ഷോപ്പിംഗ് ടാബ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

ഷോപ്പിംഗ് ടാബ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

രജിസ്റ്റര്‍ ചെയ്ത ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും

ബെംഗളൂരു: ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തിരയാനും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഉല്‍പ്പന്നങ്ങളുടെ പട്ടിക സന്ദര്‍ശിക്കാനുമായി സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ ‘ഷോപ്പിംഗ് ടാബ്’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. കുറച്ച് മാസങ്ങളായി കമ്പനി പുതിയ ഫീച്ചറിന്റെ പണിപ്പുരയിലായിരുന്നു. വര്‍ഷാവസാനത്തില്‍ പൂര്‍ണതോതില്‍ ടാബ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഉടന്‍തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഷോപ്പിംഗ് ടാബ് അവതരിപ്പിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

പ്രാദേശിക വ്യാപാരികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അവര്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വേഗത്തിലും വളരെ കാര്യക്ഷമമായും ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാനുമുള്ള പുതിയ അവസരങ്ങള്‍ക്കായി നനിരന്തരം ശ്രമിക്കുകയാണെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഷോപ്പിംഗ് ടാബ് ആരംഭിക്കാനായി ഇ-കൊമേഴ്‌സ് കമ്പനികളായ പേടിഎം മാള്‍, ഫഌപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയുമായി ഗൂഗിള്‍ ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

വന്‍കിട ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് പുറമെ, രജിസ്റ്റര്‍ ചെയ്ത ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഇത്തരം വ്യാപാരികള്‍ ആമസോണിലോ ഫഌപ്കാര്‍ട്ടിലോ ഉള്‍പ്പെടണമെന്ന നിര്‍ബന്ധമില്ല.

ഗൂഗിള്‍ എല്ലാ തലത്തിലുമുള്ള റീട്ടെയ്‌ലര്‍മാരുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒരു ഉല്‍പ്പന്നം എവിടെ ലഭ്യമാകുമെന്നും ഓണ്‍ലൈനിലൂടെ ആ ഉല്‍പ്പന്നം ലഭ്യമാണോയെന്നും ഉപഭോക്താക്കളെ അറിയിക്കും. ഇപ്പോള്‍ ഈ സേവനം സൗജന്യമായാണ് നല്‍കുന്നത്.

ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചുവടുവെക്കുന്നതിന്റെ ആദ്യപടിയായാണ് ഗൂഗിള്‍ ഷോപ്പിംഗ് ടാബ് അവതരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആമസോണ്‍ വിലകള്‍ താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റ് Junglee.com ആരംഭിച്ചുകൊണ്ടാണ് ഇ-കൊമേഴ്‌സ് വിപണിയിലേക്ക് കടന്നുവന്നത്. ഇത്തരത്തില്‍ സ്വന്തമാക്കിയ ഉപഭോക്തൃ ഡാറ്റയുടെ പിന്‍ബലത്തിലാണ് ഓണ്‍ലൈന്‍ വിപണി കകൈയടക്കാന്‍ ആമസോണ്‍ എത്തിയത്. അതുപോലെ ഷോപ്പിംഗ് ടാബ് വഴി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയിലെ ഷോപ്പിംഗ് ട്രെന്‍ഡ് എന്താണെന്ന് ആദ്യം മനസ്സിലാക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ തിരയലില്‍ നിന്നുള്ള വിപണി വിഹിതത്തില്‍ യുഎസില്‍ ആമസോണ്‍ ഉയര്‍ത്തിയ ശക്തമായ മല്‍സരത്തില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഗൂഗിള്‍ പുതിയ നീക്കം നടത്തുന്നത്. വിപണിവിഹിതം കുറഞ്ഞതോടെ പരസ്യ വരുമാനവും കുറയാന്‍ തുടങ്ങി. യുഎസിലെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി കൈയാളുന്നത് പ്രൈം പ്രോഗ്രാം വഴി ആമസോണിന്റെ ശക്തമായ ശൃംഖലകളാണ്.

ഗൂഗിള്‍ നേരത്തെ പ്രൊഡക്റ്റ് ലിസ്റ്റിംഗ് പരസ്യങ്ങള്‍ വഴി ഉല്‍പ്പന്നങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇനി ഷോപ്പിംഗ് ടാബ് കൂടി അവതരിപ്പിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. വിലയുടെ അടിസ്ഥാനത്തിലും മറ്റ് സവിശേഷതകളുടെ അടിസ്ഥാനത്തിലും ഷോപ്പിംഗ് ടാബില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടുപിടിക്കാനും വാങ്ങിക്കാനും സാധിക്കും.

Comments

comments

Categories: Tech