ടാറ്റ ഹാരിയര്‍ ബുക്കിംഗ് ആരംഭിച്ചു

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ആരംഭിച്ചു

30,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഓള്‍-ന്യൂ എസ്‌യുവിയായ ടാറ്റ ഹാരിയറിന്റെ ബുക്കിംഗ് ആരംഭിച്ചു. 30,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം പ്രീ-ബുക്ക് ചെയ്യാം. ടാറ്റ ഹാരിയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടാറ്റ മോട്ടോഴ്‌സിന്റെ അംഗീകൃത ഷോറൂമുകളിലോ ബുക്കിംഗ് നടത്താവുന്നതാണ്. എന്നാല്‍ പുതിയ എസ്‌യുവി എപ്പോള്‍ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചില്ല. 2019 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7 സീറ്റര്‍, 5 സീറ്റര്‍ ഓപ്ഷനുകളിലാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ആദ്യം വിപണിയിലെത്തിക്കുന്നത് 5 സീറ്റര്‍ വേര്‍ഷന്‍ ആയിരിക്കും. 7 സീറ്റര്‍ പിന്നീട് പുറത്തിറക്കും. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ എച്ച്5എക്‌സ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍ എസ്‌യുവി പ്രേമികള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ഹാരിയറിന് സാധിച്ചതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക് പറഞ്ഞു.

പുതിയ ഹാരിയര്‍ സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഒമേഗാര്‍ക് പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവി നിര്‍മ്മിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഡി8 ആര്‍ക്കിടെക്ച്ചറില്‍നിന്നാണ് ഒമേഗാര്‍ക് പ്ലാറ്റ്‌ഫോം ഉരുത്തിരിഞ്ഞത്. മോണോകോക്ക് ഷാസി ആയിരിക്കും മറ്റൊരു പ്രത്യേകത. വിവിധ ഭൂപ്രദേശങ്ങളിലൂടെ ഇതിനകം 22 ലക്ഷം കിലോമീറ്റര്‍ ദൂരം ഹാരിയര്‍ എസ്‌യുവി പരീക്ഷിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

ടാറ്റ ഹാരിയറിന് കരുത്തേകുന്ന പുതിയ എന്‍ജിന്‍ നേരത്തെ അനാവരണം ചെയ്തിരുന്നു. ഓള്‍-ന്യൂ 2.0 ലിറ്റര്‍ ക്രയോടെക്, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ടാറ്റ ഹാരിയറില്‍ നല്‍കുന്നത്. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മോട്ടോര്‍ 140 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 7 സീറ്റര്‍ വേര്‍ഷനില്‍ 170 ബിഎച്ച്പി പുറപ്പെടുവിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്യും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി നല്‍കും. ഹ്യുണ്ടായില്‍നിന്ന് വരുത്തിക്കുന്ന 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷണലായി ലഭിക്കും.

Comments

comments

Categories: Auto
Tags: Tata harier