ഇതൊന്നും പുരോഗമന സമൂഹത്തിന്റെ ലക്ഷണങ്ങളല്ല

ഇതൊന്നും പുരോഗമന സമൂഹത്തിന്റെ ലക്ഷണങ്ങളല്ല

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു സമൂഹമെന്ന നിലയിലുള്ള നമ്മുടെ കാഴ്ച്ചപ്പാടിന്റെ പോരായ്മയാണ്. ലിംഗനീതിയെന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ പുരോഗമനര്‍ എന്ന് മേനി പറയുമ്പോഴും നാം വികസിച്ചിട്ടില്ല എന്നത് അടിവരയിടുന്നു അത്

തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരെയുള്ള മീറ്റൂ കാംപെയ്ന്‍ ഇന്ത്യയിലാകെ പടര്‍ന്നുപിടിക്കുകയാണ്. എത്രമാത്രം പുരുഷകേന്ദ്രീകൃതമായ, പിന്തിരിപ്പന്‍ തൊഴില്‍ സാഹചര്യങ്ങളാണ് വിവിധ മേഖലകളില്‍ നിലനില്‍ക്കുന്നതെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്നു അത്. ഒപ്പം ലിംഗസമത്വത്തിനായുള്ള പുതിയൊരു സമാന്തര വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു മീറ്റൂ ഹാഷ്ടാഗ്. ഇതിനോടകം തന്നെ സമൂഹത്തില്‍ മാന്യന്മാരെന്നും പുരോഗമന നിലപാടുകാരെന്നും അഹങ്കരിക്കുന്ന പല പ്രമുഖരുടെയും പൊയ്മുഖങ്ങള്‍ മീറ്റൂ ഹാഷ്ടാഗ് വിപ്ലവത്തില്‍ അടര്‍ന്നു വീണുകഴിഞ്ഞു. സ്ത്രീയെ ലൈംഗികതയുടെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന പുരുഷകേന്ദ്രീകൃത ആവാസവ്യവസ്ഥയുടെ നിലവാരമില്ലാത്ത സ്വാഭാവിക പ്രതിഫലനമാണ് ഇതെല്ലാം. വിവാദത്തില്‍പെട്ട പല പ്രമുഖരുടെയും പ്രതികരണങ്ങള്‍ ഇനിയും തെറ്റുതിരുത്തില്ലെന്ന അഹന്തയുടെ പ്രഖ്യാപനങ്ങളാണ്.

പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇവിടുത്തെ ഓരോ ഭരണാധികാരിയും എപ്പോഴും ഓര്‍ക്കണം; ഏതൊരു സമൂഹത്തിന്റെയും പുരോഗതി വിലയിരുത്തപ്പെടുന്നത്, ആ സമൂഹം അവിടുത്തെ സ്ത്രീകളെ കാണുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയാണ്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പുരോഗമനത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ നമ്മുടെ സമൂഹം എവിടെയെത്തി എന്ന് ചിന്തിക്കേണ്ട സമയമാണിത്.

അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേയില്‍ പറയുന്നതനുസരിച്ച് 80 ശതമാനം പേരും പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ്. തനിക്ക് പുരുഷഅധികാരികളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ മാനസികമായോ ശാരീരികമായോ ഉള്ള പീഡനങ്ങള്‍ നേരിട്ടത് പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍ മോശം പ്രതിച്ഛായ ചാര്‍ത്തപ്പെടുന്നത് സ്ത്രീക്ക് തന്നെയാണെന്ന തോന്നലില്‍ നിന്നാണ് പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത്.

സര്‍വെയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ പറഞ്ഞത് തങ്ങള്‍ക്കോ തങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കോ ജോലി സമയങ്ങളില്‍ തൊഴിലിടങ്ങളില്‍ വെച്ച് തന്നെ പലതരത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നതായാണ്. എത്രമാത്രം സമ്മര്‍ദ്ദമേറിയും അരക്ഷിതത്വത്തില്‍ അധിഷ്ഠിതമായതുമാണ് പല തൊഴിലിടങ്ങളെന്നുമുള്ള വസ്തുത അടിവരയിടുന്നു ഈ കണക്കുകള്‍.

ലോകം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ സാംസ്‌കാരികമായുള്ള നമ്മുടെ മാറ്റവും അതനുസരിച്ച് സംഭവിക്കണം. പലപ്പോഴും ലിംഗസമത്വത്തിന്റെ കാര്യത്തില്‍ തീര്‍ത്തും പരിതാപകരമാണ് നമ്മുടെ അവസ്ഥ. ലിബറലിസത്തിലധിഷ്ഠിതമായ ഇന്ത്യയുടെ തനതായ കാഴ്ച്ചപ്പാടിലേക്ക് തിരിച്ചുപോകാന്‍ നമുക്ക് സാധിക്കുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. പുരോഗമനത്തിന്റെ പേരില്‍ ഇവിടെ നടക്കുന്ന പല കാര്യങ്ങളും തീര്‍ത്തും പിന്തിരിപ്പന്‍ സമീപനങ്ങളാണെന്നത് ലിബറിലസത്തിന്റെ വിശാലമായ തലങ്ങളെക്കുറിച്ചുള്ള ബോധ്യത്തിന്റെ കുറവ് തന്നെയാണ്.

ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 10 രാജ്യങ്ങളില്‍ യുഎസ് പോലുമില്ലെന്നത് ഏത് തരത്തിലുള്ള ചിന്താപദ്ധതികളാണ് നാം നടപ്പിലാക്കേണ്ടത് എന്ന ചര്‍ച്ചവരുമ്പോള്‍ നാം ഗൗരവത്തിലെടുക്കണം. ലോക ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഐസ്‌ലന്‍ഡും നോര്‍വെയും ഫിന്‍ലന്‍ഡും സ്വീഡനുമെല്ലാമാണ് ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സംതൃപ്തിയും സന്തോഷവും അനുഭവിക്കുന്നതും ഈ രാജ്യങ്ങളിലെ ജനങ്ങളൊക്കെ തന്നെയാണ്. ഇനിയെങ്കിലും സ്ത്രീ പുരുഷ സമവാക്യങ്ങളെ കുറിച്ചും തൊഴിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനുമുള്ള പങ്കിനെ കുറിച്ചുമെല്ലാമുള്ള നമ്മുടെ ധാരണകളില്‍ സമൂലമായ മാറ്റം വന്നേ തീരൂ. മാറ്റം പതുക്കെയല്ലേ സംഭവിക്കൂവെന്ന പതിവ് വാദങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ലെന്നും മനസിലാക്കുക.

Comments

comments

Categories: Editorial, Slider