ആഡംബരത്തികവില്‍ 2018 മാസെറാറ്റി ഗ്രാന്‍ ടുറിസ്‌മോ

ആഡംബരത്തികവില്‍ 2018 മാസെറാറ്റി ഗ്രാന്‍ ടുറിസ്‌മോ

ഇന്ത്യ എക്‌സ് ഷോറൂം വില 2.25 കോടി രൂപ

ന്യൂഡെല്‍ഹി : 2018 മോഡല്‍ മാസെറാറ്റി ഗ്രാന്‍ ടുറിസ്‌മോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.25 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പിനിന്‍ഫറീന ഡിസൈന്‍ ഹൗസ് രൂപകല്‍പ്പന ചെയ്ത ഗ്രാന്‍ഡ് ടൂറര്‍ കഴിഞ്ഞ വര്‍ഷത്തെ ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ അനാവരണം ചെയ്തിരുന്നു. പോര്‍ഷെ 911 ടര്‍ബോ, ജാഗ്വാര്‍ എഫ്-ടൈപ്പ് ആര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ് എസ്, ഔഡി ആര്‍8 വി10 പ്ലസ്, നിസാന്‍ ജിടി-ആര്‍ എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ മാസെറാറ്റി ഗ്രാന്‍ ടുറിസ്‌മോയുടെ എതിരാളികള്‍.

സവിശേഷമായ പുതിയ സ്റ്റൈലിംഗിലാണ് 2018 മാസെറാറ്റി ഗ്രാന്‍ ടുറിസ്‌മോ വരുന്നത്. കാറിന്റെ എക്‌സ്റ്റീരിയര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 2020 ല്‍ വിപണിയിലെത്തുന്ന മാസെറാറ്റി ആല്‍ഫീരി കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതിയ ഷാര്‍ക്ക് നോസ് ഹെക്‌സാഗണല്‍ ഗ്രില്‍ നല്‍കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. വായു സഞ്ചാരം വര്‍ധിപ്പിക്കുന്നതിന് പുതിയ എയര്‍ ഡക്റ്റുകള്‍ ഇപ്പോള്‍ കാണാം. എയ്‌റോഡൈനാമിക് ഡ്രാഗ് 0.32 ആയി കുറഞ്ഞിരിക്കുന്നു. റിയര്‍ ബംപറിന് ഇപ്പോള്‍ പുതിയ രൂപമാണ്. കാര്‍ബണ്‍ ഫൈബര്‍ ലിപ് സ്‌പോയ്‌ലര്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ എന്നിവയും പിന്‍വശത്തെ വിശേഷങ്ങള്‍ തന്നെ.

ഇറ്റാലിയന്‍ കമ്പനിയായ പോള്‍ട്രോണ ഫ്രോയുടെ ഇന്‍ഡിവിജ്വല്‍ ലെതര്‍ സീറ്റുകള്‍, ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവ സഹിതം ഹൈ റെസലൂഷന്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയവയാണ് വിശാലമായ ഇന്റീരിയറിലെ പുതിയ കംഫര്‍ട്ട്, ലക്ഷ്വറി ഫീച്ചറുകള്‍. എര്‍ഗണോമിക്‌സ് പരിഷ്‌കരിച്ചു. പുതിയ മാസെറാറ്റി ഡബിള്‍ ഡയല്‍ ക്ലോക്ക്, ഹര്‍മാന്‍ കാര്‍ഡണ്‍ പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഡാഷ്‌ബോര്‍ഡില്‍ കാണാം. ലോവര്‍ കണ്‍സോള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഫോര്‍ജ്ഡ് അലുമിനിയം ഉപയോഗിച്ചുള്ള ഡബിള്‍ റോട്ടറി ഡയല്‍, ഡ്രൈവിംഗ് മോഡുകള്‍ തെരഞ്ഞെടുക്കുന്നതിന് പുതിയ ബട്ടണുകള്‍ എന്നിവ നല്‍കി.

സ്‌പോര്‍ട്, എംസി എന്നീ രണ്ട് വേരിയന്റുകളില്‍ 2018 മാസെറാറ്റി ഗ്രാന്‍ ടുറിസ്‌മോ ലഭിക്കും. മാസെറാറ്റി കോഴ്‌സെ എന്നതിന്റെ ചുരുക്കെഴുത്താണ് എംസി. ഫെറാറിയില്‍നിന്ന് വാങ്ങിയ 4.7 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി8 എന്‍ജിനാണ് രണ്ട് വേരിയന്റുകളിലും നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 460 എച്ച്പി പരമാവധി കരുത്തും 4,750 ആര്‍പിഎമ്മില്‍ 520 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. മാരാനെല്ലോയില്‍ ഫെറാറി കൈകൊണ്ടാണ് ഈ എന്‍ജിന്‍ നിര്‍മ്മിച്ചത്.

Comments

comments

Categories: Auto
Tags: Maserati