ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ആധാര്‍ ഇക്കോസിസ്റ്റത്തില്‍ നിന്നും എങ്ങനെയാണ് പിന്‍മാറുമെന്നതെന്ന് കമ്പനികള്‍ വ്യക്തമാക്കണം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ ആധാര്‍ അടിസ്ഥാനമാക്കി ചെയ്യുന്ന എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ചില ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ക്ക് യുഐഡിഎഐ കത്ത് അയച്ചു. സ്വകാര്യ കമ്പനികള്‍ ബയോമെട്രിക് അധിഷ്ഠിത ആധികാരിക സേവനങ്ങള്‍ നടത്തുന്നത് തടയുക എന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യുഐഡിഎഐ നല്‍കുന്ന ആദ്യ സുപ്രധാന നിര്‍ദേശമാണിത്.
ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആധാര്‍ ഇക്കോസിസ്റ്റത്തില്‍ നിന്നും എങ്ങനെയാണ് പിന്‍മാറുമെന്നതെന്ന് വ്യക്തമാക്കി പദ്ധതി സമര്‍പ്പിക്കണമെന്നും കേന്ദ്ര അതോറിറ്റി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ആധാര്‍ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണവും പ്രവര്‍ത്തനങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് ചെയ്യാന്‍ കഴിയുകയില്ലെന്നും ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇതിനകം നിര്‍ത്തിവെക്കണമെന്നും ഒക്‌റ്റോബര്‍ 12 ന് അയച്ച കത്തില്‍ യുഐഡിഎഐ വ്യക്തമാക്കുന്നു.
പേപോയ്ന്റ്, ഇക്കോ ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഒക്‌സിജന്‍ സര്‍വീസസ് തുടങ്ങിയ ഒരുകൂട്ടം സ്വകാര്യ പേമെന്റ് കമ്പനികള്‍ക്ക് യുഐഡിഎഐയില്‍ നിന്നും നോട്ടീസ് ലഭിച്ചു. പ്രീ-പെയ്ഡ് സേവനങ്ങള്‍ നല്‍കുന്ന ലൈസന്‍സുള്ള ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കാണ് യുഐഡിഎഐ കത്തുകള്‍ അയച്ചിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബാങ്കുകള്‍, പേടിഎം പോലുള്ള ബാങ്കിംഗ് ലൈസന്‍സുകള്‍ ലഭിച്ച കമ്പനികള്‍ എന്നിവയ്‌ക്കൊന്നും ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ല.
യുഐഡിഎഐയുടെ ഈ നിലപാട് കമ്പനികളുടെ മുഖ്യ ബിസിനസ് സേവനങ്ങളെയും ഡിജിറ്റല്‍ ഇടപാടുകളെയും മോശമായി ബാധിക്കുമെന്ന് ഫിന്‍ടെക് മേഖലയിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയൊരു സംവിധാനം വരുന്നതുവരെ ഓഫ്‌ലൈന്‍ വേരിഫിക്കേഷന്‍ പ്രോസസ് യുഐഡിഎഐ വികസിപ്പിച്ചേക്കാമെന്നും, അതുവഴി കമ്പനികള്‍ക്ക് തങ്ങളുടെ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാമെന്നും പ്രതീക്ഷിക്കുന്നതായി പിഡബ്ല്യുസി ഇന്ത്യ ഫിന്‍ടെക് ലീഡര്‍ വിവേക് ബെല്‍ഗാവി പറയുന്നു.
സേവനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനു പുറമെ, കമ്പനികളുടെ ഡാറ്റാബേസില്‍ നിന്നും ആധാറിനെ ഡീലിങ്ക് ചെയ്യണമെന്നും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിറ്റല്‍ കെവൈസിക്ക് വേണ്ടി കമ്പനികള്‍ മറ്റ് സമാന്തരമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനായി അതോറിറ്റിയില്‍ നിന്നും ഉപദേശം സ്വീകരിക്കുമെന്നും ഓക്‌സിജന്‍ സര്‍വീസസ് എംഡി സുനില്‍ കുല്‍ക്കര്‍ണി പറഞ്ഞു. സ്വകാര്യ പേമെന്റ് കമ്പനികള്‍ സേവനങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് സെപ്റ്റംബര്‍ 26നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

Comments

comments

Categories: FK News