ട്രെയ്‌നുകളില്‍ ബ്ലാക് ബോക്‌സ് ഉടനെത്തും

ട്രെയ്‌നുകളില്‍ ബ്ലാക് ബോക്‌സ് ഉടനെത്തും

അപകടത്തിന്റെ കാരണങ്ങള്‍ക്കു പുറമേ ജീവനക്കാരുടെ പ്രകടനവും വിലയിരുത്താനാകും

ന്യൂഡെല്‍ഹി: വിമാനങ്ങളുടെ മാതൃകയില്‍ ട്രെയ്‌നുകളിലും ബ്ലാക് ബോക്‌സുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് റെയ്ല്‍വേ മന്ത്രാലയം. വിമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വെക്കുന്ന സംവിധാനമാണ് ബ്ലാക്ക് ബോക്‌സ്. അപകടം ഉണ്ടായി കഴിഞ്ഞാല്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുകയാണ് പതിവ്. ഇതേ മാതൃകയില്‍ ട്രെയ്ന്‍ അപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനും ബ്ലാക് ബോക്‌സുകള്‍ സജ്ജമാക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേ ഒരുങ്ങുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ലോക്കോമോട്ടീവുകളില്‍ ലോക്കോ കാബ് വോയിസ് റെക്കോഡിംഗ് (എല്‍സിവിആര്‍) ഡിവൈസുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തീരുമാനിച്ചതായി റെയ്ല്‍വേ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിലെ ബ്ലാക് ബോക്‌സുകള്‍ പോലെ തന്നെ ശബ്ദങ്ങളും ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ ഈ ഡിവൈസുകള്‍ക്ക് സാധിക്കും. ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്താനും ട്രെയ്ന്‍ പ്രവര്‍ത്തനുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലോക്കോമോട്ടീവുകളിലെ വീഡിയോ/വോയിസ് റെക്കോഡിംഗ് സംവിധാനം നല്‍കും. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ബ്ലാക് ബോക്‌സ് നിര്‍മിച്ചിരിക്കുന്നത് രണ്ട് വ്യത്യസ്ത ഉപകരണങ്ങള്‍ (ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയിസ് റേക്കോഡറും) കൂട്ടിച്ചേര്‍ത്താണ്. എയര്‍ക്രഫ്റ്റിന്റെ പിന്‍ ഭാഗത്താണ് സാധാരണയായി ബ്ലാക് ബോക്‌സുകള്‍ സ്ഥാപിക്കാറ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബ്ലാക് ബോക്‌സുകള്‍ കേടുകൂടാതെ ലഭിക്കുന്നതിനാണ് ഇത് വിമാനത്തിന്റെ ഏറ്റവും പിന്നിലായി സൂക്ഷിക്കുന്നത്.

Comments

comments

Categories: FK News
Tags: Blackbox