ചുവപ്പുനാടക്കുരുക്ക് അഴിയുന്നില്ല; ഇന്ത്യ വിടുമെന്ന് ഫ്‌ളെക്‌സിന്റെ മുന്നറിയിപ്പ്

ചുവപ്പുനാടക്കുരുക്ക് അഴിയുന്നില്ല; ഇന്ത്യ വിടുമെന്ന് ഫ്‌ളെക്‌സിന്റെ മുന്നറിയിപ്പ്

ശ്രീപെരുംപുതൂരിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ തങ്ങളുടെ രണ്ടാമത്തെ നിര്‍മാണ യൂണിറ്റില്‍ നിന്ന് നികുതി രഹിതമായി ഉല്‍പ്പന്നങ്ങള്‍, ആദ്യ യൂണിറ്റിലേക്ക് മാറ്റാനുള്ള അനുമതി തേടി ആഗസ്റ്റിലാണ് കമ്പനി സര്‍ക്കാരിനെ സമീപിച്ചത്; സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചില്ലെന്ന് ആരോപണം

ന്യൂഡെല്‍ഹി: ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഗംഭീര മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യയിലെ ചുവപ്പുനാടക്കുരുക്കിനെ കുറിച്ച് പരാതികള്‍ അവസാനിക്കുന്നില്ല. സര്‍ക്കാരില്‍ നിന്ന് നിയമാനുമതികള്‍ വേണ്ട സമയത്ത് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ലോകത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ ഫ്‌ളെക്‌സ് ഇന്ത്യ വിടുമെന്ന് ഭീഷണി മുഴക്കി. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിലെ നിര്‍മാണ ശാല മലേഷ്യയിലേക്ക് പറിച്ചു നടുമെന്നാണ് അമേരിക്ക ആസ്ഥാനമായ ഫ്‌ളെക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ശ്രീപെരുംപുതൂരിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) തങ്ങളുടെ രണ്ടാമത്തെ നിര്‍മാണ യൂണിറ്റില്‍ നിന്ന് നികുതി രഹിതമായി ഉല്‍പ്പന്നങ്ങള്‍, ആദ്യ യൂണിറ്റിലേക്ക് മാറ്റാനുള്ള അനുമതി തേടി ആഗസ്റ്റിലാണ് കമ്പനി സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ നാളിതുവരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെന്ന് കമ്പനി ആരോപിക്കുന്നു. മേക്ക് ഇന്‍ ഇന്ത്യയടക്കമുള്ള പരിപാടികളിലൂടെ ഇന്ത്യയിലെ വ്യവസായികള്‍ക്കും ഉല്‍പ്പാദകര്‍ക്കും കൈയയച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് വ്യാപാര മേഖലയില്‍ നിന്ന് പരാതികള്‍ ഉയരുന്നത്. 26 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫ്‌ളെക്‌സ് ഇന്ത്യ വിടുന്നത് നിക്ഷേപ സൗഹൃദ രാജ്യമെന്ന പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആന്ധ്ര പ്രദേശില്‍ രണ്ടാമത്തെ ഫാക്റ്ററി സ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആറു മാസത്തെ നികുതി ഇളവിനായും തങ്ങള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നെന്ന് ഫ്‌ളെക്‌സ് വ്യക്തമാക്കുന്നു. ഐടി മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഇതിന് അനുകൂലമായി നിലപാടെടുത്തു. ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച കത്ത് ഇരു മന്ത്രാലയങ്ങളും നല്‍കിയെങ്കിലും ഇതുവരെ തീരുമാനമുണ്ടായില്ലെന്നും കമ്പനി പരാതിപ്പെടുന്നു. ‘ഈ നടപടിക്രമവുമായി ബന്ധപ്പെട്ട ചുവപ്പുനാടക്കുരുക്കുകള്‍ അവസാനിപ്പിക്കാന്‍ താങ്കളുടെ വ്യക്തിപരമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു,’ ഐടി സെക്രട്ടറി അജയ് സാഹ്നി, വാണിജ്യ മന്ത്രാലയം സെക്രട്ടറി അനൂപ് വാധ്വാന്‍, ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ എന്നിവര്‍ക്കയച്ച കത്തില്‍ കമ്പനി അഭ്യര്‍ഥിക്കുന്നു.

ഒരു ഇന്ത്യന്‍ കമ്പനിക്കായി പ്രതിവര്‍ഷം 96 ദശലക്ഷം മൊബീല്‍ ഹാന്‍ഡ്‌സെറ്റുകള്‍ കൈമാറാനുള്ള കരാറില്‍ കമ്പനി ഒപ്പിട്ടിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ നികുതി ഇളവുകളും സെസില്‍ നിന്നുള്ള നികുതി രഹിത കൈമാറ്റവും അനുവദിക്കണമെന്നാണ് ആവശ്യം. കമ്പനിയുടെ ചെന്നൈയിലെ ഉല്‍പ്പാദന ശാലക്ക് നിലവില്‍ ഈ ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനുള്ള ശേഷിയില്ല. സെസില്‍ നിന്നും നികുതി രഹിത ഇറക്കുമതിക്ക് കമ്പനി അനുമതി തേടുന്നത് ഈ പശ്ചാത്തലത്തിലാണ്. 15 ദശലക്ഷം മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളുടെ ഉപകരാര്‍ ആറ് മാസത്തേക്ക് സെസിലെ തങ്ങളുടെ ഉല്‍പ്പാദന ശാലക്ക് കൈമാറാനായിരുന്നു ഫ്‌ളെക്‌സ് പദ്ധതിയിട്ടത്. 20 ശതമാനം കസ്റ്റംസ് നികുതിയില്‍ ഇളവ് വേണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്. മുന്‍പ് തങ്ങള്‍ക്ക് സര്‍ക്കാര്‍ സമാനമായ ഇളവുകള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. സെസിലെ വൈദ്യുതി ഉല്‍പാദനം, അവിടെനിന്ന് ഗാര്‍ഹിക മേഖലയിലേക്കുള്ള പ്രസരണം, വിതരണം എന്നിവക്കാണ് നികുതി ഇളവുകള്‍ ലഭിച്ചത്.

സെസില്‍ നിന്നുമുള്ള നികുതി രഹിത ഇറക്കുമതി, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും സ്വതന്ത്ര വ്യാപാര കരാറിലൂടെയുള്ള ഇറക്കുമതികള്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ക്ക് തുല്യമാണെന്ന് ഫ്‌ളെക്‌സ് ചൂണ്ടിക്കാട്ടുന്നു. ഇളവുകള്‍ ലഭിക്കുന്ന ആറു മാസത്തെ കാലയളവുകൊണ്ട് ആന്ധ്രാപ്രദേശില്‍ രണ്ടാമത്തെ ഫാക്റ്ററി സ്ഥാപിക്കാനാവും. ഇവിടെ 5,000 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Business & Economy
Tags: Flex