ലുലു ഈജിപ്തില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ലുലു ഈജിപ്തില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

18 മാസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 15ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനും ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്

അബുദാബി: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ ശൃംഖല ലുലു ഗ്രൂപ്പ് ഈജിപ്തില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഈജിപ്തിലെ സിക്‌സ് ഒക്‌റ്റോബര്‍ സിറ്റി, ന്യൂ കെയ്‌റോ, ഒബ്വോര്‍ എന്നിവിടങ്ങളില്‍ നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി കെയ്‌റോയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്‌ബോലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.

വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് രണ്ട് ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ ഈജിപ്റ്റില്‍ തുടങ്ങാനും കമ്പനി പദ്ധതിയിട്ടുണ്ട്. ശീതീകരിച്ച മത്സ്യങ്ങളുടെ സംഭരണമാണ് ഇവിടെ പ്രധാനമായും നടക്കുക. ജിസിസി രാജ്യങ്ങള്‍, യൂറോപ്പ് എന്നീ വിപണികളിലേക്കാണ് കൂടുതലായും ശീതീകരിച്ച മത്സ്യം കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്നത്. ഏറ്റവുമധികം മത്സ്യ ഫാമുകള്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് പോര്‍ട്ട് സൈദിലാണ് മത്സ്യ സംസ്‌കരണ, കയറ്റുമതി കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്
ലുലു നേരത്തെ ഫിലിപ്പെയ്ന്‍സിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു. സൗദി അറേബ്യയില്‍ 2020ഓടെ ഒരു ബില്യണ്‍ സൗദി റിയാല്‍ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 15ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനും ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഇതില്‍ അഞ്ചെണ്ണം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കും.

Comments

comments

Categories: Business & Economy
Tags: Lulu group