70.13 കോടി രൂപയുടെ ലാഭം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്

70.13 കോടി രൂപയുടെ ലാഭം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്

310 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് നേടാനായത്

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ഫലം പ്രഖ്യാപിച്ചു. 70.13 കോടി രൂപയുടെ അറ്റാദായമാണ് ഇക്കാലയളവില്‍ ബാങ്കിന് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 4.32 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.

ബിസിനസില്‍ 13.23 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ ബിസിനസ് കഴിഞ്ഞ വര്‍ഷത്തെ 1,16,859 കോടി രൂപയില്‍ നിന്നും 1,32,324 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ ആസ്തി ഗുണ നിലവാരം ഏറെക്കുറെ മാറ്റമില്ലാതെ നിലനിര്‍ത്താനായി. ആദ്യ പാദത്തെ അപേക്ഷിച്ച് ആസ്തി ഗുണനിലവാരത്തില്‍ ഏഴ് ബേസിസ് പോയ്ന്റിന്റെ ചെറിയ കുറവ് മാത്രമാണ് അനുഭവപ്പെട്ടത്. സെപ്റ്റംബര്‍ 30ലെ കണക്ക് പ്രകാരം ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ്‌സ്തി അനുപാതം 3.16 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. 4.61 ശതമാനമാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയാസ്തി അനുപാതം.

310 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് നേടാനായത്. 506 കോടി രൂപയുടെ പലിശ വരുമാനവും 158 കോടി രൂപയുടെ പലിശ ഇതര വരുമാനവും ഇക്കാലയളവില്‍ ബാങ്ക് രേഖപ്പെടുത്തി. നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.57 ശതമാനം വര്‍ധിച്ച് 74911 കോടി രൂപയിലെത്തി. വായ്പയില്‍ 15.48 വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഉണ്ടായത്. 57,413 കോടി രൂപയുടെ മൊത്തം വായ്പയാണ് ബാങ്ക് അനുവദിച്ചത്. 2017ല്‍ ഇത് 49,717 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് വായ്പയില്‍ 12.74 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

റീട്ടെയ്ല്‍, കാര്‍ഷിക, എംഎസ്എംഇ രംഗത്തേക്കുള്ള ദിശാമാറ്റത്തിന്റെ ഭാഗമായുണ്ടായ പ്രവര്‍ത്തന മികവില്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യു സംതൃപ്തി പ്രകടിപ്പിച്ചു. ഈ കാഴ്ചപ്പാട് ബാങ്കിന്റെ പ്രകടനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Banking, Slider
Tags: SIB