തേന്‍ കട, ഇത് ഏറെ മധുരിക്കുന്ന വിജയം

തേന്‍ കട, ഇത് ഏറെ മധുരിക്കുന്ന വിജയം

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ മയത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് തേന്‍. കഴിഞ്ഞ വര്‍ഷം 80000 ടണ്‍ ശുദ്ധമായ തേന്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെട്ടപ്പോള്‍ വിറ്റഴിക്കപ്പെട്ടത് അതിന്റെ പതിന്മടങ്ങാണ്. കുറഞ്ഞ വിലക്ക് ലഭിക്കുന്ന കോണ്‍ സിറപ്പ്, മെഴുക്, ശര്‍ക്കര തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന വ്യാജ തേന്‍ കഴിക്കുന്നതിലൂടെ ആരോഗ്യ നഷ്ടവും ധനനഷ്ടവും ഒരുപോലെ ഉണ്ടാകുന്നു. ഇത്തരമൊരു അവസ്ഥയില്‍ ശുദ്ധമായ തേന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ വളരെവേഗത്തില്‍ വിപണി പിടിക്കാനാകുമെന്ന് മനസിലാക്കിയിട്ടാണ് വൈത്തിരി സ്വദേശിയായ ഉസ്മാന്‍ മദാരി തേന്‍കട എന്ന പേരില്‍ തേനിന്റെ വ്യാപാരം ആരംഭിക്കുന്നത്. തേനിനെ ബ്രാന്‍ഡ് ചെയ്യുക എന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതരീതി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക കൂടിയാണ് ഈ സംരംഭകന്‍ 

നമ്മുടെ നാട്ടില്‍ ഏറ്റവും ശുദ്ധമായ, കലര്‍പ്പില്ലാത്ത തേന്‍ ലഭിക്കുന്നത് എവിടെ നിന്നാണ് എന്ന് ചോദിച്ചാല്‍ സാധാരണക്കാര്‍ പറയും വയനാട് എന്ന്. ചെറുതേന്‍, വന്‍തേന്‍ എന്നിങ്ങനെ വിവിധയിനം തേനുകളുടെ ഈറ്റില്ലമായാണ് വയനാട് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഗുണനിലവാര പരിശോധനക്കായി അടുത്തിടെ വയനാട്ടില്‍ നിന്നും പിടിച്ചെടുത്ത 4000  കിലോ തേനില്‍ 1000  കിലോ മാത്രമായിരുന്നു ശുദ്ധമായ തേന്‍. ബാക്കി വ്യാജ തേന്‍ ആയിരുന്നു. ശുദ്ധമായ 1000  കിലോ തേന്‍ പ്രീമിയം ഉപഭോക്താക്കളെ ഉദ്ദേശിച്ചു മാത്രമുള്ളവയാണ്.  വ്യാജ തേന്‍ വിപണിയുടെ കാര്യത്തില്‍ ഇതൊരു ഉദാഹരണം മാത്രം. ശുദ്ധമായ തേനിന്റെ ലഭ്യത ഇന്നത്തെ കാലത്ത് അത്രകണ്ട് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. 2015  ല്‍ വയനാട് വൈത്തിരി ആസ്ഥാനമായി തുടക്കം കുറിച്ച തേന്‍കട എന്ന സ്ഥാപനത്തിലൂടെ ശുദ്ധമായ തേന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാപനത്തിന് എത്തിക്കുകയാണ് ഉസ്മാന്‍ മദാരി എന്ന സംരംഭകന്‍. തീര്‍ത്ത് വേറിട്ട ആശയമായി തുടക്കം കുറിച്ച തേന്‍കട ഇന്ന് വയനാട്, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.
ഇന്ന് കേരളത്തില്‍ ഏറ്റവും ശുദ്ധമായ തേന്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് തേൻകടയെന്ന് ഉസ്മാന്‍ മദാരി പറയുന്നു. തീര്‍ത്തും ലളിതമായ രീതിയില്‍ ജീവിതം ആരംഭിച്ച മദാരിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് തേന്‍കട.  തേന്‍കടയുടെ ആരംഭത്തിലും വളര്‍ച്ചയിലുമായി പലവിധ വെല്ലുവിളികളും പരീക്ഷണങ്ങളും ഈ സംരംഭകന്‍ നേരിട്ടിട്ടുണ്ട്.

പ്രശസ്ത മോട്ടിവേഷണല്‍ ട്രെയ്‌നറായ പിപി വിജയന്റെ ഒരു ട്രൈനിംഗ് ക്ലാസ് അറ്റന്‍ഡ് ചെയ്തതാണ് ഉസ്മാന്‍ മദരിയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ക്‌ളാസിനിടക്ക് ലയണ്‍ ഡേറ്റ്‌സ് എന്ന ബ്രാന്‍ഡ് വളര്‍ന്നു വന്ന കഥ പിപി വിജയന്‍ പറഞ്ഞത് മദാരിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. വിപണിയില്‍ ആവശ്യക്കാര്‍ ഇല്ലാതിരുന്ന ഈന്തപ്പഴം മനോഹരമായ പാക്കിംഗില്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ അതിന് ആവശ്യക്കാര്‍ ഉണ്ടായി.  ഇക്കാര്യം തേനിന്റെ കാര്യത്തിലും പരീക്ഷിക്കാവുന്നതാണ് എന്ന് മദാരിക്ക് തോന്നി

തയ്യലില്‍ നിന്നും തുടക്കം 
ഏറെ യാതനകള്‍ നിറഞ്ഞ ഒരു ബാല്യമായിരുന്നു തേന്‍കട മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മദാരിയുടേത്. ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ബന്ധുവിന്റെ ഉപ്പയുടെ അനിയന്റെ പലചരക്കുകടയില്‍ നിന്നാണ് ബിസിനസിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. ഫീസ് അടക്കാന്‍ പണം ഇല്ലാത്തതിനാല്‍ പ്രീഡിഗ്രി പഠനം പാതി വഴിക്ക് നിന്നു. പിന്നീട് ജീവിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ടൈലറിംഗ് പഠിക്കാന്‍ ചേര്‍ന്നു. നന്നായി ജീവിക്കണം എന്ന വാശി കൈമുതലായി ഉണ്ടായിരുന്നതിനാല്‍ ടൈലറിംഗില്‍ തിളങ്ങാന്‍ ഉസ്മാന് സാധിച്ചു. അങ്ങനെ കുറച്ചു വര്‍ഷങ്ങള്‍ അല്ലലില്ലാതെ പോയി. ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോള്‍ വിവാഹം കഴിച്ചു. അതോടെ ചുമതലകളും വര്‍ധിച്ചു. ടൈലറിംഗില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കാനാകില്ല എന്ന് മനസിലാക്കിയ ഉസ്മാന്‍ ഗള്‍ഫിലേക്ക് പോയി.
ഡ്രൈവറുടെ വിസയിലാണ് ഗള്‍ഫില്‍ എത്തുന്നത്. പിന്നീട് കഷ്ടപ്പാടിന്റെ നാളുകള്‍ ആയിരുന്നു ഡ്രൈവിംഗ് പഠിച്ചതും ലൈസന്‍സ് എടുത്തതും എല്ലാം അവിടെ എത്തിയിട്ടാണ്. പലവിധ ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തി. 2008  ഓട് കൂടി നാട്ടിലെ കടങ്ങള്‍ എല്ലാം വീട്ടിയശേഷം ഉസ്മാന്‍ നാട്ടിലെത്തി. സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്ത് വരുമാനം നേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സുഗന്ധവ്യഞ്ജനങ്ങളുടെ ബിസിനസ് ആരംഭിച്ചു.’വയനാട് സ്‌പൈസസ് ആന്‍ഡ് ക്രാഫ്റ്റ്”എന്ന പേരിലായിരുന്നു സ്ഥാപനം ആരംഭിച്ചത്. മികച്ച രീതിയില്‍ കട മുന്നോട്ട് പോകുമ്പോഴാണ് 2009  ല്‍ അതിശക്തമായ മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും ഉസ്മാന്റെ വീട് ഉൾപ്പെടെ എല്ലാം നശിക്കുന്നതും.
ഉസ്മാന്‍ മാനസികമായും ശാരീരികമായും തളര്‍ന്നുപോകും എന്ന് കരുതിയവര്‍ക്ക് തെറ്റി. തന്‍ ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം ആരംഭിച്ച വ്യക്തിയാണ്, അതിനാല്‍ നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വേദനിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.വീണ്ടും ഒന്നില്‍ നിന്നും ആരംഭിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ വില്‍പന മെച്ചപ്പെട്ടു വരുന്ന അവസരത്തിലാണ് തേനിന്റെ വിപണി സാധ്യതകളെ പറ്റി ഉസ്മാന്‍ ചിന്തിക്കുന്നത്. ശുദ്ധമായ തേന്‍ വയനാട്ടില്‍ പോലും ലഭ്യമല്ല എന്നറിഞ്ഞ ഉസ്മാന്‍, തേനിന്റെ ഉല്‍പാദനം, വിതരണം, വിപണി സാധ്യത എന്നിവയെ പറ്റി പഠിച്ചു. ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു 500  കിലോ ശുദ്ധമായ തേന്‍ വാങ്ങി വില്‍ക്കാന്‍ ആരംഭിച്ചു. തന്റെ സുഗന്ധവ്യഞ്ജന ഷോപ്പ് വഴിയായിരുന്നു വില്‍പന. അത് കുറഞ്ഞ സമയത്തിനുള്ളില്‍ വിറ്റു പോയപ്പോള്‍ ഉസ്മാന്റെ ആത്മവിശ്വാസം വര്‍ധിച്ചു.
തേന്‍കടയുടെ തുടക്കം 
2015  പ്രശസ്ത മോട്ടിവേഷണല്‍ ട്രെയ്‌നറായ പിപി വിജയന്റെ ഒരു ട്രൈനിംഗ് ക്ലാസ് അറ്റന്‍ഡ് ചെയ്തതാണ് ഉസ്മാന്‍ മദരിയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ക്‌ളാസിനിടക്ക് ലയണ്‍ ഡേറ്റ്‌സ് എന്ന ബ്രാന്‍ഡ് വളര്‍ന്നു വന്ന കഥ പിപി വിജയന്‍ പറഞ്ഞത് മദാരിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. വിപണിയില്‍ ആവശ്യക്കാര്‍ ഇല്ലാതിരുന്ന ഈന്തപ്പഴം മനോഹരമായ പാക്കിംഗില്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ അതിന് ആവശ്യക്കാര്‍ ഉണ്ടായി. അങ്ങനെയാണ് ലയണ്‍ ഡേറ്റ്‌സ് എന്ന ബ്രാന്‍ഡ് വളര്‍ന്നു വന്നത്. ഇക്കാര്യം തേനിന്റെ കാര്യത്തിലും പരീക്ഷിക്കാവുന്നതാണ് എന്ന് മദാരിക്ക് തോന്നി. എന്നാല്‍ ആദ്യത്തെ പോലെ 500 കിലോയോ 1000  കിലോയോ വില്‍ക്കുക എന്നതായിരുന്നില്ല ലക്ഷ്യം. തേന്‍വിപണി പിടിച്ചെടുക്കുക എന്നതായിരുന്നു.
ഇതിന്റെ ഭാഗമായി വിവിധതരം തേനുകളെപ്പറ്റി മദാരി പഠനം നടത്തി. ഓരോ സീസണുകള്‍ അനുസരിച്ചാണ് ഉത്തരേന്ത്യയില്‍ തേന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. മല്ലി കൊയ്ത്തിന്റെ മാസത്തില്‍ മല്ലി പൂന്തേനും തുളസിപ്പൂന്തേൻ, കടുക് പൂന്തേൻ എന്നിവ  സംഭരിക്കുന്നു. ഓരോ തേനിനും വ്യത്യസ്തങ്ങളായ ഗുണങ്ങളാണ് ഉണ്ടായിരുന്നത്.ഉത്തര്‍പ്രദേശ്, പഞ്ചാബ് , വെസ്റ്റ് ബെംഗാള്‍, ആസാം,ജാർഖണ്ഡ് , കശ്മീർ, ബീഹാർ  തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും തേന്‍ കര്‍ഷകരുമായി കരാറുണ്ടാക്കിയ ശേഷം തേന്‍ കേരളത്തില്‍ എത്തിച്ച് സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കുക എന്നതായിരുന്നു ഉസ്മാന്‍ മദാരിയുടെ പദ്ധതി.
ഇതിന്റെ ഭാഗമായി ബീ ക്രാഫ്റ്റ് എന്ന പേരില്‍ ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. തേന്‍ വിപണിയില്‍ എത്തിക്കുന്ന കടക്ക് തേന്‍കട എന്ന പേരും നല്‍കി. വയനാട്ടിലായിരുന്നു തേന്‍കടയുടെ ആദ്യത്തെ ഷോറൂം വന്നത്. പലതരത്തിലുള്ള ശുദ്ധമായ തേനുകള്‍ 250 ഗ്രാം , 500  ഗ്രാം, ഒരു കിലോ പാക്കറ്റുകളിലാക്കി വില്‍പനക്ക് എത്തിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് തേന്‍ വില്‍പനക്ക് എത്തിയിരുന്നത്. കേരളമടക്കം എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തേൻകട തേൻ സംഭരിക്കുന്നുണ്ട്.
പ്രളയത്തിനും തളര്‍ത്താനാവാത്ത ആത്മവീര്യം 
കേരളത്തിലെ എല്ലാ ജില്ലകളിലും തേന്‍കടയുടെ ഷോറൂമുകള്‍ തുറക്കണം എന്ന ആഗ്രഹത്തിലാണ് ഉസ്മാന്‍ തന്റെ ബിസിനസ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ പുതിയ കട ആരംഭിക്കുന്നതിന്റെ പണി നടന്നു വരുമ്പോഴാണ് പ്രളയം രൂക്ഷമാകുന്നത്. വയനാട്ടിലെ പുതിയ ഷോറൂമും 50  ലക്ഷം രൂപയുടെ സ്റ്റോക്കും മുഴുവന്‍ നഷ്ടമായി. തേന്‍കടയുടെ ഷോറൂം ഇരുന്ന കെട്ടിടം വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുകയായിരുന്നു. കൊച്ചിയിലെ കടയിലേക്കായി കൊണ്ടുവന്ന അഞ്ചു ലക്ഷം രൂപയുടെ തേനും നഷ്ടമായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് വെള്ളം പൊങ്ങിയപ്പോൾ താമസിച്ചിരുന്ന ഫ്ലാറ്റ് വെള്ളത്തിനടിയിലായി.അങ്ങനെയാണ് കൊച്ചിയിലേക്ക് കൊണ്ട് വന്ന തേൻ നഷ്ടമായത്.
വീണ്ടും പഴയ അവസ്ഥ. എന്നാല്‍ തളരാന്‍ ഉസ്മാന്‍ മദാരി തയ്യാറല്ലായിരുന്നു. പ്രളയം കഴിയുന്നത് വരെ കുടുംബത്തോടൊപ്പം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. അതിനുശേഷം 100  ദിവസത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കും എന്ന ഉറപ്പോടെ വീണ്ടും ബിസിനസില്‍ സജീവമായി. ഇപ്പോള്‍ കൊച്ചി കലൂര്‍  കതൃക്കടവ് റോഡില്‍ തേന്‍ കടയുടെ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സംവിധായകനായ റോബിന്‍ തിരുമലയുമായി ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പിലാണ് കൊച്ചിയിലെ തേന്‍കട ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ തേന്‍കടയാണ് കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ തേന്‍കട വയനാട് വൈത്തിരിയില്‍ പണി പൂര്‍ത്തിയായി വരുന്നു.
”ലക്ഷ്യബോധം ആണ് ഏത് ബിസിനസിന്റെയും വിജയം. പരാജയഭീതിയോടെ ബിസിനസിനെ സമീപിക്കരുത്. ശുദ്ധമായ തേന്‍ വിപണിയില്‍ ലഭ്യമാക്കുക, ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം കൊണ്ട് വരിക എന്ന ലക്ഷ്യത്തില്‍ ആണ് ഞാന്‍ തേന്‍കട സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്യത്തില്‍ കലര്‍പ്പില്ലാത്തതിനാല്‍ വിജയം എന്നോടൊപ്പം നില്‍ക്കും എന്ന ഉറപ്പ് എനിക്കുണ്ട്” ഉസ്മാന്‍ മദാരി പറയുന്നു

ഒരു തുള്ളി തേന്‍ ഗ്ലാസിലെ വെള്ളത്തില്‍ ഉറ്റിക്കുമ്പോള്‍ വെള്ളത്തില്‍ കലങ്ങാതെ ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പോയാല്‍ അത്  ശുദ്ധമായ തേന്‍ ആണ്. പേപ്പറില്‍ ഉറ്റിക്കുമ്പോള്‍ പേപ്പര്‍ നനഞ്ഞില്ല എങ്കിലും അത് ശുദ്ധമായ തേന്‍ ആണ്. എന്നാല്‍ ഇത്തരം പരമ്പരാഗത ടെസ്റ്റുകളെയെല്ലാം കടത്തി വെട്ടുന്ന രീതിയിലാണ് വ്യാജന്മാര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥ ചെറുതേനിന് കിലോക്ക് 3000  രൂപക്കടുത്ത് വില വരുമ്പോള്‍ വ്യാജ തേന്‍ 650  രൂപക്ക് വില്‍ക്കപ്പെടുന്നു 

എല്ലാ തേനും കണ്ണടച്ച് വിശ്വസിക്കല്ലേ …
ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് തേന്‍ എന്ന് ഉസ്മാന്‍ മദാരി തന്റെ അനുഭവത്തെ മുന്‍നിര്‍ത്തി പറയുന്നു. വിലകുറഞ്ഞ കോണ്‍ സിറപ്പ് , മെഴുക്, ശര്‍ക്കര തുടങ്ങിയ ഘടകങ്ങളാണ് തേനില്‍ കലര്‍പ്പായി ചേര്‍ക്കുന്നത്.സാധാരണയായി ശുദ്ധമായ തേന്‍ കണ്ടു പിടിക്കുന്നതിനായി വെള്ളത്തില്‍ ഒരു തുള്ളി ഒഴിക്കുക , പേപ്പറില്‍ ഒരു തുള്ളി ഒഴിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യാറുള്ളത്. വെള്ളത്തില്‍ കലങ്ങാതെ ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പോയാല്‍ ശുദ്ധമായ തേന്‍ ആണ് എന്നും  പേപ്പറില്‍ ഉറ്റിക്കുമ്പോള്‍ പേപ്പര്‍ നനഞ്ഞില്ല എങ്കിലും ആ തേൻ ശുദ്ധമാണ് എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരം പരമ്പരാഗത ടെസ്റ്റുകളെയെല്ലാം കടത്തി വെട്ടുന്ന രീതിയിലാണ് വ്യാജന്മാര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. 650  രൂപക്ക് ചെറുതേന്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ചെറുതേന്‍ ഈ വിലക്ക് ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. എന്നാല്‍ ഇത്തരം കള്ളത്തരങ്ങള്‍ ഒന്നും അറിയാതെ വ്യാജ തേന്‍ വാങ്ങി ജനങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്. ഇതിനെല്ലാമുള്ള പരിഹാരമാകുകയാണ് ഉസ്മാന്റെ മദാരിയുടെ തേന്‍കട .

Comments

comments

Categories: Top Stories

Related Articles