സര്‍ക്കാര്‍ മേല്‍നോട്ട സമിതി രൂപീകരിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍

സര്‍ക്കാര്‍ മേല്‍നോട്ട സമിതി രൂപീകരിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍

ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയാണ്

ന്യൂഡെല്‍ഹി: മാനേജ്‌മെന്റുകള്‍ക്കുനേരെ ഉയരുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു മേല്‍നോട്ട സമിതിയെ നിയമിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനോട് വശ്യപ്പെട്ടു. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ബാങ്ക് മാനേജ്‌മെന്റ് നേരിടുന്ന സാഹചര്യത്തില്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു മുമ്പായി ഈ മേല്‍നോട്ട സമിതി കൃത്യമായ അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തണമെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ ആവശ്യം.
സ്വകാര്യ ബാങ്കുകള്‍ക്ക് സമാനമായി അത്തരമൊരു മേല്‍നോട്ട സമിതി രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുമേഖലാ ബാങ്കുകളുടെ സിഇഒമാര്‍ സര്‍ക്കാരിനോട് വിശദീകരിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് സിഇഒ ആയിരുന്ന ചന്ദാ കൊച്ചാറിനെതിരെ ഉയര്‍ന്നു വന്ന ആരോപണം ബാങ്ക് കൈകാര്യം ചെയ്തതാണ് ഇക്കാര്യത്തില്‍ പൊതുമേഖലയിലെ സിഇഒമാര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നീതിയുക്തമില്ലാതെ നിയന്ത്രണങ്ങളും നടപടികളും ഉണ്ടാകരുതെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ മാസം നടന്ന പൊതുമേഖലാ ബാങ്കുകളുടെ അവലോകന യോഗത്തിലും ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ആരോപണം നേരിടുന്ന മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ എടുക്കുന്ന പശ്ചാത്തലത്തിലാണ് പൊതുമേഖലാ ബാങ്കുകള്‍ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചതെന്ന് ഒരു പൊതുമേഖലാ ബാങ്കിന്റെ എംഡി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. സ്വകാര്യ ബാങ്കുകളില്‍ നിന്നും വ്യത്യസ്തമായി, ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. അത് വാണിജ്യപരമായി ബാങ്കിനെ ബാധിക്കുമോയെന്നോ, ശരിയായ തീരുമാനമാണോയെന്നോ സര്‍ക്കാര്‍ ഒരിക്കലും നോക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അടുത്തിടെ, റിയല്‍ എസ്‌റ്റേറ്റ് വ്യവസായിക്ക് വായ്പ വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് മഹാരാഷ്ട്രാ ബാങ്കിന്റെ സിഇഒ ആര്‍ മറാത്തെ, എക്‌സിക്യുട്ടിവ് ഡയറക്റ്റര്‍ ആര്‍ കെ ഗുപ്ത എന്നിവരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ സഹായിച്ചുവെന്ന പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥര്‍, അലഹബാദ് ബാങ്ക് സിഇഒ എന്നിവരെ തല്‍സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.
സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിനു നേരെ ഉയര്‍ന്നു വന്ന ആരോപണത്തില്‍ ആര്‍ബിഐ നേരിട്ട് നടപടികളെടുത്തില്ല. ബാങ്ക് നിയമിച്ച അന്വേഷണ കമ്മിറ്റി ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ നടപടികളെടുക്കാനായി ബാങ്ക് മാനേജ്‌മെന്റ് കാത്തിരുന്നു.
വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ചന്ദാ കൊച്ചാറിനെതിരെ ആരോപണമുയര്‍ന്നത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിനായി വിരമിച്ച ജഡ്ജി ബിഎന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലാണ് ബാങ്ക് അന്വേഷണ സമിതി രൂപീകരിച്ചത്. ആരോപണത്തെ തുടര്‍ന്ന് അവധിയില്‍പോയ ചന്ദ കൊച്ചാര്‍ പിന്നീട് രാജിവെച്ചു.

Comments

comments

Categories: Banking