ഐഎല്‍&എഫ്എസ്: ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നെന്ന് സൂചന

ഐഎല്‍&എഫ്എസ്: ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നെന്ന് സൂചന

ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്ക് വായ്പകള്‍ 6,000 കോടി രൂപയോളം കുറഞ്ഞു; ഐഎല്‍&എഫ്എസ് പ്രതിസന്ധി പുറത്താകും മുന്‍പ് തന്നെ ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു

 

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വായ്പാ സ്ഥാപനമായ ഐഎല്‍&എഫ്എസിലെ പ്രതിസന്ധി പുറത്തു വരുന്നതിനു മുന്‍പ് തന്നെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി (എന്‍ബിഎഫ്‌സി) ബന്ധപ്പെട്ട് ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നതായി സൂചന. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്ക് വായ്പകള്‍ 6,000 കോടി രൂപയോളം കുറഞ്ഞെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേ കാലയളവില്‍ 82,000 കോടി രൂപയാണ് മറ്റുമേഖലകളിലൂടെ വായ്പയായി ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയത്. അനന്തരഫലമായി, ബാങ്ക് വായ്പാ കുടിശികയിലെ എന്‍ബിഎഫ്‌സികളുടെ പങ്ക് മാര്‍ച്ചിലെ 6.46 ശതമാനത്തില്‍ നിന്നും ഓഗസ്റ്റില്‍ 6.31 ശതമാനമായി ഇടിഞ്ഞു.

അടിസ്ഥാനസൗകര്യ വികസന മേഖലയിലെ അതികായരായിരുന്ന ഐഎല്‍&എഫ്എസിനു മേല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതക്ക് പൊതുവെ മങ്ങലേല്‍പ്പിച്ചിരുന്നു. ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയിലുണ്ടായിരുന്ന എന്‍ബിഎഫ്‌സികളുടെ പതനവും നിക്ഷേപകരെ ഭീതിയിലാഴ്ത്തി. ചില ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂപ്പ് കുത്തുന്നതിലേക്കും ഇത് നയിച്ചു. എന്നിരുന്നാലും എന്‍ബിഎഫ്‌സികള്‍ക്കുള്ള വായ്പ നല്‍കലുകള്‍ തടസപ്പെടില്ലെന്ന് ബാങ്കര്‍മാര്‍ വിപണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ എന്‍ബിഎഫ്‌സികള്‍ക്കുള്ള വായ്പ നല്‍കലുകള്‍ മന്ദഗതിയിലാകുന്ന പ്രവണതയാണ് പൊതുവേ കണ്ടു വരുന്നത്. എന്‍ബിഎഫ്‌സി ഇതര വായ്പകളുടെ കാര്യത്തിലും ഈ മന്ദത പ്രകടമാണ്. ഒക്‌റ്റോബര്‍ മുതലാണ് സാധാരണ ബാങ്ക് വായ്പകള്‍ ഉയരുന്നത്. മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ബിഎഫ്‌സികള്‍ക്കുള്ള ബാങ്ക് വായ്പകളിലുണ്ടായ 44 ശതമാനം വര്‍ധനവ്, ധനകാര്യ കമ്പനികള്‍ക്കുള്ള പുനര്‍വായ്പകള്‍ ഇല്ലാതായിട്ടില്ല എന്നാണ്. എന്‍ബിഎഫ്‌സികളുടെ പ്രധാന വായ്പാ സ്രോതസുകളാണ് ബാങ്കുകള്‍. 28 ശതമാനം വായ്പകളും ഇവ കരസ്ഥമാക്കുന്നത് ബാങ്കുകളില്‍ നിന്നാണ്.

Comments

comments

Categories: FK News
Tags: IL and FS

Related Articles