യുറോപ്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കണ്ണുനട്ട് സൗദികള്‍

യുറോപ്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കണ്ണുനട്ട് സൗദികള്‍

ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലായി മൂന്നു പ്രോപ്പര്‍ട്ടികള്‍ സെഡ്‌കോ കാപ്പിറ്റല്‍ ഏറ്റെടുത്തു

 

റിയാദ്: ബിസിനസ് വിപുലീകരണം, വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്ത് സൗദി അറേബ്യക്കാര്‍ യൂറോപ്പില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കൂട്ടുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വര്‍ധിച്ചു വരുന്ന ഈ പ്രവണത മുന്നില്‍ കണ്ട് സൗദി അറേബ്യന്‍ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ സെഡ്‌കോ കാപ്പിറ്റല്‍ 179.9 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന മൂന്ന് പ്രോപ്പര്‍ട്ടികളാണ് ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലായി വാങ്ങിക്കൂട്ടിയിരിക്കുന്നത്.

വിദേശ നിക്ഷേപകര്‍ക്ക് എക്കാലത്തും ലണ്ടന്‍ പ്രോപ്പര്‍ട്ടിയോട് പ്രത്യേക മമതയുണ്ട്. ഇതുകൂടാതെ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016 മുതല്‍ ബ്രിട്ടീഷ് പൗണ്ട് ദുര്‍ബലമായതിനാല്‍ സൗദി അറേബ്യക്കാര്‍ ലണ്ടന്‍ പ്രോപ്പര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുവെന്ന് സെഡ്‌കോ കാപ്പിറ്റലിന്റെ ആഗോള റിയല്‍ എസ്‌റ്റേറ്റ് വിഭാഗം മേധാവി ഷെരിഫ് സലിം പറഞ്ഞു. സൗദികള്‍ യൂറോപ്പ് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാലാണ് ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലായി പ്രോപ്പര്‍ട്ടികള്‍ വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുകെയില്‍ യോര്‍ക്ക്‌ഷെയറിലായി 31.8 മില്യണ്‍ പൗണ്ട് മൂല്യമുള്ള 25 ഏക്കര്‍ സ്ഥലവും ബെര്‍ക്‌ഷെയറില്‍ ബ്രാക്‌നെല്‍ ടൗണിലായി 35.2 മില്യണ്‍ പൗണ്ട് മൂല്യമുള്ള 4.7 ഏക്കര്‍ ഓഫീസ് കോംപ്ലക്‌സുമാണ് സെഡ്‌കോ ഏറ്റെടുത്തിരിക്കുന്നത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ 9800 സ്‌ക്വയര്‍ മീറ്റര്‍ പ്രോപ്പര്‍ട്ടിയാണ് സെഡ്‌കോ നിക്ഷേപസാധ്യത മുന്നില്‍ കണ്ട് ഏറ്റെടുത്തത്. സെഡ്‌കോ കാപ്പിറ്റലിന്റെ ഫ്രാന്‍സിലെ ആദ്യ സംരംഭമാണിത്.

യുകെ സമ്പദ്‌വ്യവസ്ഥ വിലയിരുത്തുമ്പോള്‍, വാണിജ്യതലത്തില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നുണ്ട്. മിക്ക കമ്പനികളും ലണ്ടനിലേക്ക് തങ്ങളുടെ ബിസിനസ് വിപുലീകരണത്തിന് ശ്രമിക്കുന്നതും മേഖലയിലെ നിക്ഷേപസാധ്യത വര്‍ധിപ്പിക്കുന്നു. യുകെയിലേക്കുള്ള പ്രവേശനം എളുപ്പമാണെന്നതും ഭുവുടമസ്ഥ സൗഹൃദമാണെന്നതും സൗദികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

Comments

comments

Categories: Arabia