എന്‍ബിഎഫ്‌സി സ്ഥാപിക്കാന്‍ ഷഓമിയും

എന്‍ബിഎഫ്‌സി സ്ഥാപിക്കാന്‍ ഷഓമിയും

ന്യൂഡെല്‍ഹി: ഉപഭോക്തൃ വായ്പകളും ബിസിനസ് വായ്പകളും നല്‍കാനായി ബാങ്കിംഗ് ഇതര ധനകാര്യ സംരംഭം (എന്‍ബിഎഫ്‌സി) ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി ഷഓമി രംഗത്ത്. ഷഓമി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ എന്ന പുതിയ കമ്പനി ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടും. കഴിഞ്ഞ വാരത്തില്‍ ഷഓമി ഫിനാന്‍സ് എച്ച് കെ ലിമിറ്റഡും ഷഓമി സിംഗപ്പൂര്‍ ഫിന്‍ടെക്കുമായി ഷഓമി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ സംയോജിച്ചിരുന്നതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. കമ്പനി അസോസിയേഷന്റെ ധാരണാപത്രം അനുസരിച്ച് ഷഓമി ഗ്രൂപ്പിന്റെ സഹ സ്ഥാപകന്‍ ഫെഗ് ഹോംഗും ഷഓമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ മനു കുമാര്‍ ജെയ്‌നും ഡയറക്റ്റര്‍മാരില്‍ ഉള്‍പ്പെടും.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങാനും വ്യാപാരത്തിനും വിവിധ തരത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുമായി സംരംഭകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മറ്റും വായ്പകള്‍ നല്‍കാനും ലക്ഷ്യമിടുന്നെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ വില്‍ക്കുന്ന എല്ലാ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ചൈനീസ് കമ്പനി ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഈ ഉല്‍പ്പന്ന സേവനങ്ങള്‍ സാധ്യമാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. നിലവില്‍ ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍, ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര വിപണിയില്‍ ഷഓമി മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

Comments

comments

Categories: Tech
Tags: Xiaomi