തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാദേശിക ഇന്നൊവേറ്റര്‍മാരെ പ്രോല്‍സാഹിപ്പിക്കണം : കശ്മീര്‍ സര്‍വകലാശാല വിസി

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാദേശിക ഇന്നൊവേറ്റര്‍മാരെ  പ്രോല്‍സാഹിപ്പിക്കണം : കശ്മീര്‍ സര്‍വകലാശാല വിസി

ശ്രീനഗര്‍: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാദേശിക ഇന്നൊവേറ്റര്‍മാരെ പ്രോല്‍സാഹിപ്പിക്കണമെന്ന് കശ്മീര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ തലാത് അഹമ്മദ്. അടിസ്ഥാനതലത്തിലുള്ള ഇന്നൊവേറ്റര്‍മാര്‍ക്ക് അവരുടെ ഇന്നൊവേഷനുകള്‍ അവതരിപ്പിക്കുന്നതിന് വാണിജ്യ പ്ലാറ്റ്‌ഫോം ലഭ്യമാക്കേണ്ടതുണ്ട്. ഇന്നൊവേറ്റീവ് ആശയങ്ങള്‍ക്ക് വാണിജ്യ സാധ്യത ലഭിക്കുന്നത് സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അടിസ്ഥാനതല ഇന്നൊവേറ്റര്‍മാരെ സഹായിക്കാന്‍ സര്‍വകലാശാല തയാറാണെന്നും വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ജമ്മു & കശ്മീര്‍ യാത്രയോടനുബന്ധിച്ച് നടന്ന വര്‍ക്‌ഷോപ്പ് കം ബൂട്ട് ക്യാമ്പ് എക്‌സിബിഷനില്‍ സംസാരിക്കുകയായിരുന്നു വൈസ് ചാന്‍സിലര്‍.

ഇന്നൊവേറ്റീവ് കഴിവുള്ളവരും പുതിയ പദ്ധതികളെ ഉള്‍ക്കൊള്ളാന്‍ സദാ സന്നദ്ധരുമായ യുവജനങ്ങളാണ് കശ്മീരിലുള്ളത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള നൂതന പരിശ്രമങ്ങളിലൂടെ പ്രാദേശിക യുവജനങ്ങളെ ശാക്തീകരിക്കാന്‍ കഴിയും. പ്രാദേശികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നൂതനമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. ടെക്‌നോളജിയും വിവരവിജ്ഞാനവും ഒരുമിച്ചുപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അവികസിത പ്രദേശങ്ങളിലെ ഇന്നൊവേറ്റര്‍മാരെ സഹായിക്കാന്‍ നമുക്ക് വളരെ കാര്യങ്ങള്‍ ചെയ്യാനാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍, ഇന്നൊവേറ്റര്‍മാര്‍, സംരംഭകര്‍ എന്നിവര്‍ക്കായി വര്‍ക്‌ഷോപ്പ്/ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ച എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെല്‍, നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍, കശ്മീര്‍ യൂണിവേഴ്‌സിറ്റി, ജമ്മു & കശ്മീര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളെ തലാത് അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍, ഇന്നൊവേറ്റര്‍മാര്‍, സംരംഭകര്‍ നിന്ന് വരുന്ന ഇന്നൊവേറ്റീവ് ആശയങ്ങളെ ഇന്‍ക്യുബേറ്റ് ചെയ്ത് സ്റ്റാര്‍ട്ടപ്പായി വളര്‍ത്തിയെടുക്കുമെന്നും ജമ്മു & കശ്മീരിന്റെ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കു കീഴില്‍ പുരസ്‌കാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ സര്‍വകലാശാലയില്‍ നിന്നും സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, ഇന്നൊവേറ്റര്‍മാര്‍, സംരംഭകര്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രാദേശിക സംരംഭകര്‍ക്ക് അനുയോജ്യമായ വിധത്തില്‍ സ്റ്റാര്‍ട്ടപ്പ് നയം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്നൊവേഷന്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന് സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും കശ്മീര്‍ സര്‍വകലാശാല അക്കാഡമിക് അഫയേഴ്‌സ് ഡീന്‍ എം എ സഹാഫ് പറഞ്ഞു.

Comments

comments

Categories: FK News
Tags: Innovators