പ്രകൃതി വാതക വിതരണം വ്യാപിപ്പിക്കുന്നത് പൈപ്പ് നിര്‍മാണ കമ്പനികള്‍ക്ക് ഗുണം ചെയ്യും

പ്രകൃതി വാതക വിതരണം വ്യാപിപ്പിക്കുന്നത് പൈപ്പ് നിര്‍മാണ കമ്പനികള്‍ക്ക് ഗുണം ചെയ്യും

2020ഓടെ പത്ത് മില്യണ്‍ കുടുംബങ്ങളെ ഗ്യാസ് ഗ്രിഡുകളുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ നഗരപ്രദേശങ്ങളില്‍ പ്രകൃതി വാതക വിതരണ ശൃംഖല വ്യാപിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യയുടെ പത്ത് ബില്യണ്‍ ഡോളര്‍ പദ്ധതി അവസരമാക്കി ഉപയോഗപ്പെടുത്താന്‍ സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനികള്‍ ഒരുങ്ങുന്നു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള ലേല നടപടികള്‍ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. 130 കോടി ജനസംഖ്യയില്‍ പകുതിയിലധികം പേര്‍ക്ക് പാചക വാതകം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. 2020ഓടെ പത്ത് മില്യണ്‍ കുടുംബങ്ങളെ ഗ്യാസ് ഗ്രിഡുകളുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ ധാരാളം സ്റ്റീല്‍ പൈപ്പ്‌ലൈനുകള്‍ ആവശ്യമായി വരും. ഈ അവസരം സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഇ എസ് രംഗനാഥന്‍ പറഞ്ഞു. അടുത്ത മൂന്നോ നാലോ വര്‍ഷത്തേക്ക് പദ്ധതി നടത്തിപ്പിനായി ഏകദേശം 12,500 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യ തലസ്ഥാന നഗരമായ ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളില്‍ പാചക വാതകം വിതരണം ചെയ്യുന്നത് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ആണ്.

2030ഓടെ രാജ്യത്തെ ഊര്‍ജ വിഭാഗത്തില്‍ പ്രകൃതിവാതകത്തിന്റെ വിഹിതം ഇരട്ടിയാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ മൂന്നിലൊന്നായി കുറയ്ക്കാനും നഗരങ്ങളെ പുകമഞ്ഞില്‍ നിന്ന് രക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഗ്യാസ് പൈപ്പ്‌ലൈനുകള്‍ വികസിപ്പിച്ചും പുതിയ ഇറക്കുമതി സൗകര്യങ്ങള്‍ ഒരുക്കിയും രാജ്യത്ത് പ്രകൃതി വാതക ഉപയോഗം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 2016ല്‍ ലോക ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഭൂമിയിലെ ഏറ്റവും മലിനമായ 30 നഗരങ്ങളില്‍ 14 എണ്ണം ഇന്ത്യയിലാണ്.

ദേശീയ ഗ്യാസ് ഗ്രിഡ് വികസിപ്പിക്കുന്നതിനും കുടിവെള്ള-ശുചിത്വ അടിസ്ഥാനസൗകര്യങ്ങള്‍ നവീകരിക്കാനുമുള്ള സര്‍ക്കാര്‍ നടപടികള്‍ ആഭ്യന്തര തലത്തില്‍ ഏകദേശം നാല് ബില്യണിലധികം ഡോളറിന്റെ ബിസിനസ് അവസരങ്ങള്‍ ഒരുക്കുന്നുണ്ടെന്നാണ് ജിന്‍ഡാല്‍ സോ ലിമിറ്റഡ് പറയുന്നത്.

പ്രകൃതിവാതക ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കം മഹാരാഷ്ട്ര സീംലെസ് ലിമിറ്റഡ്, രത്‌നമണി മെറ്റല്‍സ് ആന്‍ഡ് ട്യൂബ്‌സ് ലിമിറ്റഡ്, ജിന്‍ഡാല്‍ സോ, മാന്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ ചെറുകിട മില്ലുകളുടെ വരുമാനം പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യനിവേഷ് സെക്യൂരിറ്റീസ് ലിമിറ്റഡ് അറിയിച്ചു.

Comments

comments

Categories: FK News
Tags: Natural Gas

Related Articles