ഓട്ടോമേഷനിലൂടെ കമ്പനികള്‍ക്ക് 165 ബില്യണ്‍ ലാഭിക്കാം: സര്‍വേ റിപ്പോര്‍ട്ട്

ഓട്ടോമേഷനിലൂടെ കമ്പനികള്‍ക്ക് 165 ബില്യണ്‍ ലാഭിക്കാം: സര്‍വേ റിപ്പോര്‍ട്ട്

ഓട്ടോമേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്‌

ന്യൂഡല്‍ഹി: ബിസിനസ് മേഖലകളില്‍ വിപുലമായി ഓട്ടോമേഷന്‍ നടപ്പാക്കുന്നതിലൂടെ വന്‍ ലാഭം കമ്പനികള്‍ക്ക് ഉണ്ടാക്കാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓട്ടോമോട്ടീവ്, റീട്ടെയ്ല്‍, മാനുഫാക്ച്ചറിംഗ്, യൂട്ടിലിറ്റീസ് തുടങ്ങി ബിസിനസ് രംഗത്തെ ഒട്ടുമിക്ക മേഖലകളിലും ഓട്ടോമേഷന്‍ സാങ്കേതികവിദ്യയുടെ പ്രയോഗം 2022ഓടെ കമ്പനികള്‍ക്ക് 165 ബില്യണ്‍ യുഎസ് ഡോളര്‍ ലാഭിക്കാന്‍ സഹായിക്കുമെന്ന് സര്‍വെയില്‍ വ്യക്തമാക്കുന്നു.
ഫ്രഞ്ച് കമ്പനിയായ കാപ്‌ജെമിനി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം ഓട്ടോമേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയുടെ ബിസിനസ് മേഖലകളില്‍ 15 ശതമാനമാണ് നിലവില്‍ ഓട്ടോമേഷനെ സ്വീകരിച്ചിട്ടുള്ളത്.
പട്ടികയില്‍ 21 ശതമാനത്തോടെ യുഎസാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഫ്രാന്‍സ്( 21 ശതമാനം), ജര്‍മനി (17 ശതമാനം), ബ്രിട്ടന്‍(16 ശതമാനം) എന്നിവയാണ് ഓട്ടോമേഷന്‍ സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നവ. ഓട്ടോമേഷന്‍ സൊലൂന്‍സ് പരീക്ഷിക്കുന്നതോ നടപ്പിലാക്കുന്നതോ ആയ കമ്പനികളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരിലാണ് സര്‍വേ സംഘടിപ്പിച്ചത്.
തന്ത്രപ്രധാനമായ ദീര്‍ഘകാല വളര്‍ച്ചയേക്കാള്‍ നിലവിലെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ക്കായാണ് കമ്പനികള്‍ കൂടുതലായും ഓട്ടോമേഷനെ ആശ്രയിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം ബിസിനസ് കമ്പനികളും ഗുണമേന്മ വര്‍ധിപ്പിക്കാനാണ് ഓട്ടോമേഷന്‍ സ്വീകരിക്കുന്നതെന്ന് പറയുന്നു. അതേസമയം, 23 ശതമാനം കമ്പനികളാണ് വരുമാന വളര്‍ച്ച ലക്ഷ്യമിടുന്നത്.
25 ശതമാനത്തോളം ഓട്ടോമേഷന്‍ ഉപയോഗം ഓട്ടോമോട്ടീവ് മേഖലയിലാണ് നടക്കുന്നത്. വ്യാവസായിക മാനുഫാക്ച്ചറിംഗ് മേഖല, റീട്ടെയ്ല്‍ മേഖല തുടങ്ങിയവയാണ് പിന്നാലെയുള്ള മേഖലകള്‍. ഇരു മേഖലകളിലും 15 ശതമാനമാണ് ഓട്ടോമേഷന്റെ ഉപയോഗം. കമ്പനികള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും, ബിസിനസ് മൂല്യങ്ങള്‍ നിലനിര്‍ത്താനും ഓട്ടോമേഷന്‍ സ്വീകരിക്കുന്നത് വഴി സാധിക്കുമെന്ന് ചീഫ് ഇന്‍ഡസ്ട്രിയലൈസേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍ ഒാഫീസറും ഇന്ത്യ സിഒഒയുമായ അശ്വിനന്‍ യാര്‍ദി പറഞ്ഞു.

ഓട്ടോമേഷന്‍ പ്രയോഗിക്കുന്നവയില്‍ 16 ശതമാനം കമ്പനികള്‍ മാത്രമാണ് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത്. മിഡില്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ കമ്പനികള്‍ ഓട്ടോമേഷന്‍ ഉപയോഗിക്കുന്നത്. ഓട്ടോമേഷന്‍ സാങ്കേതിക വിദ്യ സ്വീകരിച്ച 56 ശതമാനം കമ്പനികളും അത് ഐടി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. 37 ശതമാനമാണ് മിഡില്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഓട്ടോമേഷന്‍ സൊലൂഷന്‍സ് നടപ്പിലാക്കുന്നത്.

Comments

comments

Categories: FK News
Tags: automation