2018 പോര്‍ഷെ കയെന്‍ ഇന്ത്യയില്‍

2018 പോര്‍ഷെ കയെന്‍ ഇന്ത്യയില്‍

മഡ്, ഗ്രാവല്‍, സാന്‍ഡ്, റോക്ക് എന്നീ നാല് മോഡുകള്‍ മൂന്നാം തലമുറ കയെനില്‍ ലഭിക്കും

ന്യൂഡെല്‍ഹി : 2018 മോഡല്‍ പോര്‍ഷെ കയെന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.19 കോടി രൂപയും ഇ-ഹൈബ്രിഡ് വേരിയന്റിന് 1.58 കോടി രൂപയും ടര്‍ബോ വേരിയന്റിന് 1.92 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മഡ്, ഗ്രാവല്‍, സാന്‍ഡ്, റോക്ക് എന്നീ നാല് മോഡുകള്‍ മൂന്നാം തലമുറ പോര്‍ഷെ കയെനില്‍ ലഭിക്കും. ബുക്കിംഗ് സ്വീകരിച്ച ആദ്യ ബാച്ച് കാറുകള്‍ ഇതിനകം വിറ്റുപോയി. ഇന്ത്യയില്‍ കയെന്‍ എസ്‌യുവിയുടെ ജനപ്രീതി തെളിയിക്കുന്നതാണിത്. ഉടന്‍ വിതരണം ആരംഭിക്കും. ഇന്ത്യയില്‍ പോര്‍ഷെയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് കയെന്‍. റേഞ്ച് റോവര്‍ സ്‌പോര്‍ട്, ബിഎംഡബ്ല്യു എക്‌സ്5 എം എന്നിവയുമായാണ് ഇന്ത്യയിലെ മല്‍സരം.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഎല്‍ബി-ഇവോ പ്ലാറ്റ്‌ഫോമിലാണ് പുതിയ കയെന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ മറ്റ് എസ്‌യുവികളായ ബെന്റ്‌ലി ബെന്റയ്ഗ, ലംബോര്‍ഗിനി ഉറുസ് എന്നീ മഹാരഥന്‍മാര്‍ അടിസ്ഥാനമാക്കിയിരിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോം തന്നെ. മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ നീളത്തിലും വീതിയോടെയുമാണ് പുതിയ കയെന്‍ വരുന്നത്. അതേസമയം ഭാരം 65 കിലോഗ്രാം കുറഞ്ഞിരിക്കുന്നു. നിര്‍മ്മാണത്തില്‍ വ്യാപകമായി അലുമിനിയം ഉപയോഗിച്ചതാണ് കാരണം. വിപണിയില്‍നിന്ന് പുറത്തുപോകുന്ന കയെന്‍ എസ്‌യുവിയുടെ അതേ വീല്‍ബേസ് തന്നെയാണ് ഇപ്പോഴും.

പോര്‍ഷെ പനമേരയില്‍നിന്ന് നിരവധി ഡിസൈന്‍ സൂചകങ്ങള്‍ പുതിയ കയെന്‍ കടമെടുത്തിരിക്കുന്നു. പനമേരയിലേതുപോലെ പിന്നില്‍ ഇരു ടെയ്ല്‍ ലാംപുകളെയും ബന്ധിപ്പിച്ച് ലൈറ്റ് ബാര്‍ കാണാം. മുന്‍വശത്ത്, ഗ്രില്‍ ഡിസൈനില്‍ മാറ്റം വരുത്തി. ഹെഡ്‌ലാംപുകളില്‍ പോര്‍ഷെയുടെ തനത് 4 പോയന്റ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. പോര്‍ഷെ ഡൈനാമിക് ലൈറ്റ് സിസ്റ്റം (പിഡിഎല്‍എസ്) ഇപ്പോള്‍ ഹെഡ്‌ലാംപുകളുടെ സവിശേഷതയാണ്.

പുതിയ കയെന്‍ എസ്‌യുവിയുടെ ഇന്റീരിയറിലും പനമേരയുടെ സ്വാധീനം കാണാന്‍ കഴിയും. ഒത്ത നടുവില്‍ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ 7 ഇഞ്ച് വലുപ്പമുള്ള രണ്ട് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേകള്‍ കാണാം. ലെയ്ന്‍ ചേഞ്ചിംഗ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍ സഹിതം ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ട്രാഫിക് ജാം അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവാണ് സുരക്ഷാ ഫീച്ചറുകള്‍.

വി6, വി8 ഉള്‍പ്പെടെയുള്ള എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതു തലമുറ പോര്‍ഷെ കയെന്‍ ലഭിക്കുന്നത്. 3.0 ലിറ്റര്‍, സിംഗിള്‍-ടര്‍ബോ, വി6 മോട്ടോര്‍ സ്റ്റാന്‍ഡേഡ് കയെന്‍ വേരിയന്റിന് കരുത്തേകുന്നു. ഈ എന്‍ജിന്‍ 335 എച്ച്പി കരുത്തും 450 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 3.0 ലിറ്റര്‍ വി6 എന്‍ജിനും 14.1 കിലോവാട്ട്അവര്‍ ബാറ്ററി കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് കയെന്‍ ഇ-ഹൈബ്രിഡ് വേരിയന്റ് ഉപയോഗിക്കുന്നത്. ആകെ 462 എച്ച്പി കരുത്തും 700 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ കയെന്‍ ഇ-ഹൈബ്രിഡിന് 5 സെക്കന്‍ഡ് മതിയെന്ന് അവകാശപ്പെടുന്നു. മണിക്കൂറില്‍ 253 കിലോമീറ്ററാണ് ടോപ് സ്പീഡ്. 44 കിലോമീറ്റര്‍ വരെ ഓള്‍-ഇലക്ട്രിക് റേഞ്ച് ലഭിക്കും.

ടോപ് സ്‌പെക് കയെന്‍ ടര്‍ബോയിലെ 4.0 ലിറ്റര്‍, ബൈ-ടര്‍ബോ, വി8 പെട്രോള്‍ മോട്ടോര്‍ 550 എച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 286 കിലോമീറ്ററാണ് ടോപ് സ്പീഡ്. 2.9 ലിറ്റര്‍, ട്വിന്‍-ടര്‍ബോ വി6 എന്‍ജിനാണ് കയെന്‍ എസ് വേരിയന്റ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 433 ബിഎച്ച്പി കരുത്തും 550 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പുതിയ കയെനില്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നില്ല. ഡീസല്‍ എന്‍ജിനുകള്‍ ഒഴിവാക്കാന്‍ പോര്‍ഷെ തീരുമാനിച്ചിരുന്നു. പുതുതായി വികസിപ്പിച്ച 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ട്രാന്‍സ്മിഷനാണ് എല്ലാ കയെന്‍ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Auto
Tags: Porsche