തെരുവിന് വിദ്യ പകര്‍ന്ന് ആനന്ദ ശിക്ഷാ നികേതന്‍

തെരുവിന് വിദ്യ പകര്‍ന്ന് ആനന്ദ ശിക്ഷാ നികേതന്‍

തെരുവോരത്ത് കുപ്പ പെറുക്കിയും ബാല വേല ചെയ്തും കഷ്ടപ്പെടുന്ന സ്വന്തം സുഹൃത്തുക്കളെ കണ്ട് വേദനിച്ച ഒന്‍പതു വയസുകാരനായ ഒരു വിദ്യാര്‍ഥിയുടെ മനസിലാണ് ആനന്ദ ശിക്ഷാ നികേതനെന്ന മഹത് പ്രസ്ഥാനത്തിന്റെ തുടക്കം. സ്വന്തമായുള്ള ചെറിയ വീടിന്റെ പിന്നാമ്പുറത്ത്, ജീവിത പ്രാരാബ്ധങ്ങള്‍ മൂലം സ്‌കൂള്‍ പഠനം അന്യമായ ആ സുഹൃത്തുക്കളെ വിളിച്ചു കൂട്ടി ബാബര്‍ അലിയെന്ന കുട്ടി ആരംഭിച്ച സംരംഭം മൂര്‍ഷിദാബാദ് ജില്ലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. സമൂഹം മുഴുവന്‍ അവന്റെ ആഗ്രഹങ്ങളെ പിന്തുണക്കാന്‍ ഒപ്പം കൂടിയതോടെ ബാലവേല ചെയ്യാന്‍ വിധിക്കപ്പെട്ട ദരിദ്രരായ കുട്ടികളുടെയും ഭാഗ്യരേഖ തെളിഞ്ഞു. ഇതുവരെ അയ്യായിരത്തോളം കുട്ടികള്‍ക്ക് ഇരുപത്തഞ്ചുകാരനായ ബാബര്‍ വിദ്യ പകര്‍ന്നു നല്‍കിക്കഴിഞ്ഞു.

പശ്ചിമ ബംഗാളിലെ ഒരു ചെറു നഗരത്തിലെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു കാല്‍നടയായി മടങ്ങുന്നതിനിടയില്‍ തന്റെ സമപ്രായക്കാരായ ചില കൂട്ടുകാര്‍ കുപ്പിയും മറ്റ് പ്ലാസ്റ്റിക് ചവറുകളും പെറുക്കി നടക്കുന്നതായി ഒന്‍പതു വയസുകാരനായ ആ ആണ്‍കുട്ടി കണ്ടു. ദരിദ്രരായതിനാലാണ് തന്റെ സഹചാരികള്‍ക്ക് തന്നെപ്പോലെ സ്‌കൂളില്‍ പോടി പഠിക്കാന്‍ സാധിക്കാത്തത് എന്ന ചിന്ത ബാബര്‍ അലി എന്നു പേരായ ആ കുട്ടിയെ വേദനിപ്പിച്ചു. ഇതിന് പരിഹാരം കാണാനും സ്‌കൂള്‍ വിദ്യാഭ്യാസം സാധിക്കാത്തവരിലേക്ക് അത് എത്തിക്കാനും എന്തെങ്കിലും ചെയ്യാന്‍ ആ കുട്ടി തീരുമാനിച്ചു.

കൊല്‍ക്കത്തയില്‍ നിന്നും 200 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന മൂര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡാംഗ നഗരത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാബര്‍, തനിക്ക് ലഭിച്ച വിജ്ഞാനം കൂട്ടുകാരോടൊത്ത് പങ്കുവെക്കാനാണ് തീരുമാനിച്ചത്. അങ്ങനെ തന്റെ വീടിന്റെ പിന്‍ഭാഗം വിദ്യാലയമാക്കി മാറ്റി പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള തന്റെ കൂട്ടുകാര്‍ക്ക് അവന്‍ വിദ്യ പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, സംസ്ഥാനത്തെ ദാരിദ്രരായ, ബാലവേല ചെയ്യുന്ന, നൂറുകണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന നിശബ്ദ പോരാളിയായി അദ്ദേഹം പരിണമിച്ചു.

”ഞാന്‍ സ്‌കൂളില്‍ പോകുന്ന സമയത്ത് എന്റെ സുഹൃത്തുക്കള്‍ കുപ്പ പെറുക്കി നടക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മേല്‍ക്കൂര പോലുമില്ലാത്ത എന്റെ വീടിന്റെ പിന്‍ഭാഗത്ത് ഒത്തു ചേരാന്‍ ഞാന്‍ അവരോട് നിര്‍ദേശിച്ചു. അങ്ങനെ എനിക്ക് അവരെ എഴുതാനും വായിക്കാനും പഠിപ്പിക്കാം,” ഇപ്പോള്‍ 25 വയസുകാരനായ യുവാവായി മാറിക്കഴിഞ്ഞ ബാബര്‍ പറഞ്ഞു. പിന്നീട് ബാബറിന്റെ വീടിന്റെ പിന്‍ഭാഗം ആനന്ദ ശിക്ഷ നികേതന്‍ എന്ന അദ്ദേഹത്തിന്റെ തന്നെ വിദ്യാലയമായി മാറി. 2002ല്‍ ഒ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്മാസ്റ്ററായി അദ്ദേഹം.

”ആകെ എട്ട് വിദ്യാര്‍ത്ഥികളുമായാണ് എന്റെ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. എന്റെ അഞ്ചു വയസുകാരിയായ ഇളയ സഹോദരി ആമിന ഖാതൂനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വായിക്കാന്‍ പഠിക്കുന്നതിനു വേണ്ടി എല്ലാ ദിവസവും ഉച്ചതിരിഞ്ഞുള്ള സമയത്ത് ഒരു പേര മരത്തിനു കീഴില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. പ്രഭാതങ്ങളില്‍ കുപ്പ പെറുക്കാനും ബീഡി തെറുക്കാനും പോകുന്ന കുട്ടികള്‍ക്ക് അവരുടെ ജോലി തുടരാനും ഉച്ച തിരിഞ്ഞുള്ള സമയത്തെ ഈ പഠനം വഴി സാധിച്ചു,” ബാബര്‍ ഓര്‍ത്തെടുത്തു.

എട്ട് ദശലക്ഷം ജനസംഖ്യയുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ യുവാക്കളും കുട്ടികളുമുള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം, ഫാമുകളില്‍ ദിവസക്കൂലിക്കായും ബീഡി തെറുപ്പ് തൊഴിലാളികളായും ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബീഡി ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയാണ് മുര്‍ഷിദാബാദ്. താന്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും ഉപയോഗിച്ചു തീര്‍ന്ന ചോക്ക് കഷണങ്ങള്‍ ശേഖരിച്ച ബാബര്‍ തന്റെ അയല്‍പക്കത്തുള്ള കുട്ടികളെ ബംഗാളി ഭാഷ എഴുതാനും വായിക്കാനും പഠിപ്പിച്ചു. അതോടൊപ്പം തന്നെ കണക്കിന്റെ അടിസ്ഥാന പാഠങ്ങളും ശാസ്ത്രവും ഭൂമിശാസ്ത്രവുമെല്ലാം തന്നാലാവുന്ന വിധം പകര്‍ന്നു നല്‍കി. സ്വയം സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന സമയത്തു തന്നെയാണ് ഇത്തരമൊരു സത്കര്‍മത്തിന് മുതിര്‍ന്നത്. ”ചുവരുകളില്‍ വെറുതെ കുത്തിക്കുറിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ചോക്ക് മോഷ്ടിച്ചിരുന്നത് എന്നാണ് എന്റെ വിദ്യാലയത്തിലെ അധ്യാപകര്‍ കരുതിയിരുന്നത്. എന്നാല്‍ എന്റെ വീട്ടില്‍ മറ്റു കുട്ടികളെക്കൂടി ഞാന്‍ പഠിപ്പിക്കുകയാണെന്ന് മനസിലാക്കിയ അവര്‍ ഓരോ ആഴ്ചയും ഒരു പെട്ടി ചോക്ക് എനിക്ക് സൗജന്യമായി നല്‍കാന്‍ ആരംഭിച്ചു,” ബാബര്‍ പറഞ്ഞു.

അംഗണവാടി ജീവനക്കാരിയായ മാതാവ് ബന്‍വാര ബീബിയുടെയും ചണം വ്യാപാരിയായ പിതാവ് മൊഹമ്മദ് നസീറുദ്ദീന്റെയും പിന്തുണ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആ മാതാവും പിതാവും വിദ്യാസമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കാനുള്ള മകന്റെ ഉദ്യമത്തിന് ഒപ്പം നിന്നു. ”ഞാന്‍ പഠിപ്പിച്ചിരുന്ന കുട്ടികള്‍ക്ക് വളരെ ചുരുങ്ങിയ പിന്തുണ മാത്രമേ അവരുടെ കുടുംബങ്ങളില്‍ നിന്ന് ലഭിച്ചിരുന്നുള്ളു. സ്വയം ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു അവര്‍. എന്റെ കുടുംബത്തിന്റെയും സ്‌കൂളിലെ അധ്യാപകരുടെയും സഹായത്തോടെ, വിദ്യാലയം നടത്തിക്കൊണ്ടു പോകാനും വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും പുസ്തകങ്ങളും മറ്റും നല്‍കാനും എനിക്ക് സാധിച്ചു,” ബാബര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ വീട്ടിലെ വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലിയായിരുന്നെന്ന് ബാബര്‍ സമ്മതിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെ ഇഷ്ടപ്പെടുകയും തന്റെ ക്ലാസുകള്‍ ആസ്വദിക്കുകയും ചെയ്തതോടെ രക്ഷിതാക്കളുടെയും വിശ്വാസ്യത അദ്ദേഹം പതുക്കെ നേടിയെടുക്കുകയായിരുന്നു. താന്‍ പഠിച്ച വിദ്യാലയത്തിലെ അധ്യാപകരില്‍ നിന്നും മേഖലയിലെ ജില്ലാ ഉദ്യോഗസ്ഥരില്‍ നിന്നും ഐഎഎസ് ഓഫീസര്‍മാരില്‍ നിന്നും മറ്റു വ്യക്തികളില്‍ നിന്നും ലഭിച്ച ധനസഹായങ്ങള്‍ കൊണ്ടാണ് വര്‍ഷങ്ങളോളം സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. 2015ല്‍ വീടിനു സമീപത്തുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക്, പശ്ചിമ ബംഗാള്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള സ്വകാര്യ സ്‌കൂള്‍ എന്ന നിലയില്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മാറ്റി.

”ഭാവിയില്‍ ഏത് തൊഴില്‍ മേഖല തെരഞ്ഞെടുത്താലും എന്റെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തെ അനുകൂലമായി സ്വാധീനിക്കണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടുതന്നെ ആനന്ദ ശിക്ഷ നികേതനില്‍ സമഗ്രമായ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കിയത്,” അദ്ദേഹം എടുത്തു പറഞ്ഞു. സ്‌കൂള്‍ ആരംഭിച്ച 2002 മുതല്‍ ഇതു വരെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലായി 5,000ല്‍ അധികം വിദ്യാര്‍ത്ഥികളെയാണ് ബാബര്‍ പഠിപ്പിച്ചത്. അവരില്‍ ചിലര്‍ അധ്യാപകരായി അദ്ദേഹത്തിന്റെ വിദ്യാലയത്തില്‍ തന്നെ തിരിച്ചെത്തിയിട്ടുമുണ്ട്. ”ഞാന്‍ പഠിപ്പിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അധ്യാപകരായി ഇവിടേക്ക് തന്നെ വന്നിട്ടുണ്ട്,” കൊല്‍ക്കത്തയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കല്യാണി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ബാര്‍ബര്‍ ചൂണ്ടിക്കാട്ടി.

ഇതേ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ മറ്റൊരു ബിരുദാനന്തര ബിരുദത്തിനു കൂടി ശ്രമിക്കുന്ന ബാബര്‍, ജില്ലയിലെ പരിതാപകരമായ വനിതാ സാക്ഷരതാ നിരക്കില്‍ മാറ്റം വരുത്താന്‍ തീവ്രമായി ആഗ്രഹിക്കുന്ന പ്രധാനാധ്യാപകന്‍ കൂടിയാണ്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം 55 ശതമാനത്തിനുമുകളില്‍ മാത്രമാണ് മുര്‍ഷിദാബാദിലെ സ്ത്രീ സാക്ഷരതാ നിരക്ക്. ”തങ്ങളുടെ പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ഇപ്പോഴും മടിക്കുന്ന ചില കുടുംബങ്ങളുണ്ട്. കൗമാര പ്രായത്തില്‍ തന്നെ ഈ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ അവരുടെ മനഃസ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചു. കുട്ടികള്‍ വായിക്കാനും ഒപ്പിടാനും എഴുതാനും സഹായിക്കാന്‍ തുടങ്ങിയതോടെ രക്ഷിതാക്കളും വിദ്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിയുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബര്‍ അലിയുടെ വിദ്യാലയത്തില്‍ നിലവില്‍ 500 വിദ്യാര്‍ത്ഥികളും 10 അധ്യാപകരും ഒരു അധ്യാപക ഇതര ജീവനക്കാരനുമാണ് ഉള്ളത്. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ”നിലവിലെ കെട്ടിടത്തില്‍ 350 മുതല്‍ 400 കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം മാത്രമേ ഉള്ളു. അതുകൊണ്ടുതന്നെ കൂടുതല്‍ ക്ലാസ്മുറികളും അടിസ്ഥാനസൗകര്യവും ഞങ്ങള്‍ക്ക് ആവശ്യമാണ്. 10ാം തരം വരെയാക്കി സ്‌കൂള്‍ വിപുലീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതോടെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായി നഗരത്തിലേക്ക് പോകേണ്ട ആവശ്യമില്ലാത്ത സ്ഥിതിവിശേഷമുണ്ടാകും,” അദ്ദേഹം വ്യക്തമാക്കി. ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ബാബര്‍, സ്വാമി വിവേകാനന്ദന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യത്തുടനീളം ഇത്തരം പ്രസംഗങ്ങളുമായും സഞ്ചരിക്കുന്നുണ്ട്. രാജ്യത്തെ പാവപ്പെട്ട വിഭാഗങ്ങള്‍ക്കായി ഇത്തരത്തിലുള്ള കൂടുതല്‍ വിദ്യാലയങ്ങള്‍ ഇനിയും കെട്ടിപ്പടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ”വിദ്യാഭ്യാസം എന്റെ ജീവിത ദൗത്യമായിത്തന്നെ തുടരും. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്,” അദ്ദേഹം ആവര്‍ത്തിച്ചു.

ബാബറിന്റെ പ്രചോദനാത്മകമായ ജീവിത കഥ കര്‍ണാടക സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ 11ാം തരം ഇംഗ്ലീഷ് പുസ്തകത്തിലും 10ാം തരം സിബിഎസ്ഇ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പുസ്തകത്തിലും ഇടം നേടിയിട്ടുണ്ട്. ”സര്‍ക്കാരിന് തനിച്ച് ഈ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല. നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ സാമൂഹ്യമായ വേര്‍തിരിവുകള്‍ മറന്ന് എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം,” ബാബര്‍ ഊന്നിപ്പറഞ്ഞു.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider