ഭവന വൈദ്യുതീകരണം നേരത്തെ പൂര്‍ത്തിയാക്കിയാല്‍ 100 കോടി സമ്മാനം

ഭവന വൈദ്യുതീകരണം നേരത്തെ പൂര്‍ത്തിയാക്കിയാല്‍ 100 കോടി സമ്മാനം

സൗഭാഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനാണ് കേന്ദ്രം പാരിതോഷികം പ്രഖ്യാപിച്ചത്; ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയും വാഗ്ദാനം

ന്യൂഡെല്‍ഹി: സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ ഭവന വൈദ്യുതീകരണ പരിപാടി നിശ്ചയിച്ചതിലും നേരത്തേ പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 100 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച് ഊര്‍ജ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടക്കം കുറിച്ച 16,320 കോടി രൂപയുടെ പദ്ധതി പ്രകാരം ഭവന വൈദ്യുതീകരണ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ ഭാഗഭാക്കായ ജീവനക്കാര്‍ക്കും ആകെ 50 ലക്ഷം രൂപ പുരസ്‌കാരമായി ലഭിക്കും. പദ്ധതിയുടെ നടത്തിപ്പ് അവലോകനം ചെയ്യാന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിംഗ് അറിയിച്ചതാണ് ഇക്കാര്യം. 99 ശതമാനം ഭവന വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ എട്ട് സംസ്ഥാനങ്ങളെ അവാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളം, ഗുജറാത്ത്, പഞ്ചാബ്, ഗോവ, ആന്ധ്രാ പ്രദേശ്, ഹരിയാന, തമിഴ്‌നാട് ഹിമാചല്‍ പ്രദേശ് എന്നിവയാണ് ഒഴിവാക്കപ്പെട്ട സംസ്ഥാനങ്ങള്‍.

പദ്ധതി പൂര്‍ത്തിയാക്കേണ്ട സംസ്ഥാനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മലനിരകളോട് കൂടിയ മറ്റ് സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക വിഭാഗവും ഇതില്‍ പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു പുറമേ സംസ്ഥാനങ്ങളെ രണ്ട് വിശാല വിഭാഗങ്ങളായിക്കൂടി തരം തിരിച്ചിട്ടുണ്ട്. വൈദ്യുതീകരിക്കപ്പെടാനുള്ള ഭവനങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ താഴെ മാത്രം വരുന്ന സംസ്ഥാനങ്ങളാണ് ഇതില്‍ ഒന്നാമത്തെ വിഭാഗം. അഞ്ച് ലക്ഷത്തിലേറെ ഭവനങ്ങള്‍ വൈദ്യുതീകരിക്കാനുള്ള സംസ്ഥാനങ്ങള്‍ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടും. ഊര്‍ജ വിതരണ കമ്പനികളിലെ ജീവനക്കാര്‍ക്കുള്ള 50 ലക്ഷം രൂപ പാരിതോഷികത്തില്‍ 20 ലക്ഷം രൂപ പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ച കമ്പനികളിലെ ഡിവിഷന്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുമെന്നും സിംഗ് വ്യക്തമാക്കി.

ഉല്‍പ്പാദന ഘടകങ്ങളുമായി ബന്ധിപ്പിച്ച സൗരോര്‍ജ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സിംഗ് പറഞ്ഞു. അടുത്തിടെ 10 ജിഗാവാട്ടിന്റെ സൗരോര്‍ജ ടെണ്ടര്‍ നവംബര്‍ 12 വരെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നീട്ടി വെച്ചിരുന്നു. മൂന്നാം തവണയാണ് ഈ പദ്ധതിക്കുള്ള ടെണ്ടര്‍ മാറ്റി വെക്കുന്നത്. നിലവിലെ കുറഞ്ഞ സമയക്രമം, ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുമെന്ന നിലപാടിലാണ് ബിഡര്‍മാര്‍ എന്ന് മന്ത്രി വിശദമാക്കി. ഈ സാഹചര്യത്തില്‍ മേക്ക് ഇന്‍ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ടെണ്ടര്‍ നടപടികള്‍ നീട്ടിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Comments

comments

Categories: FK News

Related Articles