ഇസുസു എംയു-എക്‌സ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ഇസുസു എംയു-എക്‌സ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 26.34 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : 2018 ഇസുസു എംയു-എക്‌സ് ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 26.34 ലക്ഷം രൂപ (2 വീല്‍ ഡ്രൈവ്) മുതല്‍ 28.31 ലക്ഷം രൂപ (4 വീല്‍ ഡ്രൈവ്) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ എസ്‌യുവി കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. ഇസുസു എംയു-7 എന്ന പഴയ ഫഌഗ്ഷിപ്പ് എസ്‌യുവിക്ക് പകരക്കാരനായി ഇന്ത്യയിലെത്തുകയായിരുന്നു. ശ്രദ്ധേയമായ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങളുമായാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത എംയു-എക്‌സ് വരുന്നത്. ചില ഫീച്ചറുകള്‍ പരിഷ്‌കരിച്ചതിനൊപ്പം പുതിയ ചിലത് നല്‍കുകയും ചെയ്തു.

2018 ഇസുസു എംയു-എക്‌സ് എസ്‌യുവിയുടെ എക്സ്റ്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗ്രില്‍ ചെറുതായി പരിഷ്‌കരിച്ച് മുഖം മിനുക്കി. പാര്‍ശ്വങ്ങളില്‍ പുതിയ, കൂടുതല്‍ അഗ്രസീവ് ലുക്കിംഗ് ഹെഡ്‌ലാംപുകള്‍ നല്‍കി. പ്രൊജക്റ്റര്‍ ലെന്‍സുകളുള്ള ഹെഡ്‌ലാംപുകളുടെ കൂടെ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. മുന്‍ ബംപറിലും മാറ്റം വരുത്തി. ഫോഗ് ലാംപുകള്‍ക്ക് കൂടുതല്‍ അഗ്രസീവ് ഡിസൈന്‍ നല്‍കിയിരിക്കുന്നു. കണ്‍പുരികമെന്ന പോലെ ഡാര്‍ക്ക് ക്രോം ഇന്‍സെര്‍ട്ടുകള്‍ കാണാം. പുതിയ ട്വിന്‍-5 സ്‌പോക്ക് അലോയ് വീലുകളും എംയു-എക്‌സ് ഫേസ്‌ലിഫ്റ്റിന് ലഭിച്ചു. പ്രൊഫൈലില്‍ മറ്റ് മാറ്റങ്ങളില്ല. പരിഷ്‌കരിച്ച ടെയ്ല്‍ലൈറ്റുകള്‍, പുതിയ ബംപര്‍ സ്റ്റൈലിംഗ്, വലിയ റൂഫ് സ്‌പോയ്‌ലര്‍ എന്നിവയാണ് പിന്‍വശത്തെ പുതുവിശേഷങ്ങള്‍.

2018 ഇസുസു എംയു-എക്‌സ് എസ്‌യുവിയുടെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നിലനിര്‍ത്തിയിരിക്കുന്നു. 174 ബിഎച്ച്പി കരുത്തും 380 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധമാണ് എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓയില്‍ ബര്‍ണറുമായി 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. എന്നാല്‍ 4 വീല്‍ ഡ്രൈവ് ടെറെയ്ന്‍ കമാന്‍ഡ് വേരിയന്റില്‍ ഷിഫ്റ്റ്-ഓണ്‍-ഫ്‌ളൈ ഡയല്‍ കാണാം.

കാബിനില്‍ വലിയ മാറ്റങ്ങളില്ല. എന്നാല്‍ സീറ്റുകള്‍ക്ക് പുതിയ അപ്‌ഹോള്‍സ്റ്ററിയും ഏതാനും പുതിയ ഫീച്ചറുകളും ലഭിച്ചിരിക്കുന്നു. സുരക്ഷയുടെ കാര്യമെടുത്താല്‍ ആറ് എയര്‍ബാഗുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. നേരത്തെ രണ്ടെണ്ണം മാത്രമായിരുന്നു. ഫുള്‍-സൈസ് എസ്‌യുവികളായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, സ്‌കോഡ കോഡിയാക്ക്, ഈയിടെ പുറത്തിറക്കിയ ന്യൂ-ജെന്‍ ഹോണ്ട സിആര്‍-വി തുടങ്ങിയവയാണ് 2018 ഇസുസു എംയു-എക്‌സിന്റെ എതിരാളികള്‍. വില കണക്കിലെടുക്കുമ്പോള്‍ 5 സീറ്റര്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാനും എതിരാളിയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയാണ് എംയു-എക്‌സ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.

Comments

comments

Categories: Auto