റഫേല്‍ ഇടപാടില്‍ നിന്ന് അനില്‍ അംബാനിക്ക് ലഭിക്കുക 3% നിക്ഷേപം മാത്രം

റഫേല്‍ ഇടപാടില്‍ നിന്ന് അനില്‍ അംബാനിക്ക് ലഭിക്കുക 3% നിക്ഷേപം മാത്രം

30,000 രൂപയുടെ ഓഫ്‌സെറ്റ് കരാറില്‍ റിലയന്‍സുമായുള്ള ഇടപാടിന്റെ മൂല്യം 850 കോടി രൂപ മാത്രം; നാഗ്പൂരില്‍ സംയുക്ത സംരംഭമായ ഡിആര്‍എഎല്‍ സ്ഥാപിക്കാന്‍ പദ്ധതി

 

ന്യൂഡെല്‍ഹി: രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കിയിരിക്കുന്ന റഫേല്‍ വിവാദത്തിന്റെ നടുനായക സ്ഥാനത്തുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് യുദ്ധവിമാന ഇടപാടില്‍ നിന്ന് ലഭിക്കുക തുച്ഛമായ നേട്ടമെന്ന് റിപ്പോര്‍ട്ട്. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടിന്റെ മൂന്ന് ശതമാനം തുകയായ 850 കോടി രൂപയാകും ഇന്ത്യന്‍ പങ്കാളിയായ റിലയന്‍സിന് ലഭിക്കുക. കരാറിന്റെ ഭാഗമായതോടെ അനില്‍ അംബാനിയുടെ കമ്പനിക്ക് വന്‍ നേട്ടമുണ്ടാകുമെന്ന ആരോപണങ്ങളെ ഖണ്ഡിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇടപാടിനായി രൂപീകരിച്ച ഇന്തോ-ഫ്രഞ്ച് സംരംഭമായ ദസ്സോ റിലയന്‍സ് ഏവിയേഷന്‍ ലിമിറ്റഡിന് (ഡിആര്‍എഎല്‍) ഫാല്‍ക്കണ്‍ എക്‌സിക്യൂട്ടീവ് ജെറ്റുകളുടെ ഘടകങ്ങള്‍ നിര്‍മിക്കാനുള്ള കരാറാവും ലഭിക്കുക. ഇതിന് പുറമെ, ഫ്രഞ്ച് വ്യോമയാന റഡാര്‍ നിര്‍മാതാക്കളായ തെയ്ല്‍സുമായി ഒരു ചെറിയ സംയുക്ത സംരംഭവും റിലയന്‍സ് ആരംഭിക്കും. നാഗ്പൂരിലെ ഡിആര്‍എഎല്‍ കോംപ്ലക്‌സിന് സമീപമാണ് തെയ്ല്‍സ് റഡാര്‍ നിര്‍മാണശാല സ്ഥാപിക്കുക.

റഫേല്‍ കരാറില്‍ ദസ്സോക്കും തെയ്ല്‍സിനും പുറമെ സഫ്‌റാന്‍, എംബിഡിഎ എന്നീ കമ്പനികളും സഹകരിക്കുന്നുണ്ട്. എന്‍ജിനും ഇലക്ട്രോണിക്‌സും ശ്രദ്ധിക്കുന്നത് സഫ്‌റാനാണ്. ആയുധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഫ്രഞ്ച് കമ്പനി തന്നെയായ എംബിഡിഎയാണ്. ആകെ ഇടപാട് തുകയായ 60,000 കോടി രൂപയുടെ 50 ശതമാനം തുകയാണ് ഓഫ്‌സെറ്റ് കരാറിന്റെ ഭാഗമായി ദസ്സോ ഇന്ത്യയില്‍ നിക്ഷേപിക്കുക. ആയുധ ഇടപാടുകളുടെ ഭാഗമായി വരുന്ന വന്‍ വ്യാപാര കമ്മി ഒഴിവാക്കാന്‍ ഉണ്ടാക്കുന്ന കരാറാണിത്. വിവിധ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് വ്യോമയാന ഘടകങ്ങള്‍ നിര്‍മിക്കാനാണ് 30,000 കോടി രൂപ മുടക്കുക.

റഫേലിന്റെ ഓഫ്‌സെറ്റ് ഇടപാടിന്റെ 10 ശതമാനം റിലയന്‍സുമൊത്ത് യാഥാര്‍ഥ്യമാക്കാനാരിക്കുകയാണെന്ന് ദസ്സോ ഏവിയേഷന്‍ മേധാവി എറിക് ട്രാപ്പിയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘റിലയന്‍സുമൊത്ത് ഡിആര്‍എഎല്‍ സംയുക്ത സംരംഭം സ്ഥാപിക്കാനും നാഗ്പൂരില്‍ ഒരു ഫാക്റ്ററി സ്ഥാപിക്കാനും ദസ്സോ ഏവിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഫ്‌സെറ്റ് മാനദണ്ഡങ്ങളുടെ 10 ശതമാനം പാലിക്കാന്‍ ഇത് ഞങ്ങളെ പ്രാപ്തരാക്കും. നൂറോളം ഇന്ത്യന്‍ കമ്പനികളുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. അവയില്‍ മുപ്പതിലേറെ കമ്പനികളുമായി പങ്കാളിത്ത ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു,’ അദ്ദേഹം വ്യക്തമാക്കി. എല്‍&ടി ഡിഫെന്‍സ്, കല്യാണി ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, ഗോദ്‌റെജ്, ബോയ്‌സ് തുടങ്ങി വിവിധകമ്പനികളുമായി കരാര്‍ ഉണ്ടാകുമെന്നാണ് സൂചന. പൊതുമേഖലാ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാവും നേട്ടമുണ്ടാക്കുന്ന മറ്റൊരു കമ്പനി. കാവേരി ജെറ്റ് പ്രോഗ്രാമിനായി സഫ്രാനുമായുള്ള ചര്‍ച്ചകള്‍ ഡിആര്‍ഡിഒ ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഘടകങ്ങളുടെ രൂപകല്‍പ്പനക്ക് പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിനെയും സഫ്രാന്‍ സഹായിക്കും. അതേസമയം ഓഫ്‌സെറ്റ് കരാറുമായി ബന്ധപ്പെട്ട് ആരോപണവും പേരുദോഷവും കേള്‍ക്കേണ്ടി വന്നിരിക്കുന്നത് അനില്‍ അംബാനിക്ക് മാത്രമാണ്.

36 അത്യാധുനിക റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയും ഫ്രാന്‍സും ധാരണയായിരിക്കുന്നത്. 2019 ല്‍ ആദ്യ വിമാനം ഇന്ത്യക്ക് കൈമാറുമെന്നാണ് ദസ്സോ വ്യക്തമാക്കിയിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Rafale