ഡാറ്റ സൂക്ഷിപ്പ്: ആര്‍ബിഐ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് ആഭ്യന്തര കമ്പനികള്‍

ഡാറ്റ സൂക്ഷിപ്പ്: ആര്‍ബിഐ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് ആഭ്യന്തര കമ്പനികള്‍

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചു തുടങ്ങിയെന്ന് ഫോണ്‍പേ, പേടിഎം; ഡിസംബര്‍ വരെ സമയം ആവശ്യപ്പെട്ട് ഗൂഗിള്‍; വഴങ്ങാന്‍ തയാറായി വാട്‌സാപ്പും ആമസോണും

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുടെ ഡാറ്റ തദ്ദേശീയമായി ശേഖരിച്ച് സൂക്ഷിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും അനുസരിക്കുമെന്ന് ആഭ്യന്തര പേമെന്റ് സ്ഥാപനങ്ങള്‍ വ്യക്തമാക്കി. സ്വതന്ത്രമായ പരിശോധന സാധ്യമാക്കുന്നതിനായി എല്ലാ പേമെന്റ് ഡാറ്റയും ആറ് മാസത്തിനുള്ളില്‍ രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കാന്‍ തുടങ്ങണമെന്ന് കേന്ദ്ര ബാങ്ക് ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള അവസാന തിയതി ഒക്‌റ്റോബര്‍ 15ന് അവസാനിക്കുകയും ചെയ്തു. കേന്ദ്ര ബാങ്കിന്റെ ഈ നയത്തോട് പേമെന്റ് സേവന മേഖലയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. പേടിഎം, ഫോണ്‍പേ തുടങ്ങിയ ആഭ്യന്തര പേമെന്റ് കമ്പനികള്‍ ഉത്തരവിനെ പിന്തുണച്ചപ്പോള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ ഡാറ്റയുടെ സ്വതന്ത്ര നീക്കത്തിനായി വാദിക്കുകയാണ് ചെയ്തത്. നിര്‍ദേശം പാലിക്കുന്നതിനായി ചില അന്താരാഷ്ട്ര കമ്പനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും തദ്ദേശീയ സെര്‍വറുകള്‍ക്ക് പുറമെ തങ്ങളുടെ വിദേശ സെര്‍വറുകളിലും ഡാറ്റ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഡാറ്റ മിററിംഗ് രീതി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഉപയോക്താക്കളുടെ പേമെന്റ് ഡാറ്റ രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കണമെന്ന ആര്‍ബിഐയുടെ നിര്‍ദേശം തങ്ങള്‍ അംഗീകരിക്കുന്നതായി ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ അറിയിച്ചു. ”ഞങ്ങളുടെ ഡാറ്റ സംവിധാനം മുഴുവന്‍ പൂര്‍ണമായും തദ്ദേശീയവല്‍കൃതമാണെന്ന് ആര്‍ബിഐയെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഡാറ്റ പ്രൊസസിംഗ് എല്ലായ്‌പ്പോഴും തദ്ദേശീയമായാണ് നടക്കുന്നത്. ഇതിന് പുറമേ, നിലവില്‍ ഞങ്ങളുടെ 100 ശതമാനം സ്റ്റോറേജും പ്രാദേശികവല്‍ക്കരിച്ചു കഴിഞ്ഞു,” ഫോണ്‍പേ അധികൃതര്‍ പ്രതികരിച്ചു.

ആര്‍ബിഐയുടെ തീരുമാനത്തിന് ഉറച്ച പിന്തുണ നല്‍കിയ പേടിഎം പ്രൊസസിംഗിനായിപ്പോലും നിര്‍ണായകമായ ഡാറ്റ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് വ്യക്തമാക്കി. ”ആദ്യ ദിനം തൊട്ടുതന്നെ ഞങ്ങള്‍ ഈ നിര്‍ദേശം അനുസരിക്കുന്നുണ്ട്. തുടക്കം മുതല്‍ത്തന്നെ കേന്ദ്ര ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ആഗോള കമ്പനികളുടെ വെറും ഇന്റര്‍നെറ്റ് കോളനികള്‍ മാത്രമായി നാം മാറരുത് എന്നത് പ്രധാനമാണ്. നമ്മുടെ രാജ്യത്തെ ഓരോ ഉപയോക്താവിന്റെയും ഡാറ്റ സുരക്ഷിതവും സ്വകാര്യവുമാണെന്ന് ഉറപ്പു വരുത്താന്‍ എല്ലാ സ്ഥാപനങ്ങളോടും ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കണം,” പേടിഎം വക്താവ് പറഞ്ഞു.

പേമെന്റുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതിന് തങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ആമസോണ്‍ വക്താവ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയന്ത്രാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആര്‍ബിഐ ഉത്തരവ് അനുസരിക്കുമെന്നും എന്നാല്‍ ഇത് നടപ്പാക്കാനായി ഡിസംബര്‍ വരെ സമയം വേണമെന്നും ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: FK News
Tags: Data keeping, RBI

Related Articles