ഹാത്‌വേയുടെയും ഡെന്നിന്റെയും ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആര്‍ഐഎല്‍

ഹാത്‌വേയുടെയും ഡെന്നിന്റെയും ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആര്‍ഐഎല്‍

ഇരു കമ്പനികളുടെയും ഓഹരികള്‍ക്ക് വിപണയില്‍ കുതിപ്പ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളായ ഹാത്‌വേ കേബിള്‍ & ഡാറ്റകോമിന്റെയും ഡെന്‍ നെറ്റ്‌വര്‍ക്ക്‌സിന്റെയും ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഒരുങ്ങുന്നു. റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമായ ‘ജിയോ ജിഗാഫൈബര്‍’ വിപുലീകരണം വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. അധികം വൈകാതെ ഹാത്‌വേയുടെയും ഡെന്നിന്റെയും ഭൂരിപക്ഷ ഓഹരികള്‍ കമ്പനി സ്വന്തമാക്കുമെന്നാണ് വിവരം.
രണ്ട് കമ്പനികളിലും 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ആര്‍ഐഎല്‍ ഏറ്റെടുക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതോടെ രണ്ട് കമ്പനികളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരവും ഉന്നതതല സമിതിയിലെ പങ്കാളിത്തവുമാണ് ആര്‍ഐഎല്ലിന് ലഭിക്കുക. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നേക്കും. ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ നിക്ഷേപം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനും ഡെന്നിന്റെയും ഹാത്‌വേയുടെയും ഉന്നതതലസമിതി ഇന്ന് യോഗം ചേരും.
രഹേജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഹാത്‌വേ കേബിള്‍. സമീര്‍ മാന്‍ചന്ദയുടെ ഉടമസ്ഥയിലുള്ള സ്ഥാപനമാണ് ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ്. റിലയന്‍സ് ഓഹരികള്‍ ഏറ്റെടുക്കുമെന്ന് വാര്‍ത്ത പുറത്തുവന്നതോടെ ഇരു കമ്പനികളുടെയും ഓഹരികള്‍ കുതിപ്പിലാണ്. ഹാത്‌വേ ഓഹരി മൂല്യത്തില്‍ 6.04 ശതമാനം വര്‍ധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഡെന്നിന്റെ ഓഹരികള്‍ 10.84 ശതമാനത്തിന്റെയും നേട്ടം കുറിച്ചു.
ഈ മാസം നാലാം തിയതിയാണ് ജിയോ ഫൈബര്‍ വിപുലീകരണം വേഗത്തിലാക്കുന്നതിന് ആര്‍ഐഎല്‍ ഹാത്‌വേയുമായി ചര്‍ച്ച ആരംഭിച്ചതായി ആദ്യം റിപ്പോര്‍ട്ട് വന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ഡെന്നുമായി ആര്‍ഐഎല്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, കമ്പനിയുമായി കരാറിലെത്താന്‍ റിലയന്‍സിന് കഴിഞ്ഞിരുന്നില്ല. ഹാത്‌വേയുടെയും ഡെന്നിന്റെയും ഓഹരികള്‍ ജിയോയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇരു കമ്പനികള്‍ക്കും 7.2 മില്യണ്‍ വീതം ഡിജിറ്റല്‍ കേബിള്‍ വരിക്കാരാണുള്ളത്. ഹാത്‌വേയ്ക്ക് 350 നഗരങ്ങളിലും ഡെന്നിന് 200 നഗരങ്ങളിലുമാണ് സാന്നിധ്യമുള്ളത്.
ഇന്ത്യന്‍ കേബിള്‍ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ 52.1 ശതമാനത്തിലധികം വിഹിതമാണ് ഹാത്‌വേയ്ക്കുള്ളത്. 5.5 മില്യണ്‍ വീടുകളിലേക്ക് സേവനമെത്തിക്കാനുള്ള ശേഷിയും കമ്പനിക്കുണ്ട്. 0.97 മില്യണ്‍ ഭവനങ്ങളില്‍ സേവനമെത്തിക്കാനുള്ള ശേഷിയാണ് ഡെന്നിനുള്ളത്. ഓഹരി ഏറ്റെടുക്കല്‍ നീക്കത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി തേടേണ്ടതുണ്ട്.

Comments

comments

Categories: Business & Economy