വിട, മൈക്രോസോഫ്റ്റിന്റെ ‘ഐഡിയ മാന്‍’

വിട, മൈക്രോസോഫ്റ്റിന്റെ ‘ഐഡിയ മാന്‍’

മൈക്രോസോഫ്റ്റ് എന്നു കേള്‍ക്കുമ്പോള്‍ നമ്മളുടെ മനസില്‍ ആദ്യം തെളിയുന്നത് ബില്‍ ഗേറ്റ്‌സിന്റെ ചിത്രമാണ്. പോള്‍ അലന്‍ എന്ന വ്യക്തിയെ കുറിച്ച് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയുകയുമില്ല. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകരിലൊരാളാണു പോള്‍ ജി. അലന്‍. ഗേറ്റ്‌സും പോളും ചേര്‍ന്നാണു മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. മൈക്രോസോഫ്റ്റിന്റെ ഐഡിയ മാന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ആപ്പിളിന് എപ്രകാരമായിരുന്നോ സ്റ്റീവ് ജോബ്‌സ്, സമാനമായിരുന്നു മൈക്രോസോഫ്റ്റിന് പോള്‍ അലനും. താന്‍ നിര്‍മിക്കുന്ന ഉത്പന്നം ഏങ്ങനെയാണ് ഓരോരുത്തരുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ പോകുന്നതെന്നു പോള്‍ അലനും സ്റ്റീവ് ജോബ്‌സും ചിന്തിച്ചിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ജീനിയസായിരുന്നു പോള്‍ അലന്‍. സ്റ്റീവ് ജോബ്‌സ് ആകട്ടെ ഡിസൈനിംഗില്‍ പ്രതിഭ തെളിയിച്ചു. സ്റ്റീവ് ജോബ്‌സില്‍ കുടി കൊണ്ട ഇന്നൊവേഷന്‍ എന്ന മാന്ത്രികതയാണ് ആപ്പിളിന്റെ വിജയത്തിനു കാരണമായി തീര്‍ന്നത്. പോള്‍ തന്റെ സൗമ്യവും, സ്ഥിരതയുമുള്ള വഴിയിലൂടെ സഞ്ചരിച്ചു മാസ്മരിക ഉത്പന്നങ്ങളും, അനുഭവങ്ങളും, സ്ഥാപനങ്ങളും സൃഷ്ടിക്കുകയും സമ്മാനിക്കുകയും ചെയ്തു. അതിലൂടെ അദ്ദേഹം ലോകത്തെ മാറ്റിമറിച്ചു.

1960-കളില്‍ അമേരിക്കയിലുള്ള സിയാറ്റിലില്‍ ലേക്ക്‌സൈഡ് സ്‌കൂളില്‍ പഠിച്ചിരുന്ന കൗമാരക്കാരായ രണ്ട് വിദ്യാര്‍ഥികളായിരുന്നു വില്യം ഹെന്റി ഗേറ്റ്‌സും, പോള്‍ ഗാര്‍ഡ്‌നര്‍ അലനും. 1968-ല്‍ സ്‌കൂളിലെ കമ്പ്യൂട്ടര്‍ മുറിയില്‍ വച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് പോളും, ഗേറ്റ്‌സും സുഹൃത്തുക്കളായി. ഇവരുടെ സൗഹൃദം പില്‍ക്കാലത്ത് ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഉത്പന്നം രൂപം കൊടുക്കുന്നതിലേക്കു നയിച്ചു. സ്‌കൂള്‍ പഠന കാലത്തായിരുന്ന പോളും, വില്യമും കമ്പ്യൂട്ടിംഗില്‍ ആദ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. സിയാറ്റിലിലുള്ള ലേക്ക്‌സൈഡ് സ്‌കൂളിലെ ടെലിടൈപ്പ് ടെര്‍മിനല്‍ ഉപയോഗപ്പെടുത്തിയായിരുന്നു പോളും, ഗേറ്റ്‌സും തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. ഈ ടെര്‍മിനല്‍ വളരെ ദൂരെയുള്ള ഒരു കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു കൊണ്ട് ടൈം ഷെയറിംഗ് കംപ്യൂട്ടര്‍ സിസ്റ്റം മാതൃകയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പല ഉപഭോക്താക്കള്‍ക്കായി ഒരു കംപ്യൂട്ടിംഗ് മെഷീന്‍ തന്നെ പങ്കുവയ്ക്കുന്ന സംവിധാനത്തെയാണു ടൈം ഷെയറിംഗ് എന്ന് പറയുന്നത്. ഒരേ സമയത്ത് തന്നെ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് ഇത് ഉപയോഗപ്പെടുത്താം.

വഴിത്തിരിവായ മിറ്റ്‌സ്

സ്‌കൂള്‍ പഠനം കഴിഞ്ഞ് SAT ടെസ്റ്റില്‍ 1,600 സ്‌കോര്‍ ചെയ്ത് അലന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. SAT എന്നാല്‍ Scholastic Aptitude Test എന്നാണ്. 1926 മുതല്‍ യുഎസില്‍ കോളേജ് പ്രവേശനത്തിന് ഉപയോഗിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് പരീക്ഷയാണ്. വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം അവിടെ നിന്നും പോള്‍ പഠനം അവസാനിപ്പിച്ച് ബോസ്റ്റണിലുള്ള ഹണിവെല്ലില്‍ (Honeywell) പ്രോഗ്രാമറായി ജോലിക്കു ചേര്‍ന്നു. ആ സമയത്ത് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബില്‍ ഗേറ്റ്‌സ് പഠിക്കുകയായിരുന്നു. അക്കാലത്ത് ഒരു ഇലക്ട്രോണിക്‌സ് മാസികയില്‍ മൈക്രോ കമ്പ്യൂട്ടറിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു വായിച്ച പോള്‍, ഗേറ്റ്‌സിനെ വിളിച്ചു. ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്യുവിലുള്ള മിറ്റ്‌സ് (Micro Instrumentation and Telemetry Systems) എന്ന സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടു. മിറ്റ്‌സായിരുന്നു ആള്‍ട്ടെയ്ര്‍ 8800 എന്നു പേരിട്ട ഈ മൈക്രോ കമ്പ്യൂട്ടര്‍ വികസിപ്പിച്ചത്. പക്ഷേ, ഈ കമ്പ്യൂട്ടറിന് സോഫ്റ്റ്‌വെയറില്ലായിരുന്നു. കമ്പ്യൂട്ടറിനു വേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു തരാമെന്നു മിറ്റ്‌സിനെ അറിയിക്കുന്നതിനു വേണ്ടിയായിരുന്നു പോള്‍, ഗേറ്റ്‌സിനോടു മിറ്റ്‌സിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത്. മിറ്റ്‌സിന് ഇവരുടെ ആദ്യ വാഗ്ദാനമായിരുന്നു Microsoft Basic. ഹൈ ലെവല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളുടെ ഒരു കുടുംബം ആണു ബേസിക് (BASIC). ബിഗിനേഴ്‌സ് ഓള്‍ പര്‍പ്പസ് സിംബോളിക് ഇന്‍സ്ട്രക്ഷന്‍ കോഡ് എന്നാണു ബേസിക്കിന്റെ പൂര്‍ണനാമം. വൈദഗ്ധ്യം ആര്‍ജ്ജിച്ച കോഡ് ക്രീയേറ്റര്‍മാരായിരുന്നു പോളും, ഗേറ്റ്‌സും. തീവ്ര ഉത്കര്‍ഷേച്ഛയും നിശ്ചയദാര്‍ഢ്യവുമുള്ള ബിസിനസുകാരനായിരുന്നു ഗേറ്റ്‌സ്. എന്നാല്‍ പോള്‍ നല്ലൊരു നെഗോഷ്യേറ്ററായിരുന്നു.

മൈക്രോസോഫ്റ്റ് രൂപം കൊള്ളുന്നു

1975-ലാണു മൈക്രോസോഫ്റ്റ് കമ്പനിയായി രൂപമെടുത്തത്. അന്ന് പോളിന് പ്രായം 22. ബില്‍ ഗേറ്റ്‌സിന് 19-ും. പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ജീനിയസ്സായിരുന്നു. ഗേറ്റ്‌സാകട്ടെ, ബിസിനസില്‍ വൈദഗ്ധ്യമുള്ള വ്യക്തിയായിരുന്നു. ഇരുവരുടെയും കഴിവുകള്‍ ഒരുമിച്ചു ചേര്‍ന്നതാണു മൈക്രോസോഫ്റ്റിന്റെ വിജയം.
1975-ല്‍ രൂപം കൊണ്ട് മൈക്രോസോഫ്റ്റ് ഓഫീസ് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂ മെക്‌സിക്കോയില്‍നിന്നും സിയാറ്റിലിലേക്ക് പ്രവര്‍ത്തനം മാറ്റി. 1980-കളുടെ ആദ്യം, പോള്‍ മൈക്രോസോഫ്റ്റ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍നിന്നും പതുക്കേ പിന്മാറി. ഗേറ്റ്‌സുമായുള്ള ബന്ധത്തില്‍ തകര്‍ച്ച സംഭവിച്ചതായിരുന്നു കാരണം. ഇതിനു പുറമേ പോളിന്റെ ആരോഗ്യനിലയും മോശമാവുകയുണ്ടായി. 1982-ല്‍ പോളിന് Hodgkin’s lymphoma എന്ന അര്‍ബുദം ഡയഗ്‌നോസ് ചെയ്യപ്പെട്ടു. ആരംഭകാലത്ത് തന്നെ രോഗനിര്‍ണയം നടത്തിയതു കൊണ്ട് പോളിന് 36 വര്‍ഷം കൂടി ജീവിക്കാന്‍ സാധിച്ചു. ഈ മൂന്നര പതിറ്റാണ്ട് കാലത്തിനിടെയാണു പോള്‍ അവിശ്വസനീയമാം വിധം ധനം സമ്പാദിച്ചതും, നിരവധി പ്രഫഷണല്‍ സ്‌പോര്‍ട്‌സ് ടീമിനെ സ്വന്തമാക്കിയതും, ടെക്‌നോളജി രംഗത്തും, ജീവകാരുണ്യ മേഖലയിലും എന്നും നിലനില്‍ക്കുന്നൊരു പാരമ്പര്യം സൃഷ്ടിച്ചതും. മൈക്രോസോഫ്റ്റില്‍നിന്നും 1980-കളുടെ ആദ്യത്തില്‍ പടിയിറങ്ങിയെങ്കിലും പോള്‍ മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ 2000 വരെ തുടര്‍ന്നിരുന്നു.

മൈക്രോസോഫ്റ്റിന്റെ നല്ല കാലം

1980-കളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎം മൈക്രോസോഫ്റ്റിനോട് ഓപറേറ്റിംഗ് സിസ്റ്റം (ഒഎസ്) വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതോടെയാണു മൈക്രോസോഫ്റ്റിന്റെ നല്ല കാലം ആരംഭിച്ചത്. ഐബിഎമ്മിന്റെ ആവശ്യം നിറവേറ്റാന്‍ മൈക്രോസോഫ്റ്റ് പ്രോഗ്രാമറായ ടിം പാറ്റേഴ്‌സനില്‍നിന്നും 50,000 ഡോളര്‍ നല്‍കി QDOS എന്നൊരു ഓപറേറ്റിംഗ് സിസ്റ്റം (ഒഎസ്) വാങ്ങിക്കുകയും അതില്‍ ചില മിനുക്ക് പണികള്‍ ചെയ്തതിനു ശേഷം,DOS എന്നു പുനര്‍നാമകരണം ചെയ്യുകയുമായിരുന്നു. ഇതു പിന്നീട് ഐബിഎമ്മിന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ പ്രധാന ഭാഗമാവുകയും ചെയ്തു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വ്യവസായത്തില്‍ മൈക്രോസോഫ്റ്റിനു നിര്‍ണായക സ്വാധീനം കൈവന്നത് ചുരുങ്ങിയ സമയം കൊണ്ടാണ്. മൈക്രോസോഫ്റ്റിന്റെ രണ്ട് ക്ലാസിക് ഉത്പന്നങ്ങളായ എംഎസ് വേഡിന്റെയും, വിന്‍ഡോസ് ഒഎസിന്റെും ആദ്യ പതിപ്പ് 1983 ലാണു പുറത്തിറക്കിയത്.1991-ാടെ ലോകത്തെ 93 ശതമാനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റ് ഒഎസ് ഉപയോഗിക്കുന്ന തലത്തിലേക്ക് എത്തി.

ദീര്‍ഘദര്‍ശിയും മനുഷ്യസ്‌നേഹിയുമായ പോള്‍ അലന്‍

യുഎസില്‍ 42-ാളം പേറ്റന്റുകള്‍ സ്വന്തം പേരിലുണ്ടായിരുന്ന പോള്‍ അലന്‍, മൈക്രോസോഫ്റ്റിന്റെ ആദ്യകാല വിജയത്തിനു നേതൃത്വം കൊടുത്ത ടെക്‌നോളജി വിഷനറി എന്നു സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ്. ഇന്റര്‍നെറ്റിനു മുമ്പ് തന്നെ പരസ്പര ബന്ധിത കമ്പ്യൂട്ടിംഗിന്റെ ഭാവി കണ്ടു എന്നതിലായിരുന്നു പോള്‍ അലന്റെ വിജയം. ശതകോടീശ്വരനായിരുന്നപ്പോഴും പോള്‍ അലന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കിയിരുന്നു. സമുദ്ര സംരക്ഷണത്തിനും, ഭവനരഹിതരെ സഹായിക്കാനും അദ്ദേഹം ഉദാരമായി സംഭാവന ചെയ്തിരുന്നു. ഏകദേശം രണ്ട് ബില്യന്‍ യുഎസ് ഡോളര്‍ ഇതിനായി സംഭാവന ചെയ്തിട്ടുണ്ട്. ഫോബ്‌സ് മാസികയുടെ കണക്ക്പ്രകാരം, പോള്‍ അലന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 20.3 ബില്യന്‍ ഡോളറാണ്.

കായിക പ്രേമി

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങള്‍ക്കപ്പുറം രണ്ട് കാര്യങ്ങളില്‍ അഥവാ രണ്ട് ഒബ്‌സെഷനുകളില്‍ കേന്ദ്രീകൃതമായിരുന്ന പോള്‍ അലന്റെ ജീവിതം. ഒന്ന് സ്‌പോര്‍ട്‌സ് ആയിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്ത് പസഫിക് സമുദ്രത്തില്‍ തകര്‍ന്നിട്ടുള്ള കപ്പലുകളെ കുറിച്ച് പര്യവേക്ഷണം നടത്തുന്നതായിരുന്നു രണ്ടാമത്തെ കാര്യം. സമീപവര്‍ഷങ്ങളില്‍ നിരവധി പര്യവേക്ഷണങ്ങള്‍ക്കു പോള്‍ അലന്‍ പണം ചെലവഴിച്ചിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ഈയടുത്ത കാലത്ത് കണ്ടെടുത്ത ജപ്പാന്റെയും യുഎസിന്റെ കപ്പലുകള്‍ ഇത്തരത്തില്‍ പോള്‍ അലന്റെ നേതൃത്വത്തില്‍ നടന്ന പര്യവേക്ഷണത്തിന്റെ ഫലമായിരുന്നു. ഫിലിപ്പീന്‍സിനു സമീപമുള്ള സമുദ്രത്തില്‍നിന്നുമായിരുന്നു ജപ്പാന്റെ യുദ്ധക്കപ്പലായ മുസാഷിയെ 2015-ല്‍ കണ്ടെത്തിയത്. ഈ കപ്പലിനെ മുക്കിയത് 1944 ഒക്ടോബറില്‍ യുഎസ് സൈന്യമായിരുന്നെന്നു പറയപ്പെടുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ദക്ഷിണ പസഫിക്കിലെ സോളമന്‍ ഐലന്‍ഡ്‌സിനു സമീപത്തുനിന്നും യുഎസിന്റെ കപ്പല്‍ കണ്ടെത്തിയത്.

കായികലോകത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു പോള്‍ അലന്. അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ (എന്‍ബിഎ) പോര്‍ട്ട്‌ലാന്‍ഡ് ട്രെയ്ല്‍ ബ്ലേസേഴ്‌സ്, നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ സിയാറ്റില്‍ സീഹാക്ക്‌സ് എന്നീ രണ്ട് പ്രഫഷണല്‍ കായിക ടീമുകളെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെക്‌നോളജി രംഗത്തും, കായിക ലോകത്തും, ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച പോള്‍ അലന്‍, വള്‍ക്കന്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനവും ആരംഭിക്കുകയുണ്ടായി.

Comments

comments

Categories: Slider, Tech