ഒലയുടെ ഫുഡ്പാണ്ട ഹൊലഷെഫിനെ ഏറ്റെടുത്തു

ഒലയുടെ ഫുഡ്പാണ്ട ഹൊലഷെഫിനെ ഏറ്റെടുത്തു

ഒരു വര്‍ഷത്തിനിടെ ഒല നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കിച്ചണ്‍ ശൃംഖല വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഒല സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍

ബെംഗളൂരു: ഒലയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ ഫുഡ്പാണ്ട ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ഹൊലഷെഫിനെ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഏറ്റെടുക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്ന് മാസങ്ങള്‍ക്കുശേഷമാണ് ഫുഡ്പാണ്ട ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായി സ്വന്തം ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചുകൊണ്ട് ക്ലൗഡ് കിച്ചണ്‍ മേഖലയിലേക്ക് ചുവടുവെക്കാന്‍ ഇത് ഫുണ്ട്പാണ്ടയ്ക്ക് സഹായകമാകും.

ഏറ്റെടുക്കലിന്റെ ഭാഗമായി ഹൊലഷെഫ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള ആസ്തികളെല്ലാം ഒല സ്വന്തമാക്കും. സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരും മറ്റ് ജീവനക്കാരും ഫുഡ്പാണ്ടയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഹൊലഷെഫ് സഹസ്ഥാപകന്‍ സൗരഭ് സക്‌സേന ഇപ്പോള്‍ തന്നെ ഫുണ്ട്പാണ്ടയുടെ മുംബൈ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. കൂടാതെ കഴിഞ്ഞ ഏപ്രില്‍, മേയ് കാലയളവില്‍ പല ജീവനക്കാരും ഫുണ്ട്പാണ്ടയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചിരുന്നു. സാമ്പത്തിക വിവരങ്ങള്‍ ലഭ്യമല്ല.

ഹൊല ഷെഫ് ടീമിനെ ഫുണ്ട്പാണ്ടയിലേക്ക് സ്വീകരിക്കുന്നതില്‍ വലിയ ആവേശഭരിതനാണ് താനെന്ന് ഒല സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കിച്ചണ്‍ ശൃംഖല വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭവീഷ് വ്യക്തമാക്കി.

2014 ല്‍ സൗരഭ് സക്‌സേന, അനില്‍ ഗെല്‍റ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഹൊലാഷെഫ് കേന്ദ്രീകൃത അടുക്കളകളില്‍ പാചകവിദഗ്ധര്‍ തയാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. കലാരി കാപ്പിറ്റല്‍, ഇന്ത്യ ക്വോഷ്യന്റ്,സിഗ്ബി വെഞ്ച്വേഴ്‌സ്, ഇന്നൊവെന്‍ കാപ്പിറ്റല്‍ തുടങ്ങിയവരുടെ പിന്തുണയുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പില്‍ രത്തന്‍ ടാറ്റയ്ക്കും നിക്ഷേപമുണ്ടായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മുംബൈ വ്യവസായിയായ അശോക് കുമാര്‍ ഗജേരയില്‍ നിന്ന് രണ്ടു കോടി രൂപ സമാഹരിച്ചതിനുശേഷം ഹൊലാഷെഫിന്റെ വിപണി മൂല്യം 177 കോടി രൂപയായി ഉയര്‍ന്നിരുന്നു.

ഒരു വര്‍ഷത്തിനിടെ ഒല നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണിത്. ജര്‍മനിയുടെ ഡെലിവെറി ഹീറോ ഗ്രൂപ്പില്‍ നിന്നാണ് ഫുഡ്പാണ്ടയെ കഴിഞ്ഞ ഡിസംബറില്‍ ഒല ഏറ്റെടുത്തത്. ഒരു ലക്ഷത്തിലധികം ഡെലിവറി പങ്കാളികളും 150 ദശലക്ഷത്തിലധികം ഉപഭോക്താക്കളും ഫുഡ്പാണ്ടയ്ക്കുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 2015ല്‍ ഒല കഫെ എന്ന സംരംഭവുമായി ഭക്ഷ്യമേഖലയിലേക്ക് ചുവടുവെച്ചെങ്കിലും ആപ്പ് അധിഷ്ഠിത ടാക്‌സി മേഖലയിലെ പ്രധാന കമ്പനിയായ ഒലയ്ക്ക് അത് വിജയിപ്പിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ പൂര്‍ണസജ്ജമായി ഭക്ഷ്യവിതരണരംഗത്ത് കുതിപ്പുണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം.

യുബര്‍ ഈറ്റ്‌സ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികളാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ ഒലയുടെ പ്രധാന എതിരാളികള്‍.

Comments

comments

Categories: FK News