അലഹബാദ് ഇനി പ്രയാഗ് രാജ്

അലഹബാദ് ഇനി പ്രയാഗ് രാജ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ഇനി മുതല്‍ പ്രയാഗ് രാജ് എന്നറിയപ്പെടും. പേരുമാറ്റല്‍ സംബന്ധിച്ച പ്രമേയം ഉത്തര്‍ പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും അയയ്ക്കും.അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടി.

കുംഭമേളയ്ക്കു മുന്‍പ് പെരുമാറ്റാനായിരുന്നു യോഗി സര്‍ക്കാരിന്റെ തീരുമാനം. അടുത്ത കുംഭമേള നടക്കുക 2019 ജനുവരി 15നാണ്. കുംഭമേളയുമായി ബന്ധപ്പെട്ട് നിലവില്‍ പുറത്തിറങ്ങുന്ന പോസ്റ്ററുകളില്‍ അലഹബാദിന് പകരം ‘പ്രയാഗ് രാജ്’ എന്നാണ് കാണപ്പെടുന്നത്.

അലഹബാദിന്റെ പഴയ പേര് പ്രയാഗ് എന്നായിരുന്നുവെന്നാണ് ചരിത്രം പറയുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ ബ്രഹ്മാവ് നടത്തിയ പത്ത് യാഗങ്ങളില്‍ ആദ്യത്തേത് പ്രയാഗിലായിരുന്നുവെന്നും പുരാണത്തില്‍ പറയുന്നുണ്ടെന്നും പ്രയാഗിലെ രാജാവ് എന്ന അര്‍ഥത്തിലാണ് പ്രയാഗ്‌രാജ് എന്ന പേരെന്നും ആദിത്യനാഥ് വ്യക്തമാക്കി.

ഗംഗ, യമുന നദികള്‍ സംഗമിക്കുന്ന സ്ഥലമാണ് അലഹബാദ്. പ്രയാഗ് എന്ന വാക്കിന് നദീസംഗമസ്ഥലം എന്നാണ് അര്‍ത്ഥം.

Comments

comments

Categories: Current Affairs, Slider
Tags: allahabad