ക്യുഐപി വഴിയുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സമാഹരണം 77.66% ഇടിഞ്ഞു

ക്യുഐപി വഴിയുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സമാഹരണം 77.66% ഇടിഞ്ഞു

6,958 കോടി രൂപയുടെ മൂലധനമാണ് അഞ്ച് മാസത്തിനുള്ളില്‍ സമാഹരിച്ചത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ പ്ലേസ്‌മെന്റ്) വഴിയുള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സമാഹരണത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്നുള്ള കണക്കനുസരിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് ഓഹരി വിറ്റഴിച്ചതുവഴി 6,958 കോടി രൂപയുടെ മൂലധനമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ രാജ്യത്തെ കമ്പനികള്‍ കണ്ടെത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ക്യുഐപി റൂട്ടിലൂടെ 31,153 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 77.66 ശതമാനം ഇടിവാണ് കമ്പനികളുടെ ക്യുഐപി വഴിയുള്ള നിക്ഷേപ സമാഹരണത്തില്‍ ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും വായ്പാ ബാധ്യത തീര്‍ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പൊതു കോര്‍പ്പറേറ്റ് കാര്യങ്ങള്‍ക്കുമായാണ് ക്യുഐപി വഴി സമാഹരിച്ച മൂലധനത്തിന്റെ ഭൂരിഭാഗവും കമ്പനികള്‍ വിനിയോഗിക്കുന്നത്.
ആഭ്യന്തര വിപണിയില്‍ നിന്നും നിക്ഷേപം കണ്ടെത്തുന്നതിന് ലിസ്റ്റഡ് കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള ബദല്‍ മാര്‍ഗമാണ് ക്യുഐപി. ഓഗസ്റ്റില്‍ മാത്രം 2,888 കോടി രൂപയാണ് ക്യൂഐപി വഴി കമ്പനികള്‍ കണ്ടെത്തിയത്. അതേസമയം ജൂലൈയില്‍ കമ്പനികള്‍ ഈ മാര്‍ഗമുപയോഗിച്ച് ഒരു നിക്ഷേപവും സമാഹരിച്ചിട്ടില്ല. ജൂണില്‍ 1,200 കോടി രൂപയും മേയ്, ഏപ്രില്‍ എന്നീ മാസങ്ങളില്‍ യഥാക്രമം 1,008 കോടി രൂപയും 1,862 കോടി രൂപയുമാണ് കമ്പനികള്‍ സമാഹരിച്ചത്.
എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 11 ഓഹരി വില്‍പ്പനകളാണ് ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്തെ കമ്പനികള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 13 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) മൊത്തം ക്യുഐപി വഴിയുള്ള 53 ഓഹരി വില്‍പ്പനയിലൂടെ 67,257 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത്.

Comments

comments

Categories: Business & Economy