ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാതാക്കള്‍ക്ക് അവസരം

ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാതാക്കള്‍ക്ക് അവസരം

ചൈനയിലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴില്‍ശക്തിയും വര്‍ധിച്ചു വരുന്ന വേതനവും ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാണ മേഖലക്ക് അവസരമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റ (ഡിഐപിപി) റിപ്പോര്‍ട്ട്. ഇന്ത്യന്‍ കളിപ്പാട്ട വിപണിയില്‍ 20 ശതമാനം ഉല്‍പ്പന്നങ്ങള്‍ മാത്രമേ ആഭ്യന്തര ഉല്‍പ്പാദകരുടേതായുള്ളുവെന്ന് ഡിഐപിപി വ്യക്തമാക്കി. ബാക്കി 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളാണ്. ഇതില്‍ത്തന്നെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും ഡിഐപിപി വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ചൈനയിലെ ചില പ്രധാന ഫാക്റ്ററികളില്‍ നിരവധി തൊഴിലാളിസമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണം കുറയുന്നതിലേക്കാണ് ഇത് രാജ്യത്തെ നയിച്ചത്. വേതന വര്‍ധനക്കായും ചൈനീസ് തൊഴിലാളികള്‍ മുറവിളി കൂട്ടുന്നുണ്ട്. ചൈന തങ്ങളുടെ സമ്പദ് വ്യവസ്ഥ പുനഃസന്തുലിതാവസ്ഥയിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണ്. കയറ്റുമതിയിലെ ആശ്രയത്വം കുറക്കുകയും ഉപഭോഗം വര്‍ധിപ്പിക്കുകയുമാണ് ചൈനയുടെ പ്രധാന ലക്ഷ്യങ്ങള്‍. ചൈന കൂടുതല്‍ തൊഴിലാളികളെ പ്രോല്‍സാഹിപ്പിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് ഇവിടെ അവസരങ്ങളുണ്ടെന്ന് കരുതുന്നതായി ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കളിപ്പാട്ട നിര്‍മാണ കമ്പനിയായ ഫണ്‍സ്‌കൂളിന്റെ സിഇഒ ജോണ്‍ ബേബി പറഞ്ഞു. ”മലിനീകരണമുണ്ടാക്കുന്ന തരത്തിലുള്ള വ്യവസായങ്ങളും അതുമായി ബന്ധപ്പെട്ട കയറ്റുമതിയും ചൈന ആഗ്രഹിക്കുന്നില്ല. തൊഴിലാളികള്‍ക്കായുള്ള ചെലവ് വര്‍ധിക്കുകയാണെങ്കില്‍, കളിപ്പാട്ട നിര്‍മാണ മേഖല പോലൊരു രംഗത്ത് മല്‍സരിക്കാന്‍ ആ രാജ്യത്തിനാകില്ല. ആ മേഖല വിട്ടൊഴിയാനാണ് ചൈന ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട ചെലവ് വര്‍ധിക്കുന്നത് ഇന്ത്യന്‍ കളിപ്പാട്ട നിര്‍മാണ മേഖലയെ സഹായിക്കുമെന്നത് പൂര്‍ണമായും സത്യമാണ്,” കാപ്പിറ്റല്‍ മാര്‍ക്കറ്റ് കമ്പനിയായ ആനന്ദ് രതി സെക്യൂരിറ്റീസിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ സുജന്‍ ഹജ്‌റ പറഞ്ഞു.

Comments

comments

Categories: Business & Economy

Related Articles