ടെലികോം മേഖലയില്‍ നഷ്ടകണക്കുകള്‍ തുടുമെന്ന് സിഒഎഐ

ടെലികോം മേഖലയില്‍ നഷ്ടകണക്കുകള്‍ തുടുമെന്ന് സിഒഎഐ

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനികളുടെ മെച്ചപ്പെട്ടേക്കാമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ നഷ്ടകണക്കുകള്‍ തുടരുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). കുറഞ്ഞത് മൂന്ന് പാദങ്ങളിലെങ്കിലും ടെലികോം കമ്പനികള്‍ നഷ്ടം നേരിടുന്നത് തുടരുമെന്നാണ് സിഒഎഐയുടെ നിരീക്ഷണം. സുസ്ഥിരമല്ലാത്ത താരിഫ്് ഘടനയും ഉയര്‍ന്ന നിരക്കുകളുമാണ് ഇതിനുള്ള കാരണമായി സിഒഎഐ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ മൂന്ന് പാദത്തില്‍ കൂടുതല്‍ നഷ്ടം തുടരുമെന്നാണ് കരുതുന്നതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. നിലവിലുള്ള താരിഫ് നിരക്കുകള്‍ സുസ്ഥിരമല്ലെന്നും ടെലികോം മേഖലയുടെ ദീര്‍ഘാകാല ആരോഗ്യത്തെ ഇത് പിന്തുണയ്ക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മേഖലയുടെ സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം (2018-2019) ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന ലൈസന്‍സ് ഫീ, സ്‌പെക്ട്രം ചാര്‍ജ് എന്നിവയും റേഡിയോ തരംഗങ്ങള്‍ക്കായി നല്‍കുന്ന ഉയര്‍ന്ന നിരക്കും ടെലികോം കമ്പനികളുടെ ക്ഷീണത്തിന് ആക്കം കൂട്ടുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളും ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് പ്രതിസന്ധി നിറഞ്ഞതായിരുന്നു. ടെലികോം സേവനദാതാക്കളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന ലൈസന്‍സ് ഫീസിലും മേഖലയുടെ മൊത്ത വരുമാനത്തിലും നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 10 ശതമാനം വാര്‍ഷിക ഇടിവാണ് ഉണ്ടായത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ടെലികോം കമ്പനികളുടെ മൊത്ത വരുമാനം 58,401 കോടി രൂപയിലേക്ക് ചുരുങ്ങിയപ്പോള്‍ 2,929 കോടി രൂപയാണ് ലൈസന്‍സ് ഫീയായി കമ്പനികള്‍ ഇക്കാലയളവില്‍ സര്‍ക്കാരിലേക്ക് നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ (2019-2020) തുടക്കത്തില്‍ കമ്പനികളുടെ മെച്ചപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജന്‍ മാത്യൂസ് പറഞ്ഞു.
2016ല്‍ റിലയന്‍സ് ജിയോ സേവനമാരംഭിച്ചതോടെയാണ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ പ്രതിസന്ധി തുടങ്ങിയത്. സൗജന്യ കോള്‍, ഡാറ്റ ഓഫറുകളിലൂടെ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ജിയോ സര്‍വീസിന് കഴിഞ്ഞിട്ടുണ്ട്. ഇത് കടുത്ത നിരക്ക് യുദ്ധത്തിലേക്കാണ് ടെലികോം കമ്പനികളെ നയിച്ചത്.
വിപണിയില്‍ ജിയോയുമായി കിടപിടിക്കുന്നതിന് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ (നിലവില്‍ വോഡഫോണ്‍ ഐഡിയ) തുടങ്ങിയ കമ്പനികളും തങ്ങളുടെ താരിഫ് നിരക്കുകള്‍ കുറച്ചു. ഇതും കോള്‍ ടെര്‍മിനേഷന്‍ നിരക്ക് ട്രായ് വെട്ടിക്കുറച്ചതും മേഖലയെ സാമ്പത്തികമായി തളര്‍ത്തി.

Comments

comments

Categories: Business & Economy
Tags: COAI