കേരളത്തിന് 500 ദശലക്ഷം ഡോളര്‍ സഹായ വാഗ്ദാനവുമായി ലോക ബാങ്ക്

കേരളത്തിന് 500 ദശലക്ഷം ഡോളര്‍ സഹായ വാഗ്ദാനവുമായി ലോക ബാങ്ക്

തിരുവനന്തപുരം: പ്രളയ ദുരിത ബാധിതമായ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 500 ദശലക്ഷം ഡോളറിന്റെ സഹായ വാഗ്ദാനവുമായി ലോകബാങ്ക്. അടിയന്തരമായി 55 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ തയാറാണെന്നും ലോകബാങ്ക് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ലോക ബാങ്ക് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് വാഗ്ദാനമുണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.സാമ്പത്തിക സഹായത്തിന് പുറമേ കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വേണ്ട ഉപദേശവും ലോക ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രളയ പുനര്‍നിര്‍മാണത്തിന് സാങ്കേതിക സഹായവും ലോക ബാങ്ക് നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു. പ്രളയം മൂലം സംസ്ഥാനത്തിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ലോക ബാങ്ക് വിലയിരുത്തുന്നത്. സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് ലോകബാങ്ക് തയ്യാറാക്കുക. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കും. ഗതാഗതം, ഗ്രാമനഗര വികസനം, ജലവിഭവം, ജീവനോപാധി തുടങ്ങി വിവിധ മേഖലകളിലെ നഷ്ടവും ബാധിക്കപ്പെട്ട ജനങ്ങളുടെ എണ്ണവും ലോകബാങ്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്.

ലോക ബാങ്കിന്റെ സഹായം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയാലെ ലോക ബാങ്ക് സഹായം വാങ്ങാന്‍ കഴിയൂ. ഇക്കാര്യം നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും. ഈ പദ്ധതിയില്‍ കേരളത്തെയും പഞ്ചാബിനെയുമാണ് ആദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Current Affairs, Slider