ-വാതക കമ്പനി ടോട്ടലുമായി കൈകോര്‍ത്ത് അദാനി ഗ്രൂപ്പ്

ഇന്ത്യയുടെ ശുദ്ധോര്‍ജ ദൗത്യത്തെ മുന്നോട്ടു നയിക്കാനാകുമെന്ന് ഗൗതം അദാനി

അഹമ്മദാബാദ്: ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ടോട്ടലുമായുള്ള പങ്കാളിത്തത്തിന് അദാനി ഗ്രൂപ്പ് ധാരണയായി. ഇന്ത്യന്‍ വിപണിയില്‍ പരസ്പര സഹകരണത്തിലൂടെ ഇന്ധന റീട്ടെയ്ല്‍, എല്‍എന്‍ജി ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

കരാറിന്റെ ഭാഗമായി അദാനിയും ടോട്ടലും ചേര്‍ന്ന് ഒരു സംയുക്ത സംരംഭം രൂപീകരിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 1,500 സര്‍വീസ് സ്റ്റേഷനുകളുള്ള റീട്ടെയ്ല്‍ ശൃംഖല വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മേഖലകളിലും ദേശീയ പാതകളിലുമായിരിക്കും ഈ റീട്ടെയ്ല്‍ സ്റ്റേഷനുകള്‍ വികസിപ്പിക്കുക. ഇന്ത്യയുടെ കീഴക്കന്‍ തീരമേഖലകളില്‍ റീഗ്യാസിഫിക്കേഷന്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കാനും ടോട്ടല്‍ പദ്ധതിയിടുന്നുണ്ട്.

ഇരു കമ്പനികളും തമ്മിലുള്ള ആഗോള പങ്കാളിത്തം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. കൂട്ടായി സാന്നിധ്യം വിപുലീകരിക്കുന്നതിലൂടെ ദശലക്ഷകണക്കിന് ആളുകളിലേക്ക് എത്തിച്ചേരാനുള്ള അവസരമാണ് തങ്ങള്‍ തേടുന്നതെന്നും ഊര്‍ജ മേഖലയില്‍ ആധിപത്യമുറപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശുദ്ധോര്‍ജ ദൗത്യത്തില്‍ പങ്കാളിയാകുന്നതിനും ഈ സഹകരണത്തിലൂടെ അദാനി ഗ്രൂപ്പിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത ദശാബ്ദത്തിനുള്ളില്‍ ഊര്‍ജ ഉപഭോഗത്തില്‍ ഇന്ത്യ അതിവേഗ വളര്‍ച്ച പ്രകടമാക്കുമെന്ന് ടോട്ടല്‍ ചെയര്‍മാന്‍ പാട്രിക് പൗയന്നേ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ ശുദ്ധോര്‍ജം ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ടോട്ടലും അദാനി ഗ്രൂപ്പും തമ്മിലുള്ള സഹകരണം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy, Slider