മത്സ്യ-മാംസ വിപണിയിലെ ഓണ്‍ലൈന്‍ താരങ്ങള്‍

മത്സ്യ-മാംസ വിപണിയിലെ ഓണ്‍ലൈന്‍ താരങ്ങള്‍

മത്സ്യ, മാംസ വിപണിയില്‍ നിലനിന്നിരുന്ന അസംഘടിത വിപണന രീതികളും കാലോചിതമായ മാറ്റങ്ങളുമാണ് ഈ മേഖലയിലേക്ക് സ്റ്റാര്‍ട്ടപ്പുകളുടെ കടന്നുവരവിന് വഴിതെളിയിച്ചത്. പ്രദേശിക തലത്തിലെ ചന്തകളില്‍ നിന്നും ആധുനിക സൗകര്യങ്ങളോടുകൂടിയ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളിലേക്ക് ജനങ്ങള്‍ തിരിഞ്ഞതോടെ ആവശ്യമായ മത്സ്യവും മാംസവും വീട്ടുപടിക്കല്‍ എത്തുന്ന സംരംഭങ്ങള്‍ക്കും ഡിമാന്‍ഡ് ഏറുകയാണ്

 

സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. മികച്ച സംരംഭങ്ങള്‍ പലപ്പോഴും മികച്ച ആശയങ്ങളുടെയും കൂടി പരിണിതഫലമായിരിക്കും. തിരക്കേറിയ ജീവിതത്തില്‍ വീട്ടിലേക്ക് ആവശ്യമായതെന്തും വീട്ടു പടിക്കലെത്തിക്കാന്‍ ശ്രമിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇന്ന് ഏറെ പിന്തുണ ലഭിച്ചു വരുന്നത്. മല്‍സ്യവിപണിയിലും ഇതാണ് അവസ്ഥ. പണ്ടുകാലങ്ങളില്‍ പൊതുവായ ചന്തകളിലും മറ്റും മാത്രമാണ് മത്സ്യവില്‍പ്പന. ഒരു കൂട്ടം മത്സ്യ കച്ചവടക്കാരില്‍ നിന്നും നമുക്കാവശ്യമായവ തെരഞ്ഞെടുക്കാം. പിന്നീടത് ഓരോ മേഖലകള്‍ തിരിച്ച് ഒറ്റയ്‌ക്കൊറ്റയ്ക്കായി വീടുകളിലേക്ക് നടന്നുവന്നായി കച്ചവടം. കാലം മാറിയപ്പോള്‍ അവര്‍ സൈക്കിളിലേക്കും സ്‌കൂട്ടറിലേക്കും ഇപ്പോള്‍ പെട്ടിഓട്ടോകളിലേക്കും വില്‍പ്പനയെ മാറ്റിയെടുത്തു. ഇന്നും ഗ്രാമ പ്രദേശങ്ങളില്‍ ഇതിനു മാറ്റം വന്നില്ലെങ്കിലും നഗരങ്ങളില്‍ മത്സ്യ കച്ചവടം കൂടുതലായും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്.

പ്രാദേശിക മാര്‍ക്കറ്റുകളില്‍ പോയി മീനിന്റെ ദുര്‍ഗന്ധത്തിനിടയില്‍ നിന്നുകൊണ്ട് അവ വാങ്ങാന്‍ മടിക്കുന്നവരായി ആധുനിക ജനത. പലപ്പോഴും അതിനുള്ള സമയവും കിട്ടാത്ത അവസ്ഥ. ആളുകളുടെ മനോഭാവത്തിലുണ്ടായ ഈ മാറ്റം തന്നെയാണ് ഓണ്‍ലൈന്‍ മത്സ്യ, മാംസ സ്റ്റാര്‍ട്ടപ്പുകള്‍ മേഖലയില്‍ വര്‍ധിച്ചു വരാനിടയാക്കിയത്. പഴകിയതും ഏറെ നാള്‍ കോള്‍ഡ് സ്‌റ്റോറേജുകളില്‍ സൂക്ഷിക്കുന്നതുമായ മത്സ്യത്തോട് നോ പറയാനും ആളുകള്‍ മടിക്കുന്നില്ല. എന്നിരുന്നാലും മത്സ്യ, മാംസ വിപണിക്ക് ഇന്ത്യയില്‍ മികച്ച സാധ്യതകളുണ്ട്.

2014 ല്‍ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം നടത്തിയ സര്‍വേയില്‍ പതിനഞ്ച് വയസിനു മേലെയുള്ള 71 ശതമാനം ഇന്ത്യക്കാരും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ മാംസ ഉപഭോഗത്തിന്റെ മൂല്യം ഓരോ വര്‍ഷവും ഏകദേശം 30 ബില്യണ്‍ ഡോളറോളം വരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020 ഓടുകൂടി ഈ ഈ മൂല്യം മൂന്നിരട്ടിയാകുമെന്നും സര്‍വേ വിലയിരുത്തുന്നുണ്ട്. മേഖലയിലെ അസംഘടിത വിപണന രീതികളും കാലോചിതമായ മാറ്റങ്ങളുമാണ് മല്‍സ്യ, മാംസ വിപണിയിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവരാനുണ്ടായ പ്രധാന കാരണം. ബിഗ്ബാസ്‌കറ്റ്, ഗ്രോഫര്‍ എന്നിങ്ങനെ മേഖലയില്‍ മത്സ്യം വിപണനം ചെയ്യുന്ന ഭീമന്‍മാര്‍ നിലവിലുണ്ടെങ്കിലും വീട്ടുപടിക്കല്‍ ഇവ കൊണ്ടെത്തിക്കുന്ന ഏതാനും ചില സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

ലിഷ്യസ്

മൂന്നു വര്‍ഷം മുമ്പ് വിവേക് ഗുപ്ത, അഭയ് ഹാഞ്ചുര എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭമാണ് ലിഷ്യസ്. ചിക്കന്‍, സീഫുഡ് വിപണിയില്‍ ചുരുങ്ങിയ കാലം കൊണ്ടു പ്രശസ്തരായ കമ്പനിക്ക് നിലവില്‍ മൂന്നു ലക്ഷത്തോളം ഉപഭോക്താക്കളുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു. അഞ്ച് നഗരങ്ങളിലായി ദിവസേന അയ്യായിരത്തില്‍ പരം ഓര്‍ഡറുകള്‍ ലഭിക്കുന്ന ലിഷ്യസിന് ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളില്‍ പ്രോസസിംഗ് പ്ലാന്റുകളുണ്ട്.

ഏകദേശം 180 ല്‍ പരം ചെറുകിട കച്ചവടക്കാരുടെ പങ്കാളിത്തവും 27 ഓളം വിതരണ കേന്ദ്രങ്ങളുമുള്ള ലിഷ്യസില്‍ 600 തൊഴിലാളികളാണുള്ളത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 12.3 കോടി രൂപ വരുമാനം നേടിയ കമ്പനി കഴിഞ്ഞ മാസം ബെര്‍ട്ടില്‍സ്മാന്‍, വെര്‍ട്ടെക്‌സ് വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്നും 25 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു. കൂടുതല്‍ നഗരങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കുന്നതിനാകും ഈ നിക്ഷേപത്തുക വിനിയോഗിക്കുക. ഡിസംബര്‍ മാസത്തോടുകൂടി മുംബൈ, പൂനെ വിപണികളിലേക്ക് കടക്കാനും ലിഷ്യസ് പദ്ധതിയിടുന്നുണ്ട്. അടുത്തകാലത്ത് കമ്പനിയുടെ പ്രീ-മാരിനേറ്റഡ് ബ്രാന്‍ഡ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയിരുന്നു.

സാപ്പ്ഫ്രഷ്

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാപ്പ്ഫ്രഷിന്റെ സ്ഥാപകര്‍ ദീപാന്‍ഷു മന്‍ചന്ദ, ശ്രുതി ഗോച്‌വാള്‍ എന്നിവരാണ്. പ്രാദേശിക ഫാമുകളില്‍ നിന്നും പ്ലാന്റുകളില്‍ നിന്നുമാണ് സാപ്പ്ഫ്രഷ് മല്‍സ്യവും മാംസവും ശേഖരിച്ചു വിപണനം ചെയ്യുന്നത്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭത്തില്‍ ചിക്കന്‍, മട്ടണ്‍, സീഫുഡ്, റെഡി ടു ഈറ്റ് കബാബ്, സോസേജുകള്‍ എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. 30 ലക്ഷം രൂപ മുടക്കു മുതലില്‍ തുടങ്ങിയ സ്ഥാപനം സിഡ്ബി, ഡാബര്‍ ഇന്ത്യ വൈസ് ചെയര്‍മാന്‍ അമിത് ബര്‍മാന്‍ എന്നിവരില്‍ നിന്നായി 20 കോടി രൂപ നിക്ഷേപം സമാഹരിച്ചിരുന്നു. നിലവില്‍ ഡല്‍ഹി -എന്‍സിആര്‍ മേഖലയില്‍ വിതരണം നടത്തുന്ന കമ്പനി അടുത്ത വര്‍ഷം മറ്റൊരു മെട്രോ നഗരത്തിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ടെന്‍ഡര്‍കട്ട്‌സ്

രണ്ട് വര്‍ഷം മുമ്പ് ചെന്നൈ ആസ്ഥാനമായി നിഷാന്ത് ചന്ദ്രന്‍ തുടങ്ങിയ സംരംഭമാണ് ടെന്‍ഡര്‍കട്ട്‌സ്. ആന്റിബയോട്ടിക്, ഹോര്‍മോണ്‍ രഹിത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതായി അവകാശപ്പെടുന്ന കമ്പനി മൈക്രോ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന രീതിക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കി വരുന്നത്. ഇഷ ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ് കൃഷനില്‍ നിന്നും 4.6 കോടി രൂപ ഏയ്ഞ്ചല്‍ നിക്ഷേപം നേടിയ കമ്പനിക്ക് നിലവില്‍ 25,000 ല്‍പരം ഉപഭോക്താക്കളാണുള്ളത്.

ഹിബാച്ചി

ശേഖര്‍ വര്‍മ, രാജേഷ് തമ്മിസെട്ടി എന്നിവര്‍ ചേര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ തുടക്കമിട്ട സംരംഭമാണ് ഹിബാച്ചി. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ നിന്നും കൂടുതല്‍ വരുമാനം നേടുന്ന കമ്പനി നിലവില്‍ 11 ഇടങ്ങളിള്‍ മത്സ്യ, മാംസങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. പ്രതിദിനം 40 ഓര്‍ഡറുകള്‍ ലഭിക്കുന്ന ഹിബാച്ചി ടിന്‍ മെന്‍ ലഞ്ച് ബോക്‌സ് എന്ന കമ്പനിയുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കാനും വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് ബിസിനസ് വിപുലീകരിക്കാനും കമ്പനി പദ്ധതിതയാറാക്കി വരികയാണിപ്പോള്‍.

ഫ്രഷ്ടുഹോം

ഷാന്‍ കടവിലിന്റെ നേതൃത്വത്തില്‍ ബെംഗളൂരു ആസ്ഥാനമായി മൂന്നു വര്‍ഷം മുമ്പ് തുടക്കമിട്ട സംരംഭമാണ് ഫ്രഷ്ടുഹോം. രാസവസ്തു രഹിത സീഫുഡ്, മാംസം എന്നിവ വിപണനം ചെയ്യുന്ന കമ്പനി ബെംഗളൂരുവിനു പുറമെ ഡല്‍ഹി, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.

Comments

comments

Categories: Entrepreneurship, Slider