എസി കോച്ചുകളിലെ കര്‍ട്ടനുകള്‍ മാറ്റുന്നു

എസി കോച്ചുകളിലെ കര്‍ട്ടനുകള്‍ മാറ്റുന്നു

ന്യൂഡെല്‍ഹി: എസി 2 ടയര്‍ കോച്ചുകളില്‍ നിന്നും ക്യുബിക്കിള്‍ കര്‍ട്ടനുകള്‍ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ റെയ്ല്‍വേ ആലോചിക്കുന്നു. അവ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് റെയ്ല്‍വേ വകുപ്പിന്റെ ഈ തീരുമാനം. യാത്രക്കാര്‍ ഇതി വൃത്തികേടാക്കുന്നതും ഇത് നീക്കം ചെയ്യാനുള്ള കാരണമാണ്. പല യാത്രക്കാരും കൈകള്‍ തുടയ്ക്കാനുള്ള ടവ്വലുകളായും, ഷൂ, ചെരുപ്പ് എന്നിവ തുടയ്ക്കാനും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് റെയ്ല്‍വേ വകുപ്പിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഒരു മാസത്തിലൊരിക്കല്‍ കര്‍ട്ടന്‍ വൃത്തിയാക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരുടെ വൃത്തിയില്ലായ്മയും, നിരന്തരമുള്ള ഉപയോഗവും മൂലം കര്‍ട്ടന്‍ വൃത്തിയില്ലാത്തതായി മാറുന്നു. കര്‍ട്ടനു ബദലായി ഉപയോഗിക്കാന്‍ സാധിക്കുന്നതെന്താണെന്ന് റെയ്ല്‍വേ ആരായുന്നുണ്ട്. യാത്രക്കാരുടെ സ്വകാര്യതയ്ക്കായി ക്യുബിക്കിള്‍ കര്‍ട്ടനു പകരം മറ്റെന്തെങ്കിലും തല്‍സ്ഥാനത്ത് സ്ഥാപിക്കാനും റെയ്ല്‍വേ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഈ മാസം അവസാനം തീരുമാനമുണ്ടായേക്കും.
യാത്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക എന്ന ലക്ഷ്യത്തോടെ 2009ലാണ് എസി കോച്ചുകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിച്ചത്. എന്നാല്‍ 2014 ല്‍ ബെംഗളൂരു-നന്ദേദ് എക്‌സ്പ്രസില്‍ തീപിടുത്തമുണ്ടായതോടെ എസി 3 ടയര്‍ കോച്ചുകളില്‍ നിന്നും കര്‍ട്ടനുകള്‍ നീക്കം ചെയ്യുകയായിരുന്നു. കര്‍ട്ടനുകള്‍ അഗ്നി പ്രതിരോധമുള്ളവയാണെങ്കിലും അന്വേഷണ സമിതി കര്‍ട്ടനുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Comments

comments

Categories: Current Affairs