റാങ്കിംഗ് നില മെച്ചപ്പെടുത്തി യുഎഇ പാസ്‌പോര്‍ട്ട്

റാങ്കിംഗ് നില മെച്ചപ്പെടുത്തി യുഎഇ പാസ്‌പോര്‍ട്ട്

ഈ വര്‍ഷമാദ്യം 33ാം സ്ഥാനത്തായിരുന്ന യുഎഇ പാസ്‌പോര്‍ട്ട് ഇപ്പോള്‍ 21ാം സഥാനത്ത്

 

അബുദാബി: ലോകത്തിലെ മറ്റു പാസ്‌പോര്‍ട്ടുകളെ അപേക്ഷിച്ച് യുഎഇ പാസ്‌പോര്‍ട്ടിന് ഡിമാന്‍ഡ് ഏറിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ആഗോള പാസ്‌പോര്‍ട്ട് റാങ്കിംഗ് സൂചികയില്‍ എട്ടാം സ്ഥാനം നേടിക്കൊണ്ട് നില മെച്ചപ്പെടുത്തിയ യുഎഇയുടെ ഈ കുതിപ്പിനു പിന്നിലെ കാരണങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഏറ്റവും പുതിയതായി ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ശക്തിയേറിയ പാസ്‌പോര്‍ട്ട് നിരയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ള യുഎഇ പാസ്‌പോര്‍ട്ടിന് കാലോചിതമായി നടപ്പാക്കിയ വിസാ പരിഷ്‌കരണ പരിപാടികളാണ് വിവിധ പാസ്‌പോര്‍ട്ട് സൂചികകളില്‍ മുന്‍നിരയിലേക്ക് എത്താന്‍ പിന്തുണ നല്‍കുന്നത്.

ഈ വര്‍ഷം ആദ്യം മുതലാണ് യുഎഇ പാസ്‌പോര്‍ട്ടിന് മുമ്പത്തേക്കാളേറെ ആവശ്യക്കാരുണ്ടായതെന്ന് ഹെന്‍ലി പാസ്‌പോര്‍ട്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജൂലൈ മാസത്തില്‍ റഷ്യയുമായി രാജ്യം നടത്തി വിസ ഒഴിവാക്കല്‍ കരാര്‍ വരും മാസങ്ങളില്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ഈ നീക്കം ഹെന്‍ലി പാസ്‌പോര്‍്ട്ട് സൂചികയില്‍ റാങ്കിംഗ് മെച്ചപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. 2006 ല്‍ 62ാം സ്ഥാനത്തായിരുന്ന യുഎഇ ഇപ്പോള്‍ 21ാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ഈ വര്‍ഷമാദ്യം 33ാം സ്ഥാനത്തായിരുന്ന യുഎഇ പാസ്‌പോര്‍ട്ട് നിലവില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പുതിയ സ്ഥാനത്തേക്ക് ഉയര്‍ന്നത്. നിലവില്‍ യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 161 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും. ലോകത്തിലെ ഏറ്റവും പ്രബല പാസ്‌പോര്‍ട്ടായി അറിയപ്പെടുന്നത് ജപ്പാന്‍ പാസ്‌പോര്‍ട്ടാണ്. 190 രാജ്യങ്ങള്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാനാകും.

വിസയുമായി ബന്ധപ്പെട്ട് യുഎഇ റഷ്യയുമായി മാസങ്ങള്‍ക്കു മുമ്പ് നടത്തിയ കരാറിലൂടെ ബിസിനസ്, വ്യാപാരം, വിനോദസഞ്ചാരം, സംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ അന്തര്‍ദേശീയതലത്തില്‍ മികച്ച ഹബ്ബുകളിലൊന്നാകാന്‍ യുഎഇയ്ക്ക് കഴിയുമെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് മാനേജിംഗ് ഡയറക്റ്ററും മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍ മേധാവിയുമായ മാര്‍കോ ഗന്തേബെന്‍ പറഞ്ഞു. ഈ വര്‍ഷമാദ്യം യുഎഇ ചൈനയുമായും വിസ സംബന്ധമായ കരാറുകളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണിപ്പോള്‍ രാജ്യം. യുഎഇയുടെ സഹിഷ്ണുതാ നയം, മറ്റു രാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്വം, സമാധാനം കാത്തുസൂക്ഷിക്കല്‍, സാമ്പത്തിക-സാമൂഹിക രംഗത്ത് നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ എന്നിവയെല്ലാം യുഎഇയെ ഈ നേട്ടത്തിലേക്ക് കൊണ്ടെത്തിക്കാന്‍ കാരണമായിട്ടുണ്ട്. യുഎഇ പാസ്‌പോര്‍ട്ടിനെ 2021 ഓടുകൂടി ലോകത്തിലെ പ്രബല പാസ്‌പോര്‍ട്ടുകളില്‍ ആദ്യ അഞ്ച് സ്ഥാലങ്ങളില്‍ എത്തിക്കാന്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടമായി ഈ നേട്ടത്തെ വിലയിരുത്താനാകും.

ഈ വര്‍ഷത്തെ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ സിംഗപ്പൂരിനെ പിന്തള്ളിയാണ് ജപ്പാന്‍ ഒന്നാം സ്ഥാനം നേടിയിരുന്നത്. മ്യാന്‍മറിലേക്കുള്ള വിസ ഒഴിവാക്കല്‍ തീരുമാനമാണ് ജപ്പാനെ റാങ്കിംഗ് നില മെച്ചപ്പെടുത്താന്‍ സഹായിച്ചത്. സൗത്ത് കൊറിയയ്ക്കും ഫ്രാന്‍സിനുമൊപ്പം ജര്‍മനിയാണ് സൂചികയില്‍ മൂന്നാം സ്ഥാനത്ത്. യുഎസും യുകെയും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. 30 രാജ്യങ്ങളിലേക്ക് മാത്രം തങ്ങളുടെ പൗരന്‍മാരെ അനുവദിക്കുന്ന ഇറാഖ്, അഫ്ഗാനിസ്ഥാന്‍ (106ാം സ്ഥാനം) എന്നീ രാജ്യങ്ങളാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഏറ്റവും പിന്നിലുള്ളത്.

Comments

comments

Categories: Arabia
Tags: Uae passport