ഇ-കൊമേഴ്‌സ് കമ്പനികള്‍ നേടിയത് 15,000 കോടി രൂപയുടെ വില്‍പ്പന

ഇ-കൊമേഴ്‌സ് കമ്പനികള്‍ നേടിയത് 15,000 കോടി രൂപയുടെ വില്‍പ്പന

ബെംഗളൂരു: ആമസോണും  ഫ്ലിപ്കാർട്ടും  ഉള്‍പ്പടെ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ അടുത്തിടെ സംഘടിപ്പിച്ച ഉല്‍സവകാല വില്‍പ്പനയില്‍ 15,000 കോടി രൂപയുടെ വില്‍പ്പന നടന്നതായി വിപണി നിരീക്ഷകര്‍. മുന്‍ വര്‍ഷം നടന്ന വില്‍പ്പനയില്‍ നിന്ന് 64 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 10,325 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഇ-കൊമേഴ്‌സ് കമ്പനികള്‍ സംയുക്തമായി നേടിയ വില്‍പ്പന മൂല്യം.

ഈ മാസം ഒന്‍പത് മുതല്‍ 14 വരെയുള്ള കാലയളവിലാണ് ഇ-റീട്ടെയ്‌ലര്‍മാര്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടിയതെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ കണക്ക്. ഈ വര്‍ഷം രണ്ടാം നിര മൂന്നാം നിര നഗരങ്ങളില്‍ നിന്നുണ്ടായ ഉപഭോക്താക്കളുടെ വലിയ പങ്കാളിത്തം ഇതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ അവതരിപ്പിച്ച ലോയല്‍റ്റി സ്‌കീമുകളും ഉല്‍പ്പന്നങ്ങളുടെ ന്യായവിലയും പ്ലാറ്റ്‌ഫോം സന്ദര്‍ശകരെ ഉപഭോക്താക്കളാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് റെഡ്‌സീര്‍ നിരീക്ഷിക്കുന്നു.

ഈ മാസം പത്ത് മുതല്‍ 15വരെ സംഘടിപ്പിച്ച ഉല്‍സവകാല വില്‍പ്പനയില്‍ ലഭിച്ച പുതിയ ഉപഭോക്താക്കളില്‍ 80 ശതമാനവും ചെറിയ നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്നും നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനമുള്ള 99 ശതമാനം പിന്‍കോഡുകളില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചിരുന്നതായും ആമസോണ്‍ ഇന്ത്യയുടെ തലവനും സീനിയര്‍ വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍ വെളിപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കമ്പനിയുടെ ഫാഷന്‍ വിഭാഗമാണ് മുന്നിട്ടു നിന്നത്. അതേ സമയം കൂടുതല്‍ ഉല്‍പ്പന്ന യൂണിറ്റുകള്‍ വിറ്റഴിച്ചത് ഫാഷന്‍ വിഭാഗത്തിലായിരുന്നുവെങ്കിലും മൂല്യത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗമാണ് ഒന്നാം സ്ഥാനത്തുള്ളത്. പ്ലാറ്റ്‌ഫോമിലെ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും ഇക്കാലയളവില്‍ എക്‌സ്‌ചേഞ്ച്, ഇഎംഐ, ബാങ്ക് ഓഫറുകള്‍ തുടങ്ങിയ സ്‌കീമുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ആരംഭിച്ച ആമസോണിന്റെ ഹിന്ദി വെബ്‌സൈറ്റില്‍ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ കാലത്ത് 2.4 ഇരട്ടി ഉപഭോക്താക്കള്‍ സന്ദര്‍ശിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്.

ഫഌപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പന രാജ്യത്തെ റീട്ടെയ്ല്‍ വ്യവസായമേഖലയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അഞ്ചു ദിവസം നീണ്ട (ഈ മാസം 10-14)ഉല്‍സവകാല വില്‍പ്പനയില്‍ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയുടെ 70 ശതമാനമാണ് കമ്പനി സ്വന്തമാക്കിയത്. മൊത്ത വ്യാപാര മൂല്യത്തില്‍ മുന്‍ വര്‍ഷത്തില്‍ നിന്ന് 80 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ നടന്ന വില്‍പ്പന വഴി ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയില്‍ 85 ശതമാനം വിഹിതവും വലിയ ഗൃഹോപകരണ വിപണിയില്‍ 75 ശതമാനം വിഹിതവുമാണ് ഫഌപ്കാര്‍ട്ട് അവകാശപ്പെടുന്നത്. ഉല്‍സവകാല വില്‍പ്പനയില്‍ രാജ്യത്ത് വിറ്റഴിച്ച നാലു സ്മാര്‍ട്ട്‌ഫോണുകളില്‍ മൂന്നും പ്ലാറ്റ്‌ഫോം വഴിയാണ് വിപണനം ചെയ്തതെന്നും കമ്പനി അവകാശപ്പെട്ടു. ഇക്കാലയളവില്‍ 25 ദശലക്ഷം ഉപഭോക്താക്കളാണ് ഫഌപ്കാര്‍ട്ട് ആപ്പ് സന്ദര്‍ശിച്ചത്. പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 50 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. പ്ലാറ്റ്‌ഫോമില്‍ രണ്ടു ഉപഭോക്താക്കളില്‍ ഒരാള്‍ എന്ന നിരക്കില്‍ ഇഎംഐ, ബാങ്ക് പേമെന്റ് സ്‌കീമുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആലിബാബ പിന്തുണയ്ക്കുന്ന പേടിഎം മാള്‍ ഉല്‍സവകാല വില്‍പ്പനയില്‍ മൊബീല്‍ ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഗ്രോസറി തുടങ്ങിയ വിഭാഗങ്ങളിലായി 12 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ചത്. സാധാരണ ദിവസങ്ങളേക്കാള്‍ അഞ്ചു മടങ്ങ് വില്‍പ്പന നേടിയ ഇക്കാലയളവില്‍ 60 ദശലക്ഷം സന്ദര്‍ശകരാണ് പേടിഎം മാള്‍ സന്ദര്‍ശിച്ചത്. ഈ മാസം ഒന്‍പതിനാരംഭിച്ച ഒരാഴ്ച്ച നീണ്ട വില്‍പ്പനയില്‍ രണ്ടു ലക്ഷത്തോളം കച്ചവടക്കാരും പങ്കെടുത്തു. ഷോപ്പ്ക്ലൂസ് 1.5 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് ഉല്‍സവകാല വില്‍പ്പന വഴി നേടിയത്. ഇതില്‍ 75 ശതമാനത്തിലധികം ഓര്‍ഡറുകളും കര്‍ണാടക, കേരളം, തമിഴ്‌നാട്, അസം, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂന്നാം നിര നാലാം നിര നഗരങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. സ്‌നാപ്ഡീലിന് ഈ കാലയളവില്‍ ലഭിച്ച ഓര്‍ഡറുകളുടെ 38 ശതമാനവും പുതിയ ഉപഭോക്താക്കളില്‍ നിന്നുമായിരുന്നു.

Comments

comments

Categories: Business & Economy