ട്രംപിന്റെ സൗദി നയം പാളുന്നു; രാഷ്ട്രീയതിരിച്ചടി നേരിട്ടേക്കും

ട്രംപിന്റെ സൗദി നയം പാളുന്നു; രാഷ്ട്രീയതിരിച്ചടി നേരിട്ടേക്കും
  • ആഗോള നിക്ഷേപകസംഗമത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി പങ്കെടുക്കുമോയെന്ന കാര്യം വെള്ളിയാഴ്ച്ച വ്യക്തമാകും
  • ചോദ്യം ചെയ്യലിനിടെ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
  • ഗൂഗിള്‍ ക്ലൗഡ് യൂണിറ്റ് മേധാവി സൗദിയുടെ ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ നിന്ന് പിന്മാറി

 

അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സൗദി അറേബ്യയുടെ ദാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം വിഷയത്തില്‍ ട്രംപിന്റെ നിലപാടുകള്‍ക്ക് മൂര്‍ച്ഛ പോരെന്ന ആക്ഷേപവും ശക്തമാകുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ തിരോധാനത്തെ തുടര്‍ന്ന് സൗദിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം. ഒക്‌റ്റോബര്‍ രണ്ടിന് ഇസ്താന്‍ബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഖഷോഗ്ഗിയെ സൗദി കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കി അധികൃതര്‍ ആരോപിക്കുന്നത്.

റിയാദ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മന്യൂച്ചിന്‍ തീരുമാനം മാറ്റിയേക്കും. വെള്ളിയാഴ്ച്ച മാത്രമേ പരിപാടിയില്‍ പങ്കെടുക്കുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാകൂവെന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയായ നിക്ഷേപക സംഗമത്തില്‍ നിന്ന് ഗൂഗിള്‍ ക്ലൗഡ് യൂണിറ്റ് മേധാവി ഡൈയന്‍ ഗ്രീന്‍ പിന്മാറി. ഒക്‌റ്റോബര്‍ 23 മുതല്‍ 25 വരെയാണ് സൗദിയിലേക്ക് വന്‍കിട നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മെഗാ ഉച്ചകോടി റിയാദില്‍ നടക്കുന്നത്. സൗദിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ പ്രധാന ഭാഗമാണ് കിരീടാവകാശിയുടെ തന്നെ നേരിട്ടുള്ള നിയതന്ത്രണത്തില്‍ നടക്കുന്ന നിക്ഷേപക സംഗമം.

ജെപി മോര്‍ഗന്‍ ചേസിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ജാമി ഡിമണ്‍ പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ഞായറാഴ്ച്ച രാത്രി അറിയിച്ചിരുന്നു. ബ്ലാക്ക്‌സ്്‌റ്റോണ്‍ ഗ്രൂപ്പ് സിഇഒ സ്റ്റീവ് ഷ്വര്‍സ്മാന്‍, യുബര്‍ ടെക്‌നോളജീസ് സിഇഒ ദര ഖൊസ്രൊഷാഹി തുടങ്ങി യുഎസിലെ നിരവധി കോര്‍പ്പറേറ്റ് മേധാവികള്‍ നിക്ഷേപ സംഗമത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഗൂഗിള്‍ എക്‌സിക്യൂട്ടിവിന്റെ പിന്മാറ്റം സൗദിക്ക് കടുത്ത തിരിച്ചടിയായി. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സൗദി സര്‍ക്കാരിന്റെ കീഴിലുള്ള എണ്ണ കമ്പനി അരാംകോ, ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങള്‍ക്കായി ഗൂഗിളുമായി കരാറില്‍ ഏര്‍പ്പെടുകയാണെന്ന് പ്രഖ്യാപിച്ചത്. ഏപ്രില്‍ മാസത്തില്‍ പ്രിന്‍സ് മുഹമ്മദ് സിലിക്കണ്‍ വാലിയിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഡൈയന്‍ ഗ്രീന്‍ ഉള്‍പ്പടെയുള്ള എക്‌സിക്യൂട്ടിവുകളുമായി പ്രിന്‍സ് മുഹമ്മദ് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപിയോയെ സല്‍മാന്‍ രാജാവിനെ കാണാനായി സൗദിയിലേക്കയച്ച ട്രംപിന്റെ നടപടി വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അമേരിക്ക-സൗദി ബന്ധത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. സൗദി പൗരനും യുഎസില്‍ സ്ഥിരതാമസക്കാരനുമാക്കിയ വ്യക്തിയായിരുന്നു കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഖഷോഗ്ഗി.

സൗദി സമ്മതിക്കുമോ

സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘം ഖഷോഗ്ഗിയെ കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കിയുടെ ഭാഷ്യം. ഖഷോഗ്ഗി കോണ്‍സുലേറ്റില്‍ നിന്ന് തിരിച്ച് പോയത് ഒരു കുഴപ്പവുമില്ലാതെയാണെന്നാണ് സൗദി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്. അതേസമയം സൗദിയുടെ ചോദ്യം ചെയ്യലിനിടെ ഖഷോഗ്ഗി കൊല്ലപ്പെട്ടെന്നും ഇക്കാര്യം സമ്മതിക്കാന്‍ അവര്‍ തയാറായേക്കുമെന്നും രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ സ്രോതസ്സുകളുടെ വിശ്വാസ്യത എത്രമാത്രമുണ്ടെന്നത് വ്യക്തമല്ലെന്നാണ് ട്രംപ് പറഞ്ഞത്.

തുലാസിലായി ട്രംപിന്റെ ഗള്‍ഫ് നയം

സൗദി അറേബ്യയെ കേന്ദ്രീകരിച്ചായിരുന്നു തന്റെ ഗള്‍ഫ് നയം ട്രംപ് മുന്നോട്ടുകൊണ്ടുപോയത്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് ആദ്യമായി സന്ദര്‍ശനം നടത്തിയ വിദേശരാജ്യവും സൗദി തന്നെയായിരുന്നു. ട്രംപിനെ കാണാനായി സൗദികിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് തവണ യുഎസിലെ ഓവല്‍ ഓഫീസിലേക്ക് എത്തുകയും ചെയ്തു. മാര്‍ച്ചില്‍ പ്രിന്‍സ് മുഹമ്മദ് നടത്തിയ യുഎസ് പര്യടനം ലോക മാധ്യമങ്ങള്‍ വലിയ രീതിയിലാണ് ആഘോഷിച്ചത്. വാള്‍സ്ട്രീറ്റിലും സിലിക്കണ്‍ വാലിയിലും ഹോളിവുഡിലുമെല്ലാം പ്രിന്‍സ് മുഹമ്മദിന്റെ സന്ദര്‍ശനം ചലനങ്ങള്‍ സൃഷ്ടിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേശകനുമായ ജരേദ് കഷ്‌നറുമായും പ്രിന്‍സ് മുഹമ്മദ് മികച്ച സൗഹൃദമുണ്ടാക്കി. എന്നാല്‍ ഖഷോഗ്ഗിയുടെ തിരോധാനം വന്നതോടെ ട്രംപ് കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. സംഭവത്തില്‍ സൗദിക്ക് ഒരു പങ്കുമില്ലെന്ന് സല്‍മാന്‍ രാജാവ് തന്നോട് വ്യക്തമാക്കിയതായി ട്രംപ് പറഞ്ഞതും സൗദിയുമായി ബന്ധം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹം തന്നെയാണ് വ്യക്തമാക്കുന്നത്.

സൗദിയുമായുള്ള ബില്ല്യണ്‍ കണക്കിന് ഡോളറിന്റെ ആയുധ ഇടപാടുകള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട് ട്രംപ്. എന്നാല്‍ ഇതുവരെ അദ്ദേഹം അതിന് വഴങ്ങിയിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളില്‍ നിന്നു തന്നെ സൗദി ബന്ധത്തിന്റെ പേരില്‍ ട്രംപിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

പ്രിന്‍സ് മുഹമ്മദ് കിരീടാവകാശിയായതിന് ശേഷം വ്യാപകമായ നിക്ഷേപമാണ് യുഎസ് കമ്പനികളില്‍ സൗദി നടത്തിവരുന്നത്. സൗദി സോവറിന്‍ ഫണ്ട് വഴിയും ഇവര്‍ക്ക് വലിയ ഓഹരി പങ്കാളിത്തമുള്ള ജാപ്പനീസ് സംരംഭം സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ഫണ്ട് വഴിയുമാണ് പ്രധാന നിക്ഷേപങ്ങള്‍.

2015 മാര്‍ച്ചിന് ശേഷം പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അഥവാ പിഐഎഫ് എന്നറിയപ്പെടുന്ന സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തില്‍ വ്യാപകമായ വര്‍ധനയാണ് വരുത്തിയത്. വിഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച 45 ബില്ല്യണ്‍ ഡോളറിന് പുറമെ യുബറില്‍ പ്രത്യേകമായി 3.5 ബില്ല്യണ്‍ ഡോളറാണ് പിഐഎഫ് മുടക്കിയിരിക്കുന്നത്. പിഐഎഫ് മാനേജിംഗ് ഡയറക്റ്റര്‍ യാസില്‍ അല്‍ റുമയ്യന്‍ യുബറിന്റെ ബോര്‍ഡിലും അംഗമാണ്.

പ്രശസ്ത ഇലക്ട്രിക് കാര്‍ കമ്പനിയായ ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ലയില്‍ അഞ്ച് ശതമാനം ഓഹരി ഉടമസ്ഥതയുണ്ട് പിഐഎഫിന്. ടെസ്ലയുടെ എതിരാളികളായ യുഎസ് കമ്പനി ലൂസിഡ് മോട്ടോഴ്‌സിലും പിഐഎഫ് ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റാര്‍ട്ടപ്പായ മാജിക്ക് ലീപ്പില്‍ 500 മില്ല്യണ്‍ ഡോളറാണ് പിഐഎഫിന്റെ നിക്ഷേപം. ബ്ലാക്ക്‌സ്റ്റോണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് പിഐഎഫ് 20 ബില്ല്യണ്‍ ഡോളര്‍ നല്‍കാമെന്ന് ഏറ്റിട്ടുമുണ്ട്. സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ആര്‍സെലര്‍ മിത്തലിലും പോസ്‌കോയിലും പിഐഎഫിന് ഓഹരിയുണ്ട്. പ്രശസ്തമായ അക്കോര്‍ ഹോട്ടല്‍സിലും സൗദി ഫണ്ടിന് നിക്ഷേപമുണ്ട്.

സൗദിയുടെ പണത്തിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ടിന് ലോകത്തങ്ങോളമിങ്ങോളമുള്ള ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ കാര്യമായ നിക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം വീവര്‍ക്കില്‍ ഇവര്‍ 4.4 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് നടത്തിയത്. ജിഎമ്മിന്റെ ഡ്രൈവറില്ലാ കാര്‍ യൂണിറ്റിലും നടത്തി 2.25 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം. സ്ലാക്ക്, ഡോര്‍കാഷ്, ആം ഹോള്‍ഡിംഗ്‌സ് തുടങ്ങിയ സംരംഭങ്ങളിലും സൗദിയുടെ പണം സോഫ്റ്റ്ബാങ്ക് വഴി എത്തിയിട്ടുണ്ട്.

ട്രംപ് ചോദ്യം ചെയ്യപ്പെടുമ്പോള്‍

  • യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി നയത്തിനെതിരെയുള്ള വാദങ്ങള്‍ ശക്തമാകുന്നു
  • ധാര്‍മികതയിലൂന്നിയ വിദേശനയങ്ങള്‍ക്ക് പകരം താല്‍ക്കാലിക, ഭൗതിക നേട്ടങ്ങള്‍ക്കായുള്ള നയമാണ് ട്രംപിന്റേതെന്ന് ആക്ഷേപം
  • സൗദിയോടുള്ള നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ട്രംപിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് വിലയിരുത്തല്‍
  • ഖഷോഗ്ഗിയുടെ തിരോധാനത്തില്‍ തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞതിനെ വിശ്വാസത്തിലെടുത്ത ട്രംപിന്റെ നിലപാടിനെതിരെ വ്യാപക വിമര്‍ശനം

 

സകല പ്രശ്‌നങ്ങള്‍ക്കും കാരണം ട്രംപ്?

ഖഷോഗ്ഗിയുടെ കൊലപാതകത്തിലേക്ക് വരെ എത്തിയ നാടകങ്ങള്‍ക്ക് വേദിയൊരുങ്ങാന്‍ കാരണം ട്രംപിന്റെ വികലമായ നയങ്ങളാണെന്ന് സിഎന്‍എന്‍ നാഷണല്‍ സെക്യൂരിറ്റി അനലിസ്റ്റ് പീറ്റര്‍ ബെര്‍ഗെന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുടെ ഫലമാണ് സൗദി അറേബ്യയുടെ ആക്രമണോല്‍സുക നടപടികള്‍ക്ക് കാരണമെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. സൗദിയുടെ സാഹസങ്ങള്‍ക്ക് പച്ചവെളിച്ചം കാട്ടിയത് ട്രംപാണെന്ന് സിഎന്‍എന്‍ നാഷണല്‍ സെക്യൂരിറ്റി അനലിസ്റ്റായ പീറ്റര്‍ ബെര്‍ഗെന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 2017 മേയ് മാസത്തില്‍ പ്രസിഡന്റ് ട്രംപിനും മരുമകന്‍ ജരെദ് കഷ്‌നര്‍ക്കും സൗദി ഒരുക്കിയ ആഘോഷപൂര്‍വമായ സ്വീകരണ ചടങ്ങില്‍ ട്രംപ് നടത്തിയ പ്രസംഗം ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

മനുഷ്യാവകാശങ്ങള്‍ പറഞ്ഞ് ഗള്‍ഫ് രാജ്യത്തെ ബുദ്ധിമുട്ടിക്കാന്‍ താന്‍ വരില്ലെന്നാണ് ട്രംപ് പറഞ്ഞത്. നിങ്ങള്‍ക്ക് ലക്ച്ചര്‍ എടുക്കാനല്ല ഞങ്ങള്‍ ഇവിടെ വന്നത്. മറ്റുള്ളവരോട് എങ്ങനെ ജീവിക്കണമെന്നോ എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ പറയാനല്ല ഞങ്ങളിവിടെ വന്നത്…ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചു തുടങ്ങിയ സൗദിയുടെ തീവ്രനയങ്ങള്‍ക്ക് പിന്നില്‍ ട്രംപിന്റെ ഈ വാക്കുകളുടെ പിന്തുണയുമുണ്ടെന്നാണ് വിലയിരുത്തല്‍.

33കാരനായ സൗദി കിരീടാവകാശിയെ തീരെ വിമര്‍ശനബുദ്ധിയില്ലാതെ ഇരുകൈയും നീട്ടി സ്വീകരിച്ച ട്രംപിന്റെ നയവൈകല്യം കൂടിയാണ് നിലവിലെ പ്രശ്‌നങ്ങള്‍ വരുത്തിവെച്ചതെന്ന് പീറ്റര്‍ ബെര്‍ഗെന്‍ ലേഖനത്തില്‍ പറയുന്നു. ഇതിന് ചരട് വലിച്ചതാകട്ടെ കഷ്‌നറും. ഇറാനെതിരെയുള്ള ട്രംപിന്റെ ശക്തമായ നിലപാട് കൂടിയായപ്പോള്‍ ട്രംപ് പൂര്‍ണമായും സൗദി പക്ഷത്ത് നില്‍ക്കുമെന്ന് പ്രിന്‍സ് മുഹമ്മദ് കരുതി. 2017 മാര്‍ച്ച് 14ന് എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോടും അദ്ദേഹത്തിന്റെ മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോടുമൊപ്പം വൈറ്റ്ഹൗസിലെ ഉച്ചഭക്ഷണവിരുന്നില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. കാരണം അന്ന് എംബിഎസ് കിരീടാവകാശി ആയിരുന്നില്ല. ഉപ കിരീടാവകാശി മാത്രമായിരുന്നു. രാഷ്ട്രത്തലവന്മാരും ഭാവി രാഷ്ട്രത്തലവനായി അംഗീകരിക്കപ്പെട്ടവരും മാത്രം സാധാരണ പങ്കെടുക്കുന്ന വിരുന്നിലാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും മുമ്പേ എംബിഎസ് പങ്കെടുത്തത്. പിന്നീടായിരുന്നു കിരീടാവകാശിയുടെ സ്ഥാനത്ത് നിന്ന് പൊടുന്നനെ മുഹമ്മദ് ബിന്‍ നയിഫ് മാറ്റപ്പെട്ടതും പ്രിന്‍സ് മുഹമ്മദ് ഉയര്‍ത്തപ്പെട്ടതും.

തങ്ങളുടെ ഏറ്റവും അടുത്ത ജനാധിപത്യ സഖ്യരാഷ്ട്രങ്ങളിലേക്കാണ് ചുമതലയേറ്റ ശേഷം അമേരിക്കന്‍ പ്രസിഡന്റ് സാധാരണ ആദ്യ സന്ദര്‍ശനം നടത്താറുള്ളത്. എന്നാല്‍ കാനഡയിലേക്ക് പോലും പോകാതെ ട്രംപ് നേരെ ചെന്നത് ഏകാധിപത്യ രാജ്യമായ സൗദിയിലേക്കായിരുന്നു. ട്രംപിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തില്‍ ഉപരോധവും വന്നു. ജിസിസി രാജ്യമാണെങ്കിലും സൗദി-യുഎഇ സഖ്യത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ഇറാനോട് കൂടുതല്‍ അടുപ്പം കാണിക്കുന്ന രാജ്യമാണ് ഖത്തര്‍ എന്നതും ഓര്‍ക്കുക. സൗദിയും സഖ്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഖത്തര്‍ ഉപരോധം ഇതുവരെ നീക്കിയിട്ടില്ല. അതിന് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയതുമില്ല. ഈ സംഭവങ്ങളെല്ലാം തന്നെ പീറ്റര്‍ ബെര്‍ഗെനിന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നവയാണ്.

Comments

comments

Categories: Arabia
Tags: Soudhi-US