ടോപ് 5 കണ്‍സെപ്റ്റ് കാറുകള്‍

ടോപ് 5 കണ്‍സെപ്റ്റ് കാറുകള്‍

ഈ മാസം 4 മുതല്‍ 14 വരെ നടന്ന 2018 പാരിസ് മോട്ടോര്‍ ഷോയിലെ അഞ്ച് മികച്ച കണ്‍സെപ്റ്റ് കാറുകള്‍ പരിചയപ്പെടാം

ഈ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോ എന്തുകൊണ്ടും സംഭവബഹുലമായിരുന്നു. പ്രൊഡക്ഷന്‍ കാറുകള്‍ തങ്ങളുടെ അരങ്ങേറ്റത്തിനുള്ള ഒന്നാന്തരം വേദിയായി പാരിസ് മോട്ടോര്‍ ഷോ തെരഞ്ഞെടുത്തപ്പോള്‍ സ്‌പെഷല്‍ എഡിഷന്‍ മോഡലുകളും ധാരാളം പ്രദര്‍ശിപ്പിക്കപ്പെട്ടു. വിസ്മയപ്പെടുത്തുന്ന മോഡലുകളാണ് പല വാഹന നിര്‍മ്മാതാക്കളും പാരിസിലെത്തിച്ചത്. ഒരുപിടി കണ്‍സെപ്റ്റ് മോഡലുകളും പാരിസ് മോട്ടോര്‍ ഷോയില്‍ ശ്രദ്ധാകേന്ദ്രങ്ങളായി. ഭാവിയില്‍ ഇത്തരം മോഡലുകള്‍ നിര്‍മ്മിച്ചേക്കാമെന്ന് വിളംബരം ചെയ്താണ് അതാത് വാഹന നിര്‍മ്മാതാക്കള്‍ മിക്ക കണ്‍സെപ്റ്റ് കാറുകളും പാരിസ് മോട്ടോര്‍ ഷോയില്‍ അണിനിരത്തിയത്. ഈ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയില്‍ മികച്ചതായി കാണപ്പെട്ട അഞ്ച് കണ്‍സെപ്റ്റ് കാറുകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പ്യൂഷോ ഇ-ലെജന്‍ഡ് കണ്‍സെപ്റ്റ്

വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചേക്കാമെങ്കിലും, 2018 പാരിസ് മോട്ടോര്‍ ഷോയിലെ മികച്ച കാര്‍ ആശയമായി പ്യൂഷോയുടെ ഇ-ലെജന്‍ഡ് കണ്‍സെപ്റ്റിനെ കണക്കാക്കാവുന്നതാണ്. റെട്രോ സ്‌റ്റൈലിംഗ്, ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവയുടെ ഉത്തമ ഉദാഹരണമാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ ഇ-ലെജന്‍ഡ് കണ്‍സെപ്റ്റ്. പ്യൂഷോ 504 എന്ന ക്ലാസിക് കൂപ്പെയുടെ 21 ാം നൂറ്റാണ്ടിലെ അവതാരപ്പിറവിയാണ് ഇ-ലെജന്‍ഡ് കണ്‍സെപ്റ്റ് എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ പ്യൂഷോ 504 എന്ന ഐതിഹാസിക കാറിനേക്കാള്‍, അതുക്കുംമേലെയാണ് ഇ-ലെജന്‍ഡ് കണ്‍സെപ്റ്റ്. നിസാന്‍ ഐഡിഎക്‌സ് കണ്‍സെപ്റ്റ് ഓര്‍മ്മയില്‍ വരുമെങ്കിലും അതുമായും പ്യൂഷോ ഇ-ലെജന്‍ഡ് കണ്‍സെപ്റ്റിനെ കൂട്ടിക്കെട്ടാന്‍ കഴിയില്ല. വിസ്തൃതമായ ഫെന്‍ഡറുകളും താഴ്ന്ന ബംപറും കണ്‍സെപ്റ്റിന് താഴ്ന്ന സ്റ്റാന്‍സ് നല്‍കുന്നു. ഇ-ലെജന്‍ഡ് കണ്‍സെപ്റ്റിന്റെ ഫഌറ്റ് റൂഫ് കണ്ടാല്‍ പ്യൂഷോ 504 കൂപ്പെ ഒരിക്കല്‍ക്കൂടി മനസ്സില്‍ ഓടിയെത്തും. ഹുഡില്‍ വിന്‍ഡ്ഷീല്‍ഡിന് സമീപത്തായി ചെറിയ ‘ഓപ്പണിംഗ്’ കാണാം. ഇലക്ട്രിക് പവര്‍ട്രെയ്‌നാണ് ഇ-ലെജന്‍ഡ് കണ്‍സെപ്റ്റില്‍ പ്യൂഷോ നല്‍കിയിരിക്കുന്നത്. 450 എച്ച്പി കരുത്തും 590 പൗണ്ട് ഫീറ്റ് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വീതിയേറിയ ഗ്രില്‍, ഇരട്ട ഹെഡ്‌ലാംപ് എന്നിവ പ്യൂഷോ 504 കൂപ്പെയില്‍നിന്ന് ഇ-ലെജന്‍ഡിനെ തീര്‍ത്തും വ്യത്യസ്തമാക്കുന്നു. പ്യൂഷോ ഇ-ലെജന്‍ഡ് കണ്‍സെപ്റ്റിന്റെ രൂപകല്‍പ്പന ആധുനികമാണ്.

ഇന്‍ഫിനിറ്റി പ്രൊജക്റ്റ് ബ്ലാക്ക് എസ് പ്രോട്ടോടൈപ്പ്

സാങ്കേതികമായി പറഞ്ഞാല്‍, റീസൈക്കിള്‍ ചെയ്ത കണ്‍സെപ്റ്റാണ് ഇന്‍ഫിനിറ്റി പ്രൊജക്റ്റ് ബ്ലാക്ക് എസ് പ്രോട്ടോടൈപ്പ്. 2017 ജനീവ മോട്ടോര്‍ ഷോയിലാണ് പ്രൊജക്റ്റ് ബ്ലാക്ക് എസ് കണ്‍സെപ്റ്റ് അനാവരണം ചെയ്യപ്പെട്ടത്. എന്നാല്‍ ഓരോ തവണ കാണുമ്പോഴും ഇന്‍ഫിനിറ്റിയുടെ ഈ സ്‌പോര്‍ട്‌സ് കൂപ്പെ കൂടുതല്‍ കൂടുതല്‍ സെക്‌സിയായി മാറുന്നതാണ് കാഴ്ച്ച. സ്റ്റെല്‍ത്ത് മാറ്റ് ബ്ലാക്ക് പെയിന്റ് ജോബില്‍ മഞ്ഞ അലങ്കാരങ്ങള്‍ നല്‍കിയാണ് വാഹനത്തിന്റെ ഹൈബ്രിഡ് വേര്‍ഷന്‍ കണ്‍സെപ്റ്റ് പാരിസ് മോട്ടോര്‍ ഷോയില്‍ എത്തിച്ചത്. ഫ്രണ്ട് ബംപര്‍, ടയറുകള്‍, സ്‌പോയ്‌ലര്‍ എന്നിവിടങ്ങളിലാണ് യെല്ലോ ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നത്. സാങ്കേതികമായി ഇന്‍ഫിനിറ്റി ക്യു60 റെഡ് സ്‌പോര്‍ട് 400 കൂപ്പെയാണ് പ്രൊജക്റ്റ് ബ്ലാക്ക് എസ് പ്രോട്ടോടൈപ്പ് എന്ന് പറയാം. റെനോ സ്‌പോര്‍ട് ഫോര്‍മുല വണ്‍ ടീം വികസിപ്പിച്ച ഹൈബ്രിഡ് ഇലക്ട്രിക് പവര്‍ട്രെയ്ന്‍ പ്രൊജക്റ്റ് ബ്ലാക്ക് എസ്സില്‍ 563 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. നിസാന്റെ ആഡംബര വാഹന ഡിവിഷനാണ് ഇന്‍ഫിനിറ്റി.

സ്മാര്‍ട്ട് ഫോര്‍ഈസ് കണ്‍സെപ്റ്റ്

ഡൈമ്‌ലറിന് കീഴിലെ ജര്‍മ്മന്‍ ബ്രാന്‍ഡായ സ്മാര്‍ട്ടിന്റെ മനോഹരമായ ചെറിയ റോഡ്‌സ്റ്ററാണ് ഫോര്‍ഈസ് കണ്‍സെപ്റ്റ്. വാഹന നിര്‍മ്മാതാക്കളുടെ ഇരുപതാം വാര്‍ഷികം പ്രമാണിച്ചാണ് കണ്‍സെപ്റ്റ് കാര്‍ രൂപകല്‍പ്പന ചെയ്തത്. ഫോര്‍ഈസ് കണ്‍സെപ്റ്റിലെ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഗ്രില്ലില്‍ നല്‍കിയ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ടെയ്ല്‍ലൈറ്റുകള്‍ എന്നിവ 3ഡി ലുക്ക് സമ്മാനിക്കുന്നു. വിന്‍ഡോ സില്ലിന് (ജനല്‍പ്പടി) സമീപത്താണ് ഡോര്‍ ഹാന്‍ഡിലുകള്‍ നല്‍കിയിരിക്കുന്നത്. മുന്‍, പിന്‍ ബംപറുകളില്‍ തിളങ്ങുന്ന ‘സ്റ്റീം ഗ്രീന്‍’ ഹൈലൈറ്റുകള്‍ കാണാം. വാഹനത്തിനകത്ത് തുന്നലുകളും ഇതേ നിറത്തിലാണ്. മാത്രമല്ല സീറ്റുകളുടെ പിറകിലും ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനിന് ചുറ്റും തിളങ്ങുന്ന ‘സ്റ്റീം ഗ്രീന്‍’ ഹൈലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. ഒരു ജോടി റോള്‍ ഹൂപ്പുകള്‍, ഡക്ക്‌ടെയ്ല്‍ സ്‌പോയ്‌ലര്‍ എന്നിവ വമ്പന്‍ സവിശേഷതകളായി കണക്കാക്കാം.

സ്‌കോഡ വിഷന്‍ ആര്‍എസ് കണ്‍സെപ്റ്റ്

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫിന്റെ അനുപാതങ്ങളിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ പുതിയ കണ്‍സെപ്റ്റ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഗ്രസീവ് ഡിസൈന്‍ നല്‍കിയിരിക്കുന്ന സ്‌കോഡ വിഷന്‍ ആര്‍എസ് കണ്‍സെപ്റ്റ് ഔഡിയുടെയും മാസെറാറ്റിയുടെയും സങ്കര സന്തതിയാണെന്ന് തോന്നിപ്പോകും. കൈലാസനാഥന്‍ തൃക്കണ്ണ് തുറന്നാലെന്നപോലെ ജ്വലിക്കുന്നതാണ് ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാംപുകള്‍. റേസ് പ്രചോദിതമായ ഫ്രണ്ട് ബംപറില്‍ കൂടുതല്‍ കോണുകള്‍ കാണാം. സ്‌പോര്‍ട്‌സ് ലൈനുകള്‍ നിറഞ്ഞ ഹുഡ് മുന്നിലേക്ക് ചെരിഞ്ഞിറങ്ങിയിരിക്കുകയാണ്. ആഴമേറിയ ബെല്‍റ്റ്‌ലൈന്‍, സൈഡ് സ്‌കര്‍ട്ടുകള്‍ എന്നിവ കാറിന്റെ സ്‌പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നു. പിന്‍ഭാഗത്തെ വലിയ സ്‌പോയ്‌ലര്‍, നന്നേ വീതി കുറഞ്ഞ ടെയ്ല്‍ലൈറ്റുകള്‍, വലിയ ഡിഫ്യൂസര്‍ എന്നിവയും കാറിന്റെ സ്‌പോര്‍ടിനെസ് വര്‍ധിപ്പിക്കുന്നു. വാഹനത്തില്‍ കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ ധാരാളം കാണാം.

പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ 2 കണ്‍സെപ്റ്റ്

ജൂണ്‍ മാസത്തില്‍ അനാവരണം ചെയ്ത പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ കണ്‍സെപ്റ്റിന്റെ പിന്‍ഗാമിയാണ് 911 സ്പീഡ്സ്റ്റര്‍ 2 കണ്‍സെപ്റ്റ്. ഡോറുകളില്‍ പോര്‍ഷെ റേസിംഗ് ഗ്രാഫിക്‌സ് സഹിതം 2 ടോണ്‍ (വെളുപ്പ്, വെള്ളി) ബോഡിയാണ് പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ കണ്‍സെപ്റ്റില്‍ കണ്ടിരുന്നത്. എന്നാല്‍ 911 സ്പീഡ്സ്റ്റര്‍ 2 കണ്‍സെപ്റ്റിലെത്തിയപ്പോള്‍ കൂടുതല്‍ സെക്‌സിയായ ചുവന്ന പെയിന്റ് നല്‍കിയിരിക്കുന്നു. 911 കരേര 4 കാബ്രിയൊലെ അടിസ്ഥാനമാക്കിയാണ് ഈ 2 സീറ്ററിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. 911 ജിടി3 യുടെ ഷാസി കടമെടുത്തു. 21 ഇഞ്ച് ക്രോസ് സ്‌പോക്ക് വീലുകള്‍ നല്‍കിയിരിക്കുന്നു. പോര്‍ഷെ 911 ജിടി3 ആര്‍, 911 ആര്‍എസ്ആര്‍ റേസ് കാറുകളിലും കാണുന്നത് സമാനമായ ചക്രങ്ങളാണ്. പുതിയ കണ്‍സെപ്റ്റ് ശരിക്കുമൊരു സ്പീഡ്സ്റ്റര്‍ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഉയരം കുറഞ്ഞ, കൂടുതല്‍ ആംഗുലറായ വിന്‍ഡ്ഷീല്‍ഡ്. സൈഡ് വിന്‍ഡോകളും ഉയരം കുറഞ്ഞതുതന്നെ. ഈ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് കാറുകളില്‍ വിപണിയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായത് പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ 2 കണ്‍സെപ്റ്റ് മാത്രമാണ്. 1,948 യൂണിറ്റ് മാത്രം നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന ലിമിറ്റഡ് എഡിഷന്‍ മോഡലായിരിക്കും പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ 2 കണ്‍സെപ്റ്റ്.

Comments

comments

Categories: Auto