ആഗോള സമ്പദ് വ്യവസ്ഥ തകിടം മറിക്കുമോ സൗദി?

ആഗോള സമ്പദ് വ്യവസ്ഥ തകിടം മറിക്കുമോ സൗദി?
  • ഖഷോഗ്ഗി വിഷയത്തില്‍ യുഎസ് നടപടിയെടുത്താല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി
  • എണ്ണ വില ബാരലിന് 200 ഡോളര്‍ വരെ എത്തിക്കുമെന്നും ഭീഷണി
  • സൗദി സ്‌റ്റോക്കുകള്‍ക്ക് ഇടിവ്; രൂപപ്പെടുന്നത് കടുത്ത പ്രതിസന്ധി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ തിരോധാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലേക്ക് ഒക്‌റ്റോബര്‍ രണ്ടിന് കയറിച്ചെന്ന ശേഷം ഖഷോഗ്ഗിയെ ആരും ഇതുവരെ കണ്ടിട്ടില്ല. വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ഖഷോഗ്ഗിയെ സൗദിയില്‍ നിന്നെത്തിയ 15 അംഗസംഘം കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയതായാണ് തുര്‍ക്കി ആരോപിക്കുന്നത്.

സംഭവം ശരിയാണെങ്കില്‍ സൗദിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രിന്‍സ് മുഹമ്മദ് മുന്‍കൈയെടുത്ത് നടത്തുന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ യുഎസില്‍ നിന്നും യുകെയില്‍ നിന്നുമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കാനും സാധ്യതയില്ല. എന്നാല്‍ അമേരിക്ക നടപടിയെടുത്താല്‍ അതിശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് സൗദിയുടെ നിലപാട്.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമെന്ന നിലയില്‍ സൗദിക്കുള്ള സ്വാധീനം ഉപയോഗിച്ച് സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന മുന്നറിയിപ്പാണ് അറേബ്യന്‍ രാജ്യം നല്‍കിയിരിക്കുന്നത്. സൗദി സമ്പദ് വ്യവസ്ഥയ്ക്ക്, ആഗോള സമ്പദ് വ്യവസ്ഥയില്‍ വളരെ സ്വാധീനം ചെലുത്തുന്നതും പ്രസക്തവുമായ പങ്കുണ്ടെന്നും സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എണ്ണയെ വെച്ചുള്ള വിലപേശല്‍ എന്ന് സൗദി നേരിട്ട് പറഞ്ഞില്ലെങ്കിലും വിപണി വിദഗ്ധര്‍ സൗദിയുടെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത് എണ്ണ വിപണിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ്. എണ്ണയെ രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് സൗദി അറേബ്യയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാസം ആദ്യമാണ് ബാരലിന് 85 ഡോളറിനു മേല്‍ എണ്ണ വില എത്തിയത്. നാല് വര്‍ഷത്തിനിടയില്‍ എണ്ണ വിലയിലുണ്ടായ ഏറ്റവും വലിയ വര്‍ധനയായിരുന്നു അത്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ എണ്ണ വില പിടിച്ചുനിര്‍ത്താന്‍ സൗദിയോട് ആവശ്യപ്പെടുകുയും ചെയ്തു.

തന്റെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയായിരുന്നു ഖഷോഗ്ഗി ഒക്‌റ്റോബര്‍ രണ്ടിന് ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റില്‍ പോയത്. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. കോണ്‍സുലേറ്റില്‍ നിന്ന് അദ്ദേഹം യാതൊരുവിധ പരിക്കുമില്ലാതെ തിരിച്ചുപോയിട്ടുണ്ടെന്ന് സൗദി അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നുമില്ല. ഖഷോഗ്ഗി കൊല്ലപ്പെട്ടതായുള്ള തുര്‍ക്കിയുടെ വാദങ്ങള്‍ക്കാണ് ഇപ്പോള്‍ ബലം കൂടുതല്‍. ഈ വാദം ശരിയാണെങ്കില്‍ സൗദിയുടെ അടുത്ത സുഹൃത്തായി മാറിയ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ തിരിയാന്‍ സാധ്യത കൂടുതലാണ്.

ഖഷോഗ്ഗി വിഷയത്തില്‍ സൗദി അറേബ്യ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് യുകെയും ഫ്രാന്‍സും ജര്‍മനിയും ഞായറാഴ്ച്ച വ്യക്തമാക്കിയിട്ടുണ്ട്. സൗദി സംഘം ഖഷോഗ്ഗിയെ അറസ്റ്റ് ചെയ്ത്, കൊലപ്പെടുത്തിയതിന് തെളിവായി ഓഡിയോ, വിഡിയോ റെക്കോഡിംഗ് ഉണ്ടെന്ന് തുര്‍ക്കി അധികൃതര്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് ലോകരാജ്യങ്ങള്‍ സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. ഖഷോഗ്ഗി കോളമിസ്റ്റായിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് ഓഡിയോ, വിഡിയോ റെക്കോഡിംഗ് ഉണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്.

അപ്രതീക്ഷിത ട്വിസ്റ്റുകള്‍

ബരാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് അത്ര നല്ല ബന്ധമായിരുന്നല്ല സൗദിയും അമേരിക്കയും തമ്മില്‍ ഉണ്ടായിരുന്നത്. ഇറാനുമായുള്ള ആണവ കരാര്‍ തന്നെയായിരുന്നു കാരണം. സൗദിയുടെ പ്രധാന ശത്രുരാജ്യമായ ഇറാനുമായി അമേരിക്ക ഉണ്ടാക്കിയ ആണവ കരാറിനെ തീര്‍ത്തും സംശയദൃഷ്ടിയോടെയാണ് സൗദി നോക്കിക്കണ്ടത്.

എന്നാല്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ ശേഷം അമേരിക്കയുടെ നിലപാടില്‍ മാറ്റം വന്നു. സൗദിയുടെ കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് പ്രത്യേക താല്‍പ്പര്യവുമുണ്ടായിരുന്നു.

ട്രംപും പ്രിന്‍സ് മുഹമ്മദും തമ്മിലുള്ള ബന്ധം നാള്‍ക്കു നാള്‍ ശക്തമായി വരികയും ചെയ്തു. 2016നു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ബില്ല്യണ്‍കണക്കിന് ഡോളറിന്റെ കരാറുകളിലാണ് ഒപ്പുവെച്ചത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യാതൊരുവിധ കാരണങ്ങളുമില്ലാതെ പിന്മാറി ട്രംപ് സൗദിയെ സന്തോഷിപ്പിക്കുകയും ചെയ്തു. പ്രിന്‍സ് മുഹമ്മദിന്റെ യുഎസ് സന്ദര്‍ശനം ലോകം മുഴുവനുള്ള മാധ്യമങ്ങള്‍ ആഘോഷമാക്കുകയുമുണ്ടായി.

എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ഖഷോഗ്ഗി തിരോധാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്ത തരത്തില്‍ വഷളാക്കുകയാണ്. ഉദാരവല്‍ക്കരണത്തെ ആശ്ലേഷിച്ച പരിഷ്‌കരണ നായകന്‍ എന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന പ്രിന്‍സ് മുഹമ്മദിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി തീര്‍ന്നു ഖഷോഗ്ഗി വിഷയം. അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന സാഹചര്യം വന്നതോടെ സൗദി ഓഹരികളും ഇടിഞ്ഞു. ഏഴ് ശതമാനത്തോളമാണ് കഴിഞ്ഞ ദിവസം ഓഹരിവില ഇടിഞ്ഞത്. 2014ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു അത്.
പരിഷ്‌കരണ നായകനെന്ന തലത്തിലേക്ക് ഉയരാന്‍ ശ്രമിച്ചെങ്കിലും തന്റെ വിമര്‍ശകരോട് അത്ര ഉദാരമല്ല സൗദി കിരീടാവകാശിയുടെ സമീപനമെന്ന വിലയിരുത്തലുകളും സജീവമായിരുന്നു. ഖത്തറുമായും കാനഡയുമായും എല്ലാമുള്ള പ്രശ്‌നങ്ങള്‍ സൗദിയുടെ നയതന്ത്രത്തിലെ പ്രശ്‌നങ്ങളാണ് പ്രതിഫലിപ്പിച്ചത്.

എണ്ണയാണ് ആയുധം

എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുകയാണ് സൗദിയുടെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030 വിഭാവനം ചെയ്യുന്നതെങ്കിലും അവരുടെ ഏറ്റവും വലിയ ആയുധം ഇപ്പോഴും എണ്ണ തന്നെയാണ്. നിലവിലെ പ്രതിസന്ധിയെ എണ്ണയെ ആയുധമാക്കി മറികടക്കാനാണ് സൗദിയുടെ ശ്രമം. സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ന്യൂസ് ചാനലിന്റെ ജനറല്‍ മാനേജറായ ടുര്‍ക്കി അല്‍ദഖില്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തില്‍ അത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത തരത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സൗദിക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അവരുടെ സമ്പദ് വ്യവസ്ഥയെ അവര്‍ തന്നെ കുത്തിക്കൊല്ലുന്നതിന് സമാനമായിരിക്കും അതെന്ന് അല്‍ദഖില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. എണ്ണ വില ബാരലിന് 200 ഡോളര്‍ വരെ എത്തുന്ന സാഹചര്യമുണ്ടാകുമെന്നും താബുക്കില്‍ റഷ്യന്‍ മിലിറ്ററി ബെയ്‌സ് സ്ഥാപിക്കാന്‍ റിയാദിന് അനുമതി നല്‍കേണ്ടി വരുമെന്നും എല്ലാം ലേഖനത്തില്‍ പറയുന്നുണ്ട്.

യുഎസ് സൗദിക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഞങ്ങള്‍ ഒരു സാമ്പത്തിക ദുരന്തത്തിനായിരിക്കും സാക്ഷ്യം വഹിക്കുക, എന്നാല്‍ അത് മുഴുവന്‍ ലോകത്തെയും പിടിച്ചുലയ്ക്കും-ലേഖനത്തില്‍ പറയുന്നു.

എണ്ണവില 80 ഡോളര്‍ എത്തിയപ്പോഴേക്കും ട്രംപിന് ദേഷ്യം പിടിച്ചു. എന്നാല്‍ അത് 100 ഡോളറിലേക്കും 200 ഡോളറിലേക്കും എത്തുന്ന സാഹചര്യം തള്ളിക്കളയാനാവില്ല. ചിലപ്പോള്‍ അതിലും ഇരട്ടിയാകും-അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് സൗദിയുടെ ഔദ്യോഗിക നിലപാടല്ല തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് അല്‍ദഖില്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

അതേസമയം ഖഷോഗ്ഗി വിഷയവുമായി ബന്ധപ്പെട്ട് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് എര്‍ദോഗാനുമായി സൗദി രാജാവ് സല്‍മാന്‍ ഞായറാഴ്ച്ച സംസാരിച്ചതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഒറ്റപ്പെടുന്ന സൗദി അറേബ്യ

  • പ്രിന്‍സ് മുഹമ്മദിന്റെ വിഷന്‍ 2030യുടെ ഭാഗമായ ആഗോള നിക്ഷേപ ഉച്ചകോടിയില്‍ യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തേക്കില്ല
  • യുഎസിന് പുറമെ ജര്‍മനി, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളും സൗദിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്
  • സൗദി ഓഹരികളില്‍ വലിയ ഇടിവ് രേഖപ്പെടുത്തി
  • ഖഷോഗ്ഗിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകളുണ്ടെന്ന് തുര്‍ക്കി അധികൃതര്‍

സോഫ്റ്റ്ബാങ്ക് ഓഹരികളിലും ഇടിവ്

‘ഖഷോഗ്ഗി തിരോധാനം ജാപ്പനീസ് ശതകോടീശ്വരനും തലവേദനയായി’

ടോക്ക്യോ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ തിരോധാനത്തില്‍ സൗദിയുടെ പങ്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ജപ്പാനിലെ ശതകോടീശ്വര സംരംഭകനായ മസയോഷി സണിന്റെ കമ്പനി സോഫ്റ്റ്ബാങ്കിനെയും ബാധിച്ചു. ടെക്‌നോളജി സ്‌റ്റോക്കുകള്‍ക്ക് തിരിച്ചടിയുണ്ടായതിനോടൊപ്പം ഖഷോഗ്ഗി വിഷയം കൂടി ചൂടുപിടിച്ചതാണ് സോഫ്റ്റ്ബാങ്കിന് വിനയായത്. തിങ്കളാഴ്ച്ച ടോക്ക്യോ ഓഹരിവിപണിയില്‍ സോഫ്റ്റ്ബാങ്ക് ഓഹരികള്‍ക്ക് 7.1 ശതമാനം ഇടിവാണ് നേരിട്ടത്.

യുബര്‍, ദിദി ചക്‌സിംഗ്, വീവര്‍ക്ക് തുടങ്ങിയ ആഗോള ടെക് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിലൂടെ മികച്ച മുന്നേറ്റമായിരുന്നു ഈ വര്‍ഷം സോഫ്റ്റ്ബാങ്ക് നടത്തിയത്. എന്നാല്‍ യുഎസ്-ചൈന വ്യാപാര യുദ്ധം നിലവില്‍ വന്നതോടെ തിരിച്ചടി നേരിട്ടു. സണ്‍ നിക്ഷേപം നടത്തിയ പല യുഎസ് കമ്പനികളെയും വ്യാപാര യുദ്ധം ബാധിക്കുമെന്നതിനാലായിരുന്നു അത്.

സൗദി വിഷന്‍ഫണ്ട് പ്രതിസന്ധി

സോഫ്റ്റ്ബാങ്കിന്റെ 100 ബില്ല്യണ്‍ ഡോളര്‍ വിഷന്‍ഫണ്ടിലെ ഏറ്റവും വലിയ ബാഹ്യനിക്ഷേപകരാണ് സൗദി അറേബ്യ. ഏകദേശം 45 ബില്ല്യണ്‍ ഡോളറാണ് സൗദി അറേബ്യ, വിഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. പ്രിന്‍സ് മുഹമ്മദിന്റെ പ്രത്യേക താല്‍പ്പര്യമായിരുന്നു അതിന് കാരണം. എന്നാല്‍ ഖഷോഗ്ഗി വിഷയത്തില്‍ സൗദി ഒറ്റപ്പെടാന്‍ തുടങ്ങിയതോടെ അവര്‍ക്ക് നിക്ഷേപമുള്ള ഫണ്ടുകളിലും ആ പ്രതിസന്ധി നിഴലിക്കാന്‍ തുടങ്ങി. ഇതാണ് സോഫ്റ്റ്ബാങ്ക് ഓഹരികളിലെ തകര്‍ച്ചയ്ക്ക് ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്. ഖഷോഗ്ഗി വിഷയത്തെ തുടര്‍ന്ന് ചില വന്‍കിട കമ്പനികള്‍ വിഷന്‍ഫണ്ടില്‍ നിന്ന് അവരുടെ നിക്ഷേപം പിന്‍വലിക്കാനുള്ള സാധ്യതയും ജാപ്പനീസ് കമ്പനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അമേരിക്ക ഇനി വല്ല ഉപരോധവും സൗദിക്ക് മേല്‍ ഏര്‍പ്പെടുത്തിയാല്‍ സോഫ്റ്റ്ബാങ്കും വലിയ പ്രതിസന്ധി നേരിടുമെന്നത് ഉറപ്പാണ്.

സോഫ്റ്റ്ബാങ്കിന്റെ രണ്ടാമത് വിഷന്‍ ഫണ്ടിലേക്കും സൗദി 45 ബില്ല്യണ്‍ ഡോളര്‍ നല്‍കുമെന്ന് വ്യകതമാക്കിയിട്ടുണ്ട്. മാത്രമല്ല സൗദിയിലെ 200 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ സോളാര്‍ പദ്ധതിയില്‍ സോഫ്റ്റ്ബാങ്കും പണം മുടക്കുമെന്നാണ് വിവരം. പ്രിന്‍സ് മുഹമ്മദുമായി വളരെ അടുപ്പമുള്ള സംരംഭകന്‍ കൂടിയാണ് മസയോഷി സണ്‍. അതുകൊണ്ടുതന്നെ സൗദിയെ ബാധിക്കുന്ന പ്രതിസന്ധി അദ്ദേഹത്തിന്റെ ബിസിനസുകളിലും പ്രതിഫലിക്കും.

Comments

comments

Categories: Arabia
Tags: Soudhi-US