ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പിന്തള്ളപ്പെടാമെന്ന് ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പിന്തള്ളപ്പെടാമെന്ന് ഫോക്‌സ്‌വാഗണ്‍

ആഗോള കാര്‍ കമ്പനികള്‍ക്കിടയില്‍ മുന്‍നിരയില്‍ തുടരാന്‍ അമ്പത് ശതമാനം മാത്രം സാധ്യതയെന്ന് ഫോക്‌സ്‌വാഗണ്‍ സിഇഒ

വോള്‍ഫ്‌സ്ബര്‍ഗ് : വാഹന വ്യവസായത്തിലെ മുന്‍നിര കമ്പനികളായി തുടരാന്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അമ്പത് ശതമാനം മാത്രം സാധ്യതയെന്ന് ഫോക്‌സ്‌വാഗണ്‍. ഈ രംഗത്തെ പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിന് അതാത് കമ്പനികള്‍ പരിവര്‍ത്തനപ്പെടണമെന്നും സപ്ലൈ ശൃംഖലകളില്‍ ഉചിതമായ മാറ്റം വരുത്തണമെന്നും ഫോക്‌സ്‌വാഗണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹെര്‍ബര്‍ട്ട് ഡീസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പിന്തള്ളപ്പെടാം.

ആന്തരിക ദഹന എന്‍ജിനുകളില്‍നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് മാറാന്‍ കഴിയാതെ ചില കാര്‍ നിര്‍മ്മാതാക്കള്‍ ബിസിനസ് അവസാനിപ്പിച്ചേക്കാം. കാലം ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങളിലും പരിവര്‍ത്തനങ്ങളിലും ഏര്‍പ്പെടേണ്ടിവരും. പുതിയ ജിയോപൊളിറ്റിക്കല്‍ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും രംഗം വിടേണ്ടിവരും. പത്ത് വര്‍ഷം കഴിയുമ്പോള്‍ ജര്‍മ്മന്‍ വാഹന വ്യവസായം ‘ഗ്ലോബല്‍ എലൈറ്റില്‍’ തുടരാനുള്ള സാധ്യത ഒരുപക്ഷേ അമ്പത് ശതമാനം മാത്രമാണെന്ന് ഹെര്‍ബര്‍ട്ട് ഡീസ് പറഞ്ഞു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്, ബിഎംഡബ്ല്യു, ഡൈമ്‌ലര്‍ എന്നീ വാഹന നിര്‍മ്മാതാക്കളെ പരാമര്‍ശിച്ചായിരുന്നു പ്രസ്താവന.

കാര്‍ബണ്‍ ഡൈഓക്‌സൈഡ് മലിനീകരണം, നൈട്രജന്‍ ഓക്‌സൈഡ് ബഹിര്‍ഗമനം എന്നിവ കുറച്ചുകൊണ്ടുവരണമെന്ന മുറവിളി കാറുകള്‍ക്കെതിരായ കാംപെയ്ന്‍ ആയി മാറിയിട്ടുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ സിഇഒ അഭിപ്രായപ്പെട്ടു. വോള്‍ഫ്‌സ്ബര്‍ഗില്‍ ഓട്ടോ സപ്ലൈയര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഹെര്‍ബര്‍ട്ട് ഡീസ്. വാഹന വ്യവസായത്തിലെ ഡിട്രോയിറ്റ്, ഓക്‌സ്‌ഫോഡ്-കൗലി, ടൂറിന്‍ എന്നീ പഴയ കോട്ടകൊത്തളങ്ങളുടെ അവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിശക്തരായ വാഹന നിര്‍മ്മാതാക്കള്‍ക്കും പ്രധാന വ്യവസായങ്ങള്‍ക്കും കാലിടറിയപ്പോള്‍ ഇത്തരം നഗരങ്ങളുടെ പ്രതാപം അസ്തമിച്ചതായി ഡീസ് പറഞ്ഞു.

2030 ഓടെ യൂറോപ്പില്‍ സ്വന്തം വാഹനങ്ങളുടെ ശരാശരി കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനം 30 ശതമാനം കുറയ്ക്കണം. പുതിയ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വില്‍പ്പനയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മുപ്പത് ശതമാനമായി വര്‍ധിപ്പിച്ചാല്‍ മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതോടെ 2020 ആകുമ്പോഴേയ്ക്കും ഫോക്‌സ്‌വാഗണില്‍ 14,000 തൊഴിലുകള്‍ ഇല്ലാതാകുമെന്നും ഹെര്‍ബര്‍ട്ട് ഡീസ് പറഞ്ഞു.

ഫോക്‌സ്‌വാഗണിന്റെ വാഹനഘടക ബിസിനസ് അഴിച്ചുപണിയേണ്ടിവരും. കാര്‍ പാര്‍ട്‌സുകളുടെ സംഭരണം, വികസനം, ഉല്‍പ്പാദനം എന്നീ ആവശ്യങ്ങള്‍ക്കായി ലോകമാകമാനം 56 പ്ലാന്റുകളില്‍ ഫോക്‌സ്‌വാഗണിന്റെ കംപോണന്റ്‌സ് ഡിവിഷന്‍ 170 ബില്യണ്‍ യൂറോയാണ് ചെലവഴിക്കുന്നത്. എണ്‍പതിനായിരത്തോളം പേര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നു. ജനുവരി ഒന്ന് മുതല്‍ ഫോക്‌സ്‌വാഗണ്‍ കംപോണന്റസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് ഹെര്‍ബര്‍ട്ട് ഡീസ് അറിയിച്ചു.

Comments

comments

Categories: Auto