ഫാര്‍മേഴ്‌സ് എഫ്ഇസെഡ് നിക്ഷേപം സമാഹരിച്ചു

ഫാര്‍മേഴ്‌സ് എഫ്ഇസെഡ് നിക്ഷേപം സമാഹരിച്ചു

നാലു വര്‍ഷത്തിനുള്ളില്‍ ഏഴു നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതി

കൊച്ചി: പഴങ്ങളുടെയും പച്ചക്കറികളുടെയും ഓണ്‍ലൈന്‍ വിപണിയായ ഫാര്‍മേഴ്‌സ് എഫ്ഇസെഡ് ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്, ഐഎഎന്‍ ഫണ്ട്, മലബാര്‍ ഏയ്ഞ്ചല്‍സ്, ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് നേറ്റീവ്‌ലീഡ് തുടങ്ങിയവരില്‍ നിന്ന് പ്രാരംഭഘട്ട മൂലധനസമാഹരണം നടത്തി. നാഗാരാജാ പ്രകാശം, പി കെ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഐഎഎന്‍ ഫണ്ടിംഗിന് നേതൃത്വം നല്‍കിയത്. ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ പ്രൈവറ്റ് ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ്എഫ്ഇസെഡ് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറിഫലവര്‍ഗങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ.്

ഉല്‍പ്പന്ന വിഭാഗം വികസിപ്പിക്കുക, ഉപഭോക്താക്കളെ ആകര്‍ഷിക്കുക, വിപണി വിപുലീകരണം തുടങ്ങിയ പദ്ധതികള്‍ക്കുവേണ്ടിയാകും നിക്ഷേപ തുക വിനിയോഗിക്കുക. 2015ല്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായ പ്രദീപ് പി എസ് സ്ഥാപിച്ച ഫാര്‍മേഴ്‌സ് എഫ്ഇസെഡ് ആദ്യമായിട്ടാണ് പുറത്തുനിന്ന് നിക്ഷേപം സമാഹരിക്കുന്നത്. ശരിയായ ടെക്‌നോളജിയും വിപണി പ്രവേശനത്തിനുള്ള സൗകര്യവുമുണ്ടെങ്കില്‍ എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളും ഉയര്‍ന്ന മൂല്യത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് തങ്ങള്‍ വിശ്വിസിക്കുന്നതെന്നും ഗ്രാമീണമേഖലയിലെ കര്‍ഷകര്‍ക്ക് നേരിട്ട് ഉപഭോക്താക്കളുമായി സംവദിക്കാന്‍ അവസരം നല്‍കികൊണ്ട് കൂടുതല്‍ ലാഭം നേടാന്‍ സഹായിക്കുകയാണ് ഫാര്‍മേഴ്‌സ്എഫ്ഇസെഡ് ചെയ്യുന്നതെന്നും പ്രദീപ് പി എസ് പറഞ്ഞു.

നിലവില്‍ ഫാര്‍മേഴ്‌സ്എഫ്ഇസെഡ് 350 ലധികം കര്‍ഷകരെയും 10,000 ഓളം ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ ഏഴു നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സ്റ്റാര്‍ട്ടപ്പിന്റെ പദ്ധതി. കൂടാതെ വിളവും കര്‍ഷകരുടെ വരുമാനവും പ്രവചിക്കാന്‍ കഴിയുന്ന അല്‍ഗോരിതം വികസിപ്പിക്കാനും ഫാര്‍മേഴ്‌സ്എഫ്ഇസെഡ് ആലോചിക്കുന്നുണ്ട്.

കൃഷി കര്‍ഷകര്‍ക്ക് ആദായകരമല്ലാതാകാനുള്ള പ്രധാന കാരണം വിതരണ ശൃംഖലയുടെ കാര്യക്ഷമതയില്ലായ്മയാണെന്ന് ഐഎഎന്‍ അംഗം പ്രകാശം അഭിപ്രായപ്പെട്ടു. ഫാര്‍മേഴ്‌സ്എഫ്ഇസെഡിന്റെ സമാനതകളില്ലാത്ത മാതൃക കര്‍ഷകര്‍ക്ക് ടെക്‌നോളജിയുടെ സാധ്യകളുപയോഗിച്ച് മികച്ച രീതികള്‍ അവലംബിച്ചുകൊണ്ട് നല്ല വില നേടാനും ഉപയോക്താക്കള്‍ക്ക് പൂര്‍ണമായ സുതാര്യതയോടെ വിപണനം നല്‍കാനും സഹായിക്കും. ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്ന ഫലങ്ങളും പച്ചക്കറികളും ഏതുകര്‍ഷകനാണ് കൃഷ് ചെയ്തതെന്ന് അറിയാനും വേണമെങ്കില്‍ അവരെ സന്ദര്‍ശിക്കാനും സൗകര്യമുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Farmers fez

Related Articles