63% കമ്പനികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

63% കമ്പനികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 17.95 ലക്ഷം കമ്പനികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവ 11.28 ലക്ഷം കമ്പനികള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 17.95 ലക്ഷം കമ്പനികളില്‍ 63 ശതമാനം ഓഗസ്റ്റ് മാസത്തില്‍ സജീവമായി പ്രവര്‍ത്തിച്ചെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഷെല്‍ കമ്പനികള്‍ക്ക് (പ്രവര്‍ത്തനം നടത്താതെ പേപ്പറില്‍ മാത്രം ഒതുങ്ങുന്നവ) മേല്‍ സര്‍ക്കാറിന്റെ നിരീക്ഷണവും നടപടികളും തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മാസത്തില്‍ 11.28 ലക്ഷം കമ്പനികളാണ് എക്കൗണ്ടുകള്‍ സജീവമായി പ്രവര്‍ത്തിപ്പിച്ചത്. ഈ കമ്പനികള്‍ സാധാരണ രീതിയിലുള്ള വ്യവസായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിയമപരമായ രേഖകള്‍ നല്‍കുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്ത മൊത്തം 17.95 ലക്ഷം കമ്പനികളില്‍ 6.11 ലക്ഷം കമ്പനികള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റോടെ അടച്ച് പൂട്ടി. 1,488 കമ്പനികള്‍ നിഷ്്ക്രിയമാണെന്ന് കണ്ടെത്തി. 6,197 കമ്പനികള്‍ പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 47,538 കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്. രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട 102 കമ്പനികള്‍ അത് പുനസ്ഥാപിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അടച്ച് പൂട്ടിയ 6.11 ലക്ഷം കമ്പനികളില്‍ 10,562 കമ്പനികളെ ഇതുവരെ പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം 5,65,342 കമ്പനികള്‍ നിഷ്‌ക്രിയമാണെന്നാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 21,704 കമ്പനികളാണ് മറ്റുകമ്പനികളില്‍ ലയിച്ചത്. 9,436 കമ്പനികള്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ടണ്‍ഷിപ്പിലേക്ക് (എല്‍എല്‍പി) മാറിയിട്ടുണ്ട്. എല്‍എല്‍പിയായി പരിവര്‍ത്തനം ചെയ്ത 4,794 കമ്പനികള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു.

3.60 ലക്ഷം കമ്പനികളാണ് വ്യവസായ സേവനങ്ങള്‍ നല്‍കി വരുന്നത്. ഐടി, ഗവേഷണ വികസനങ്ങള്‍, നിയമ-കണ്‍സള്‍ട്ടന്‍സി എന്നീ വിഭാഗങ്ങളാണ് വ്യവസായ സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്. 2.31 ലക്ഷം കമ്പനികള്‍ നിര്‍മാണ മേഖലയിലും മറ്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികളുള്ളത്. 2,34,406 കമ്പനികളാണ് സംസ്ഥാനത്തുള്ളത്. തൊട്ട് പുറകിലായി 1,96,173 കമ്പനികളുമായി ഡെല്‍ഹിയും 1,34,005 കമ്പനികളുമായി പശ്ചിമ ബംഗാളുമുണ്ട്.

Comments

comments

Categories: FK News

Related Articles