കിന്‍ഡില്‍ പബ്ലിഷിംഗില്‍ 5 ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി ആമസോണ്‍

കിന്‍ഡില്‍ പബ്ലിഷിംഗില്‍ 5 ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി ആമസോണ്‍

ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി, മലയാളം ഭാഷകളില്‍ രചയിതാക്കള്‍ക്ക് കിന്‍ഡില്‍ ഡയറക്റ്റ് പബ്ലിഷിംഗ് (കെഡിപി) ഉപയോഗിച്ച് തങ്ങളുടെ പുസ്തകങ്ങള്‍ സൗജന്യമായി പ്രസിദ്ധീകരിക്കാം

ബെംഗളൂരു: ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി കി ന്‍ഡില്‍ ഡയറക്ട് പബ്ലിഷിംഗ് ഉപയോഗിച്ച് എഴുത്തുകാര്‍ക്ക് ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി, മലയാളം എന്നീ ഭാഷകളില്‍ തങ്ങളുടെ ഇബുക്കുകള്‍ സ്വന്തമായി പ്രസിദ്ധീകരിക്കാം. ഈ സൗജന്യ സേവനത്തിലൂടെ വിപണിയിലേക്ക് വേഗത്തില്‍ എത്താനും തങ്ങളുടെ പുസ്തകങ്ങളുടെ മേലുള്ള അവകാശം നിയന്ത്രിക്കാനും സ്വന്തമായി വിലവിവര പട്ടിക തയാറാക്കാനും ഒപ്പം ഇബുക്കുകളുടെ വില്‍പ്പനയില്‍ നിന്ന് 70% വരെ റോയല്‍റ്റി സ്വന്തമാക്കാനും സാധിക്കും.

അഞ്ചു വര്‍ഷമായി കെഡിപി എഴുത്തുകാരിയാണ് താനെന്ന് തന്റെ എല്ലാ ഇബുക്കുകളും ആമസോണിലൂടെ വിറ്റഴിച്ച സുന്ദരി വെങ്കട്രരാമന്‍ പറയുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് കെഡിപി പിന്തുണ ലഭിക്കുന്നത് അതിശയകരമാണ്. ഇംഗ്ലീഷിലാണ് ഞാന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹിന്ദിയിലും തമിഴിലും പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയാറെടുക്കുകയാണ് ഞാന്‍. കൂടുതല്‍ വായനക്കാരിലേക്ക് എന്റെ കഥകള്‍ എത്തിക്കുന്നതിനുള്ള അവസരമാണ് കെഡിപി ഒരുക്കിയിരിക്കുന്നത്”.

2016 ലാണ് ഇന്ത്യന്‍ ഭാഷകളിലുള്ള ഇബുക്കുകള്‍ അവതരിപ്പിച്ചതെന്ന് ഇന്ത്യയിലെ കിന്‍ഡില്‍ കണ്ടന്റ് ഡയറക്ടര്‍ സഞ്ജീവ് ഝാ പറഞ്ഞു. കെഡിപിയില്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ വായനക്കാര്‍ക്ക് കൂടുതല്‍ ടൈറ്റിലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇന്ത്യയിലും ലോകത്തുടനീളവുമുള്ള ലക്ഷക്കണക്കിന് വായനക്കാരിലേക്ക് ഇന്ത്യന്‍ ഭാഷകളില്‍ എഴുതുന്നവരുടെ സൃഷ്ടികള്‍ എത്തിക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2012 മുതല്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്ക് അവസരമൊരുക്കി വരുന്ന കെഡിപിയുടെ സേവനത്തിലൂടെ ആയിരക്കണക്കിന് എഴുത്തുകാരാണ് നേട്ടമുണ്ടാക്കുന്നത്. ഏതു സമയത്തും ആമസോണ്‍.ഇന്നിലെ ഏറ്റവും മികച്ച 100 ഇബുക്കുകളില്‍ 20% വരെ കെഡിപിയില്‍ നിന്നായിരിക്കും. എഴുത്തുകാര്‍ക്ക് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് തങ്ങളുടെ കൃതി അപ്‌ലോഡ് ചെയ്ത് ഇബുക്കായി പ്രസിദ്ധീകരിക്കാം. ഒരിക്കല്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ കിന്‍ഡില്‍ ഇറീഡേഴ്‌സില്‍ നിന്നോ കിന്‍ഡില്‍ ആപ്പില്‍ നിന്നോ എവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാം.
മാസം വെറും 169 രൂപ നല്‍കി പത്തു ലക്ഷത്തിലധികം കിന്‍ഡില്‍ ഇബുക്കുകളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും ആവശ്യാനുസരണം വായിക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസായ കിന്‍ഡില്‍ അണ്‍ലിമിറ്റഡിലേക്കും ഇന്ത്യന്‍ ഭാഷാകൃതികള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ആമസോണ്‍.

Comments

comments

Categories: Tech