അലുമിനിയം ഉപഭോഗം ഇരട്ടിക്കുമെന്ന് തപന്‍ ചന്ദ്

അലുമിനിയം ഉപഭോഗം ഇരട്ടിക്കുമെന്ന് തപന്‍ ചന്ദ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അലുമിനിയം ഉപഭോഗം ഇരട്ടിച്ച് 7.2 ദശലക്ഷം ടണിലെത്തുമെന്ന് നാഷണല്‍ അലുമിനിയം കമ്പനിയുടെ ( നാല്‍കോ) ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ തപന്‍ കുമാര്‍ ചന്ദ്. നിലവില്‍ രാജ്യത്തെ അലുമിനിയത്തിന്റെ ഉപഭോഗം 3.6 ദശലക്ഷം ടണ്ണാണ്. ഇറക്കുമതി ഭീഷണിയെ നേരിടാന്‍ മൂല്യവര്‍ധിത അലുമിനിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അമാന്തം കാട്ടിയാല്‍ ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അലുമിനിയം ഉല്‍പ്പന്നങ്ങള്‍ ഭാവിയില്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യം സംജാതമാകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ന്യൂഡെല്‍ഹിയില്‍ നടന്ന നാഷണല്‍ അലുമിനിയം നെറ്റ്‌വര്‍ക്ക് മീറ്റ് 2018 ല്‍ സംസാരിക്കുകയായിരുന്നു തപന്‍ കുമാര്‍. കേന്ദ്ര ഖനന മന്ത്രാലയവും ജവഹര്‍ലാല്‍ നെഹ്‌റു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളെ വന്‍കിട അലുമിനിയം ഉല്‍പ്പാദന ശാലകള്‍ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ മൂല്യവര്‍ധിത അലുമിനിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഉറപ്പാക്കാനും ആഭ്യന്തര അലുമിനിയം വിപണിയെ വികസനത്തിലേക്ക് നയിക്കാനും സാധിക്കും. ഈ പശ്ചാത്തലത്തില്‍ താഴെക്കിടയിലുള്ള യൂണിറ്റുകള്‍ക്ക് വേണ്ടിയുള്ള അലുമിനിയം ലോഹമിശ്രിതം വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ അലുമിനിയം വ്യവസായ മേഖല നേതൃത്വം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിന് ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കവിയുമെന്നും സഹകരണത്തിലൂടെ വഴി സാങ്കേതികവിദ്യാ കൈമാറ്റം ഉറപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഖനന മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി കെ രാജേശ്വര്‍ റാവുവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Comments

comments

Categories: Business & Economy
Tags: Aluminium