വ്യാപാര കമ്മി കുറഞ്ഞു; ഇറക്കുമതി വളര്‍ച്ച മാന്ദ്യത്തില്‍

വ്യാപാര കമ്മി കുറഞ്ഞു; ഇറക്കുമതി വളര്‍ച്ച മാന്ദ്യത്തില്‍

നടപ്പു സാമ്പത്തിക വര്‍ഷം ആറ് മാസത്തിനിടെ ഇതാദ്യമായാണ് കയറ്റുമതി വരുമാനം ഇടിയുന്നത്

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 13.98 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വ്യാപാര കമ്മിയാണ് രാജ്യം സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഇക്കാലയളവില്‍ ഇറക്കുമതി വളര്‍ച്ചയും മന്ദഗതിയിലായിരുന്നുവെന്ന് വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു രാജ്യത്തിന്റെ മൊത്തം ഇറക്കുമതി ചെലവ് കയറ്റുമതി വരുമാനത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് വ്യാപാര കമ്മി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തിനിടയിലെ ഇന്ത്യയുടെ മൊത്തം വ്യാപാര കമ്മി 94.32 ബില്യണ്‍ ഡോളറാണ്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഏകദേശം 17-18 ബില്യണ്‍ ഡോളറിനടുത്തായിരുന്നു ഇന്ത്യയുടെ വ്യാപാര കമ്മി. ഇതാണ് സെപ്റ്റംബറില്‍ 13.98 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയത്. സീസണല്‍ ഘടകങ്ങളുടെ സ്വാധീന ഫലമായാണ് വ്യാപാര കമ്മി ചുരുങ്ങിയതെന്നും ഇത് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും റേറ്റിംഗ് ഏജന്‍സിയായ ഐക്രയില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധ അദിതി നയ്യാര്‍ പറഞ്ഞു.
ക്രൂഡ് ഓയില്‍ വില വര്‍ധനയുടെയും രൂപയുടെ മൂല്യ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ കറന്റ് എക്കൗണ്ട് കമ്മി വര്‍ധന നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് സെപ്റ്റംബറിലെ വ്യാപാര കമ്മി സംബന്ധിച്ച കണക്കുകള്‍. അതേസമയം, വാര്‍ഷികാടിസ്ഥാനത്തില്‍ വ്യാപാര കമ്മിയില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായിട്ടുള്ളത്. 2017 സെപ്റ്റംബറില്‍ 9 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ വ്യാപാര കമ്മി. സീസണല്‍ ഘടകങ്ങളുടെ ഫലമായി താല്‍ക്കാലികമായാണ് സെപ്റ്റംബറില്‍ വ്യാപാര കമ്മിയിലുണ്ടായ ഇടിവെന്ന് വ്യക്തമാക്കുന്നതാണിതെന്ന് അദിതി നയ്യാര്‍ വിശദീകരിച്ചു.
സെപ്റ്റംബറില്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവില്‍ 10.45 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 41.9 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ മാസം ഇറക്കുമതിക്കായി രാജ്യം ചെലവഴിച്ചത്. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം 16.6 ശതമാനം വര്‍ധനയാണ് ഇറക്കുമതി ചെലവില്‍ ഉണ്ടായത്. ഇന്ത്യയുടെ കയറ്റുമതി വരുമാനം കഴിഞ്ഞ മാസം വാര്‍ഷികാടിസ്ഥാനത്തില്‍ 2.15 ശതമാനം ഇടിഞ്ഞ് 27.95 ബില്യണ്‍ ഡോളറായി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആറ് മാസത്തിനിടെ ഇതാദ്യമായാണ് കയറ്റുമതി വരുമാനം ഇടിയുന്നത്. ഇക്കാലയളവിലെ മൊത്തം കയറ്റുമതി വരുമാനത്തില്‍ 12.54 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ജിഎസ്ടി നടപ്പില്‍ വന്നതിനുശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ സാധാരണയിലും കൂടുതല്‍ വര്‍ധനയുണ്ടായിരുന്നു. ഇതാണ് ഈ വര്‍ഷം സെപ്റ്റംബറിലെ കയറ്റുമതി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിഞ്ഞതായി രേഖപ്പെടുത്താനുള്ള പ്രധാന കാരണമെന്ന് വാണിജ്യ മന്ത്രാലയം പറയുന്നു. രാസവളങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, കോട്ടണ്‍ നൂല്, ഫാബ്രിക്, പ്ലാസ്റ്റിക് എന്നിവയുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ജനുവരി മുതല്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഏകദേശം 15 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വാരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 74ലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചില കമ്മ്യൂണിക്കേഷന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ 20 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം അവശ്യമല്ലാത്ത 19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Import