എംജി എസ്‌യുവിയുടെ ടീസര്‍ പുറത്ത്

എംജി എസ്‌യുവിയുടെ ടീസര്‍ പുറത്ത്

2019 രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ഷാങ്ഹായ് : എംജി മോട്ടോറിന്റെ ഇന്ത്യാ-ബൗണ്ട് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ടു. ഷാങ്ഹായില്‍ നടന്ന ചടങ്ങിലാണ് ടീസര്‍ പുറത്തിറക്കിയത്. യുകെ ആസ്ഥാനമായ എംജി മോട്ടോറിന്റെ ഉടമസ്ഥര്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്എഐസിയാണ്. 2019 രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ വാഹനം അവതരിപ്പിക്കും. ഇന്ത്യയില്‍ ഇലക്ട്രിക് എസ്‌യുവി കൊണ്ടുവരാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം എംജി മോട്ടോര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്നമായിരിക്കും ഇലക്ട്രിക് എസ്‌യുവി.

ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഫസിലിറ്റി കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ഹാലോളില്‍ എംജി മോട്ടോര്‍ ഉദ്ഘാടനം ചെയ്തിരുന്നു. തുടക്കത്തില്‍ 2000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ഇന്ത്യയില്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 80,000 കാറുകള്‍ നിര്‍മ്മിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ടാകും. ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ആകെ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

75 ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെയായിരിക്കും ആദ്യ മോഡല്‍ വിപണിയിലെത്തിക്കുന്നത്. വാഹനത്തിന്റെ വില പിടിച്ചുനിര്‍ത്താന്‍ പ്രാദേശിക വാഹനഘടകങ്ങളും പാര്‍ട്‌സുകളും സഹായിക്കും. എല്ലാ മോഡലുകളും യുകെയിലും ചൈനയിലും രൂപകല്‍പ്പന ചെയ്യുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ചാബ പറഞ്ഞു. തുടര്‍ന്ന് ഹാലോള്‍ പ്ലാന്റില്‍ നിര്‍മ്മിക്കും. ഹ്യുണ്ടായ് ടൂസോന്‍, ജീപ്പ് കോംപസ്, ഹോണ്ട സിആര്‍-വി എന്നിവയേക്കാള്‍ വലുപ്പമുള്ളതായിരിക്കും എംജി മോട്ടോറിന്റെ എസ്‌യുവി.

Comments

comments

Categories: Auto
Tags: MG SUV