ഗുഹയിലകപ്പെട്ട തായ് സോക്കര്‍ ടീമംഗങ്ങള്‍ ടിവിയില്‍

ഗുഹയിലകപ്പെട്ട തായ് സോക്കര്‍ ടീമംഗങ്ങള്‍ ടിവിയില്‍

വാഷിംഗ്ടണ്‍: വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളില്‍നിന്നും രക്ഷപ്പെട്ട തായ് ഫുട്‌ബോള്‍ ടീമംഗങ്ങള്‍ തിങ്കളാഴ്ച യുഎസ് ടോക്ക് ഷോയായ ‘Ellen’ ല്‍ പങ്കെടുത്തു. ഫുട്‌ബോള്‍ ടീമംഗങ്ങളുടെ ഇഷ്ടനായകനായ പ്രമുഖ സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചുമായി ടോക്ക് ഷോയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വൈല്‍ഡ് ബോര്‍സ് എന്നാണ് തായ് ഫുട്‌ബോള്‍ ടീമംഗങ്ങളുടെ പേര്. 12 പേരാണ് ഈ ടീമിലെ അംഗങ്ങള്‍. ഇവരും കോച്ചും ടോക്ക് ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജുലൈയിലായിരുന്നു തായ്‌ലാന്‍ഡിലെ ഒരു ഗുഹയ്ക്കുള്ളില്‍ 12 അംഗ ടീമംഗങ്ങളും പരിശീലകനും കുടുങ്ങിയത്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനായിരുന്നു ടോക്ക് ഷോയിലെത്തിയത്. എല്ലന്‍ ഡി ജനറസ് എന്ന അമേരിക്കന്‍ കൊമേഡിയനും, ടിവി അവതാരകയും, നടിയും, എഴുത്തുകാരിയും, നിര്‍മാതാവുമായിരുന്നു ടോക് ഷോയിലെ അവതാരക. പരിപാടിയില്‍ പങ്കെടുത്ത ടീമംഗങ്ങള്‍ക്കും അവരുടെ പരിശീലകനും സോക്കര്‍ ജേഴ്‌സി സമ്മാനിച്ചു. ഗുഹയില്‍ കഴിച്ചുകൂട്ടിയപ്പോള്‍ തായ് ടീമംഗങ്ങള്‍ പുലര്‍ത്തിയ ധീരതയെ അഭിനന്ദിക്കുന്നതായി പരിപാടിയിലെത്തിയ സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പറഞ്ഞു.
‘ ഞാന്‍ വിചാരിച്ചത്, ഞാനാണ് ധീരനെന്നാണ്. പക്ഷേ, ഈ കുട്ടികളാണ് എന്നേക്കാള്‍ ധൈര്യശാലികള്‍….തീര്‍ച്ചയായും ഈ ടീമാണ് ലോകത്തിലെ മികച്ചവര്‍’ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പറഞ്ഞു.
തായ് ദ്വിഭാഷിയുമൊത്താണ് ടിവി ഷോയില്‍ പങ്കെടുക്കാന്‍ തായ് ടീമംഗങ്ങളെത്തിയത്. തങ്ങള്‍ അപകടത്തില്‍ ഉള്‍പ്പെട്ടതും, പിന്നീട് നടന്ന രക്ഷാപ്രവര്‍ത്തനവും ലോകം ഇത്രയധികം വീക്ഷിച്ചിരുന്നതായി അറിഞ്ഞിരുന്നില്ലെന്നു തായ് ടീമംഗങ്ങള്‍ പറഞ്ഞു.
ഭാവിയില്‍ എന്ത് ചെയ്യാനാണ് പരിപാടിയെന്ന് അവതാരക ചോദിച്ചപ്പോള്‍ നല്ല വിദ്യാഭ്യാസവും ജോലിയും നേടണമെന്നും, പ്രഫഷണല്‍ സോക്കര്‍ കളിക്കാരാകണമെന്നും അതിലൂടെ കുടുംബത്തെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ മറുപടിയായി പറഞ്ഞു.

Comments

comments

Categories: World